X

നടി സബര്‍ണയുടെ മരണത്തിനു പിന്നില്‍ സിനിമയിലെ അവഗണനയും പ്രണയബന്ധത്തിലെ തകര്‍ച്ചയുമെന്ന് റിപ്പോര്‍ട്ടുകള്‍

അഴിമുഖം പ്രതിനിധി

സിനിമ-സീരിയല്‍ നടി സബര്‍ണയുടെ മരണം ആത്മഹത്യയാണെന്ന പ്രഥാമിക നിഗമനത്തിലാണ് പൊലീസ്. സബര്‍ണയുടെ മുറിയില്‍ നിന്നും ലഭിച്ച മൂന്നുപേജുള്ള ആത്മഹത്യ കുറിപ്പാണ് ഇതിനു തെളിവെന്നാണു പൊലീസിനെ ഉദ്ധരിച്ച് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രൊഫഷണല്‍ രംഗത്തെ തിരിച്ചടികളും വ്യക്തിബന്ധങ്ങളിലുണ്ടായ വീഴ്ചകളുമാണ് ജീവനൊടുക്കാന്‍ നടിയെ പ്രേരിപ്പിച്ചതെന്നാണു ആത്മഹത്യ കുറിപ്പിലുള്ളതെന്നു സൂചനകളുണ്ട്. അതേസമയം ഇത്തരമൊരു ആത്മഹത്യ കുറിപ്പ് കിട്ടിയതായി പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ചലച്ചിത്രലോകത്ത് സത്രീകള്‍ നേരിടുന്ന വിവേചനങ്ങളെയും ചൂഷണങ്ങളെയും കുറിച്ച് സുബര്‍ണ തന്റെ അഭിപ്രായങ്ങള്‍ മുമ്പ് പറഞ്ഞിരുന്നു. വികടന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സിനിമലോകത്തു നടക്കുന്ന ചില വിവേചനങ്ങളെ കുറിച്ച് തുറന്നു പറയുകയും ചെയിതിട്ടുണ്ട്. 60 കഴിഞ്ഞ ആണുങ്ങള്‍ക്കുപോലും നായകന്മാരായി തുടര്‍ന്നുപോകാന്‍ തടസമില്ലെന്നിരിക്കെ സ്ത്രികള്‍ക്കു സിനിമയില്‍ പിടിച്ചു നില്‍ക്കുക ഓരോ നിമിഷവും ബുദ്ധിമുട്ടാണെന്നായിരുന്നു സബര്‍ണ പറഞ്ഞത്. ടെലിവിഷനില്‍ നിന്നു വരുന്നവര്‍ക്കാണെങ്കില്‍ സിനിമയില്‍ നല്ല സംരഭങ്ങളുടെ ഭാഗമാകുക ഒട്ടും എളുപ്പമല്ലെന്നും സബര്‍ണ വ്യക്തമാക്കി. പല വിട്ടുവീഴ്ചകള്‍ക്കും സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെടുകയാമെന്നും സബര്‍ണ തുറന്നടിച്ചിരുന്നു.

29 കാരിയായ സബര്‍ണ വളരെ ബോള്‍ഡായ വ്യക്തി ആയിരുന്നൂവെന്നാാണ് സുഹൃത്തുക്കള്‍ പറയുന്നത്. അതേസമയം സെന്‍സിറ്റീവും ആയിരുന്ന സബര്‍ണയ്ക്ക് ഒരളുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ആ ബന്ധത്തില്‍ ഈയടുത്തായി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നതിന്റെ സൂചനകള്‍ സബര്‍ണയുടെ പെരുമാറ്റത്തില്‍ നിന്നും മനസിലാകുമായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ ആരുമായിട്ടായിരുന്നു സബര്‍ണയ്ക്ക് അടുപ്പം ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല.

സിനിമയില്‍ അവസരങ്ങള്‍ കിട്ടാതെ വന്നതും പ്രണയബന്ധത്തില്‍ തകര്‍ച്ച നേരിട്ടതുമാകാം സബര്‍ണയുടെ മരണത്തിനു കാരണമായതെന്നു ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈയിലെ ഫഌറ്റില്‍ സബര്‍ണയുടെ മൃതദേഹം കണ്ടെത്തുന്നത്. രൂക്ഷമായ ഗന്ധം വമിച്ചതിനെ തുടര്‍ന്നു സമീപവാസികള്‍ നല്‍കിയ പരിശോധനയിലാണ് പൊലീസ് സബര്‍ണയുടെ മൃതദേഹം കണ്ടെത്തുന്നത്. പ്രധാനവാതില്‍ അകത്തു നിന്നും കുറ്റിയിടാതിരുന്ന ഫഌറ്റില്‍ നിന്നും സബര്‍ണയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ മരണം നടന്നു മൂന്നുദിവസം പിന്നിട്ടിരുന്നതായി പൊലീസ് പറയുന്നു.

This post was last modified on November 12, 2016 4:16 pm