X

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി

ജസ്റ്റീസ് ഹേമ, കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവര്‍ അംഗങ്ങളായ മൂന്നംഗ സമിതിയെയാണ് നിയമിച്ചത്

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജസ്റ്റീസ് ഹേമ, കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവര്‍ അംഗങ്ങളായ മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. സിനിമാ മേഖലയില്‍ പുതുതായി രൂപീകരിച്ച വിമന്‍സ് ഇന്‍ സിനിമ കളക്റ്റീവ് എന്ന സംഘടനയുടെ പ്രതിനിധികള്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് തങ്ങളുടെ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

സിനിമ മേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. സിനിമ ഷൂട്ടിങ്ങ് നടക്കുന്ന ഇടങ്ങള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം, സെറ്റുകളിലെ ലൈംഗീക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം. തുടങ്ങിയ കാര്യങ്ങളായിരുന്നു സംഘടന മുഖ്യമന്ത്രിയെ അറിയിച്ചത്.

സംഘടനയെ പ്രതിനിധീകരിച്ച് ബീനാപോള്‍, മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍, തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

This post was last modified on July 12, 2017 5:28 pm