X

കാടുപൂക്കുന്ന നേരം തീയേറ്ററില്‍ പോയി കാണണം; അതുമൊരു രാഷ്ട്രീയമാണ്

സിനിമയ്ക്ക് ഭാഷ നിശ്ചയിച്ചിട്ടില്ലാത്ത ഒരു പ്രേക്ഷകസമൂഹത്തിനു മുന്നില്‍ നിബന്ധനകള്‍ വച്ചിട്ടു കാര്യമില്ല. സമരക്കാര്‍ ഓര്‍ത്താല്‍ നന്ന്.

ഡോ. ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരം ഇന്നു കേരത്തില്‍ 30 തീയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ തിയേറ്ററുകളിലും മള്‍ട്ടിപ്ലെക്‌സുകളിലും എ, ബി ക്ലാസ് തിയേറ്ററുകളിലും സിനിമ റിലീസുണ്ട്.

കാടുപൂക്കുന്ന നേരം ഒരു രാഷ്ട്രീയ സിനിമയാണ്. മാവോയിസവും ഭരണകൂടവും പൊലീസും വിഷയമാകുന്ന ഒരു രാഷ്ട്രീയ സിനിമ. സിനിമ പറയുന്ന രാഷ്ട്രീയം ശ്രദ്ധിക്കാനോ അതല്ലെങ്കില്‍ കേവലം ഒരു സിനിമയുടെ ആസ്വാദനത്തിനോ 30 തിയേറ്ററുകളില്‍ ഏതെങ്കിലും ഒന്നില്‍ പ്രേക്ഷകന് പോകാം. ഇതൊരു നിര്‍ബന്ധമല്ല. കാണാനും കാണാതിരിക്കാനുമുള്ള സ്വാതന്ത്ര്യം പ്രേക്ഷകരുടേതു മാത്രമാണ്. കച്ചവടലക്ഷ്യത്തോടെ നിര്‍മിച്ചിരിക്കുന്ന ഒരു സിനിമ അല്ലാത്തതിനാല്‍ സംവിധായകനോ നിര്‍മാതാവോ ആളുകയറാനുള്ള പരസ്യങ്ങളോ പ്രചരണങ്ങളോ നടത്തുന്നുമില്ല. പ്രേക്ഷകരുടെ യുക്തിയും ചലച്ചിത്രബോധവും മാത്രമാണ് ഈ സിനിമയ്ക്കുമേല്‍ തീരുമാനമെടുക്കാനുള്ള മാനദണ്ഡം.

എന്നാല്‍ കാടുപൂക്കുന്ന നേരം എന്തുകൊണ്ട് തിയേറ്ററില്‍ പോയി കാണണം എന്നു പറയുന്നതിന് കാരണം മറ്റൊന്നാണ്. പ്രതിഷേധമെന്നോ സ്വാതന്ത്ര്യ പ്രഖ്യാപനമെന്നോ പറയാവുന്ന തരത്തില്‍ മലയാളി പ്രേക്ഷകര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാകണം- ഞാന്‍ കാടുപൂക്കുന്ന നേരം തിയേറ്ററില്‍ പോയി കണ്ടു എന്നത്.

അതിന്റെ കാര്യങ്ങളിലേക്ക്:

2016 മലയാള സിനിമാ വ്യവസായത്തേയും പ്രേക്ഷകരെയും സംബന്ധിച്ച് ഗുണപ്രദമായിരുന്നു, അതിന്റെ അവസാന മാസത്തിലേക്ക് എത്തുന്നതുവരെ. ഒരു മലയാള ചലച്ചിത്രം നൂറുദിവസം പിന്നിടുക എന്ന ചരിത്രനേട്ടം സ്വന്തമാക്കിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഒരു സിനിമയോടു മാത്രമല്ല, ശരാശരി പ്രകടനം കാഴ്ചവച്ച സിനിമകളോടുപോലും പ്രേക്ഷകര്‍ നല്ല രീതിയില്‍ പ്രതികരിച്ചു. ചാനലുകള്‍ക്കു മുന്നില്‍ ചടഞ്ഞു കൂടി ഇരുന്നവര്‍ പോലും തിയേറ്ററുകളിലേക്കു പോയി. പുതിയ തിയേറ്റുകള്‍ ഉണ്ടായി, മുന്‍കാലങ്ങളിലേതുപോലെ തിയേറ്ററുകള്‍ കല്യാണ മണ്ഡപങ്ങളോ ഷോപ്പിംഗ് മാളുകളോ ആയില്ല. ചരുക്കി പറഞ്ഞാല്‍ 2016 ഡിസംബര്‍ പകുതി വരെ മലയാള സിനിമലോകം ഉത്സാഹത്തോടെ ഓടുകയായിരുന്നു.


പിന്നീടാണ് എല്ലാം തെറ്റിയത്. ചിലര്‍ ചേര്‍ന്നു തെറ്റിച്ചത്. ഉണ്ടായ കാലം മുതല്‍ സിനിമയ്ക്ക് യാതൊരു ഗുണവും ചെയ്യാതെ അതിന്റെ നേതാക്കന്മാരുടെ സ്വാര്‍ത്ഥതകളും താന്‍പോരിമയും മാത്രം സംരക്ഷിക്കുക മാത്രമായിരുന്നു സിനിമ സംഘടനകള്‍ ചെയ്തു പോന്നിരുന്നത്. താരങ്ങളുടേതാണെങ്കിലും സാങ്കേതിക പ്രവര്‍ത്തകരുടേതാണെങ്കിലും നിര്‍മാതാക്കളുടേയോ തിയേറ്റര്‍ ഉടമകളുടേതോ ആണെങ്കിലും അങ്ങനെ തന്നെ. ഇപ്പോഴത്തെ സമരവും വാഗ്വാദങ്ങളും എന്തിനാണെന്ന് ആലോചിക്കണം. സ്വാര്‍ത്ഥ ഒന്നുമാത്രം; അതല്ലെങ്കില്‍ പിടിവാശി. അതിന്റെ ദോഷം സിനിമയ്ക്കു മാത്രമായിരുന്നു, സമരക്കാര്‍ക്കല്ല.

തിയേറ്ററുകളില്‍ ആളുകയറുന്ന പ്രധാന ഉത്സവസീസണുകളില്‍ ഒന്നായ ക്രിസ്തുമസിന് ഒരു മലയാള ചിത്രം പോലും റിലീസ് ചെയ്തില്ല. അങ്ങനെയൊരു ചരിത്ര നേട്ടം സൃഷ്ടിക്കാന്‍ സംഘടന നേതാക്കന്മാര്‍ക്കു കഴിഞ്ഞു. മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ (നിലവില്‍ മാര്‍ക്കറ്റ് വാല്യു ഏറെയുള്ള നടന്മാര്‍) സിനിമകളാണ് പെട്ടിയില്‍ ആയിപ്പോയത്. നടന്മാരുടെ കാര്യം വിടൂ. അവര്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു പോയി കഴിഞ്ഞു. പക്ഷേ ഈ ചിത്രങ്ങള്‍ക്കു പണം മുടക്കിയവരോ? ജിബു ജേക്കബിനെ പോലുള്ള സംവിധായകരുടെ കാര്യമോ? അവരുടെ നെഞ്ചിലെ ആളല്‍ എന്തായിരിക്കും? സമരക്കാര്‍ നാളെ ജയിക്കുമായിരിക്കാം, പക്ഷേ ഈ നിര്‍മാതാക്കളും സംവിധായകരുമൊക്കെ അതേപോലെ തന്നെ ജയം നേടുമെന്ന് ഉറപ്പുണ്ടോ?

ഇനി പ്രേക്ഷകരുടെ ഭാഗത്തേക്കു വരൂ. സിനിമകള്‍ കാണാനുള്ള അവരുടെ സ്വാതന്ത്ര്യമാണ് ചിലരുടെ ഭീഷണിയുടെ പുറത്ത് തടയപ്പെട്ടത്. തിയേറ്റുകാര്‍ ആണെങ്കിലും സിനിമപ്രവര്‍ത്തകര്‍ ആണെങ്കിലും ആത്യന്തികമായി കടപ്പെട്ടിരിക്കുന്നത് പ്രേക്ഷകരോടാണ്. അവരുടെ അഭിപ്രായവും അവര്‍ ചെലവഴിക്കുന്ന പണവുമാണ് നിങ്ങളെ സെലിബ്രിറ്റികളും കോടീശ്വരന്മാരുമാക്കി നിലനിര്‍ത്തുന്നത്.

ലോകം ഒരു മൊബൈല്‍ ഫോണിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. മറ്റെന്തെല്ലാം ലഭ്യമാകുന്നതുപോലെ തന്നെ ഏതുകോണിലും നിര്‍മിക്കപ്പെടുന്ന സിനിമകളും മലയാളിക്ക് വളരെ വേഗം പ്രാപ്യമാവുന്ന കാലം. ഗൗരവപൂര്‍വം സിനിമയെ കാണുന്നൊരു പ്രേക്ഷക സമൂഹം ആയതുകൊണ്ടു കൂടി മോഹന്‍ലാലും പൃഥ്വിരാജും അഭിനയിക്കുന്ന സിനിമകള്‍ മാത്രമെ കാണൂ എന്ന വാശിയൊന്നും മലയാളി പ്രേക്ഷകര്‍ക്കില്ല. ദംഗല്‍ എന്ന സിനിമ (അതു വളരെ മികച്ച സിനിമ തന്നെ) ഇവിടെ നിന്നും എത്ര കോടികളാണ് ഉണ്ടാക്കിയതെന്ന് ആലോചിക്കണം. താമസിയാതെ ഏതാനും ഹിന്ദി-തമിഴ് സിനിമകള്‍ കൂടി കേരളത്തില്‍ റിലീസ് ചെയ്യും. ഒരു ഡീന്‍ കുര്യാക്കോസോ അദ്ദേഹത്തിന്റെ അനുയായികളോ വിചാരിച്ചാലൊന്നും അന്യഭാഷ ചിത്രങ്ങള്‍ക്ക് ആളുകയറുന്നത് തടയാനൊന്നും കഴിയില്ല. സിനിമയ്ക്ക് ഭാഷ നിശ്ചയിച്ചിട്ടില്ലാത്ത ഒരു പ്രേക്ഷകസമൂഹത്തിനു മുന്നില്‍ നിബന്ധനകള്‍ വച്ചിട്ടു കാര്യമില്ല. സമരക്കാര്‍ ഓര്‍ത്താല്‍ നന്ന്.

ഈ ‘പ്രതിസന്ധികള്‍’ അവസാനിക്കാതെ നില്‍ക്കുമ്പോള്‍ തന്നെയാണ് കാടുപൂക്കുന്ന നേരം തിയേറ്ററുകളില്‍ എത്തുന്നത്. വിനീത് അനില്‍ സംവിധാനം ചെയ്ത കവിയുടെ ഒസ്യത്ത്, ഷെറി- ഷൈജു ഗോവിന്ദ് സംവിധാനം ചെയ്ത ഗോഡ്‌സെ എന്നീ സിനിമകള്‍ കൂടി ഇന്നു റിലീസ് ചെയ്യുന്നുണ്ട്. പണം മുടക്കലിന്റെയും താരസാന്നിധ്യങ്ങളുമെല്ലാം നോക്കിയാല്‍ ഇവ മൂന്നും ചെറുസിനിമകളെന്നോ അതെല്ലെങ്കില്‍ ഓഫ്ബീറ്റ് ഗണത്തില്‍ പെടുന്നവയോ ആകാം. പക്ഷേ നിലവിലെ സമരം വെറും പൊള്ളയാണെന്നും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നും കാണിച്ചു തരികയാണ് ഈ സിനിമകള്‍. അതുകൊണ്ടു തന്നെയാണു പറയുന്നത്- ഈ ചിത്രങ്ങള്‍ കാണുകയോ കാണാതിരിക്കുകയോ ചെയ്യുന്ന പ്രേക്ഷകരുടെ സ്വാതന്ത്ര്യത്തില്‍ കയറിനിന്നല്ല-ഈ ചിത്രങ്ങള്‍ നമ്മള്‍ കാണുകയാണെങ്കില്‍ അതിവിടുത്തെ സംഘടനാ തമ്പുരാക്കന്മാരുടെ തലക്കനത്തിനു കൊടുക്കുന്ന കൊട്ടായിരിക്കും.

“ഒരു സിനിമ കാണാനുള്ള പ്രേക്ഷകരുടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യാവകാശത്തെയും ഹനിക്കുന്ന സമരമാണ് ഇവിടെ നടക്കുന്നത്. അതു വകവച്ചുകൊടുക്കരുത്. ഏകപക്ഷീയമായ സമരമാണ് നടക്കുന്നത്. അവര്‍ മലയാള സിനിമയെ മൊത്തം സ്തംഭിപ്പിച്ചിരിക്കുകയാണ്. അതിനിടയില്‍ ഈ സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ ധൈര്യം കാണിച്ച നിര്‍മാതാവ് സോഫിയ പോളിനാണ് എല്ലാ അഭിനന്ദനങ്ങളും കൊടുക്കേണ്ടത്. ഒരു തിയേറ്ററുകളിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ഇവിടെ ആരും എടുത്തിട്ടില്ല. ചിലര്‍ മാത്രമാണ് പിടിവാശി കാണിക്കുന്നത്. സര്‍ക്കാര്‍ തിയേറ്റുകള്‍ തുറന്നു കിടക്കുകയാണ്. മള്‍ട്ടിപ്ലക്‌സുകള്‍ ഉണ്ട്. തിയേറ്റര്‍ സംഘടനയിലെ തന്നെ എത്രയോ തിയേറ്റുകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. അടുത്താഴ്ചയോടുകൂടി കൂടുതല്‍ പേര്‍ അനുകൂലമായി എത്തും. ആര് ആരെയാണ് ഭയക്കുന്നത്? ധൈര്യം കാണിക്കണം. എങ്കില്‍ ക്രിസ്തുമസ് കാലത്ത് മലയാള സിനിമകള്‍ തിയേറ്ററുകള്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ലായിരുന്നു. കാടുപൂക്കുന്ന നേരം എല്ലാവരും തിയേറ്ററില്‍ വന്നു കാണണം എന്നു പറയാന്‍ കഴിയില്ല. അതു പ്രേക്ഷകരുടെ തീരുമാനം മാത്രമാണ്. ഈ സിനിമ നല്ലതോ മോശമോ എന്നു തീരുമാനിക്കുന്നതും പ്രേക്ഷകരാണ്. പക്ഷേ ഈ ചിത്രം ഈയൊരു സമയത്ത് കാണാന്‍ നിങ്ങള്‍ തിയേറ്ററില്‍ എത്തിയാല്‍ അതിലൊരു രാഷ്ട്രീയമുണ്ട്. ഒരു വ്യവസായത്തെ, ഒരു കലയെ തകര്‍ക്കുന്ന ചിലരുടെ ധാര്‍ഷ്ട്യത്തെ എതിര്‍ക്കാന്‍ ശക്തരാണ് പ്രേക്ഷകരെന്നു വിളിച്ചു പറയുന്ന രാഷ്ട്രീയം”.  

ഡോ. ബിജുവിന്റെ ഈ വാക്കുകളോട് പ്രേക്ഷകര്‍ക്ക് പ്രതികരിക്കാം…

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on January 6, 2017 6:34 pm