X

ദ പോസ്റ്റ് ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത് ഡൊണാള്‍ഡ് ട്രംപ്: സ്പില്‍ബര്‍ഗ്

താന്‍ ഈ ചിത്രം വേഗത്തില്‍ പുറത്തിറക്കാന്‍ കാരണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണെന്നാണ് സ്പില്‍ബര്‍ഗ് പറയുന്നത്.

സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ പുതിയ ചിത്രം ദ പോസ്റ്റ് വിയറ്റ്‌നാം യുദ്ധകാലത്തെ കഥയാണ്. 1971 പശ്ചാത്തലമായ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍. ടോം ഹാങ്ക്‌സും മെറില്‍ സ്ട്രീപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വാഷിഗ്ടണ്‍ പോസ്റ്റ് പെന്റഗണ്‍ പേപ്പേഴ്‌സ് പുറത്തുവിട്ട കാലത്തെ കഥ പറയുന്ന ചിത്രം മാധ്യമപ്രവര്‍ത്തകരുടെ കഥയാണ്. താന്‍ ഈ ചിത്രം വേഗത്തില്‍ പുറത്തിറക്കാന്‍ കാരണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണെന്നാണ് സ്പില്‍ബര്‍ഗ് പറയുന്നത്.

1945നും 67നുമിടയ്ക്ക് വിയറ്റ്‌നാമില്‍ അമേരിക്ക നടത്തിയ രാഷ്ട്രീയ, സൈനിക ഇടപെടലുകളെക്കുറിച്ചാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ രേഖകള്‍ പറയുന്നത്. ട്രംപ് ഗവണ്‍മെന്റ് അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്ന ഈ സമയം ചിത്രം പുറത്തിറങ്ങുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് സ്പില്‍ബര്‍ഗ് അഭിപ്രായപ്പെട്ടു. സത്യത്തെ വ്യാജമെന്ന് ചിത്രീകരിക്കാനും മാധ്യമങ്ങളെ തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്ന ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഈ ചിത്രം അനിവാര്യമാക്കുന്നു – സ്പില്‍ബര്‍ഗ് ഗാര്‍ഡിയനോട് പറഞ്ഞു. ബദല്‍ വസ്തുതകള്‍ എന്ന ഹാഷ് ടാഗിനോട് എനിക്ക് യോജിപ്പില്ല. കാരണം ഞാന്‍ ഒരു സത്യത്തില്‍ മാത്രം വിശ്വസിക്കുന്നു. അത് വസ്തുനിഷ്ഠമായിരിക്കും.

11 മാസം മുമ്പാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ദ പോസ്റ്റിന്റെ സ്‌ക്രിപ്റ്റ് വായിച്ചത്. അപ്പോള്‍ റിപ്പബ്ലിക്കന്‍ നേതാവായിരുന്ന പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ കാലത്തെക്കുറിച്ച് – മാധ്യമങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന യുഎസ് പ്രസിഡന്റിനെക്കുറിച്ച് ഒരു സിനിമ ചെയ്യണമെന്ന് സ്പില്‍ബര്‍ഗിന് തോന്നി. ഏതായാലും ദ പോസ്റ്റ് ഇപ്പോള്‍ തീയറ്ററില്‍ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സ്പില്‍ബര്‍ഗിന്റെ അടുത്ത ചിത്രം റെഡി പ്ലേയര്‍ വണ്‍ ആണ്. ഇതേപേരില്‍ നേരത്തെ പുറത്തിറങ്ങിയിട്ടുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം. മാര്‍ച്ച് 31ന് ചിത്രം പുറത്തിറങ്ങും.

വായനയ്ക്ക്: https://goo.gl/vh5jeg

This post was last modified on January 21, 2018 11:40 am