X

നാല് പടം അടുപ്പിച്ച് പൊട്ടിയാല്‍ നിങ്ങളുടെ സ്ഥാനം പുറത്താണ്; ക്ഷോഭിച്ച് വിജയ് സേതുപതി

പരസ്പരം ബഹുമാനത്തോടെ നമുക്ക് സംസാരിക്കാം

ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിര്‍മ്മാതാക്കളോട് ക്ഷുഭിതനായി നടന്‍ വിജയ് സേതുപതി. ജീവ നായകനായ ചിത്രം ‘കീ’യുടെ ഓഡിയോ ലോഞ്ച് നടക്കുന്നതിനിടയില്‍ സംഘടനാ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരസ്പരം വഴക്കിട്ട നിര്‍മ്മാതാക്കളോടാണ് സേതുപതി ദേഷ്യപ്പെട്ടത്. പ്രശ്‌നം വഷളാകും എന്നു പറഞ്ഞിട്ടും നിര്‍മ്മാതാക്കള്‍ ബഹളം നിര്‍ത്താത്തതിനെ തുടര്‍ന്ന് പരിപാടിയില്‍നിന്ന് ഇറങ്ങിപോകാന്‍ തുടങ്ങിയ സേതുപതിയെ വേദിയിലുള്ള ചേര്‍ന്നാണ് ശാന്തനാക്കിയത്.

പിന്നീട് സംസാരിച്ച വിജയ് സേതുപതി നിര്‍മ്മാതാക്കളുടെ പെരുമാറ്റത്തെ ശക്തമായി വിമര്‍ശിച്ചു. സംഘടന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പൊതു യോഗത്തിലാണ്. അതിനുള്ള അവസരമായി സ്വകാര്യ പരിപാടികളെ ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിയപ്പോള്‍ നിര്‍മ്മാതാക്കളുടെ സംഘടനാ യോഗത്തിനാണോ സിനിമയുടെ ഓഡിയോ ലോഞ്ചിനാണോ വന്നതെന്ന് അത്ഭുതപ്പെട്ടു പോയെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്നും സേതുപതി പറഞ്ഞു.

നിര്‍മാതാക്കള്‍ ഇങ്ങനെ വഴക്കു കൂടുന്നത് മാനക്കേടാണ്. ഒരു ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും വളരെ സത്യസന്ധമായാണ് അതിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. അത് മറക്കരുത്. സിനിമാക്കാരെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ മോശമായ ധാരണകളുണ്ടാക്കാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകും. സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ ഓരോരുത്തരും കഷ്ടപ്പെട്ടാണ് സിനിമ വിജയിപ്പിക്കുന്നത്. വിജയിച്ച ആളുകളെ മാത്രമേ സിനിമാ ഇന്‍ഡസ്ട്രി ബഹുമാനിക്കുകയുള്ളു. നിങ്ങള്‍ എത്ര വലിയ താരമാണെങ്കിലും നാല് പടം അടുപ്പിച്ചു പൊട്ടിയാല്‍ പിന്നെ നിങ്ങളുടെ സ്ഥാനം ഇന്‍ഡസ്ട്രിയ്ക്കു പുറത്താണ്. അതുകൊണ്ട് നമുക്ക് പരസ്പര ബഹുമാനത്തോടെ സംസാരിക്കാം വിജയ് സേതുപതി പറഞ്ഞു.

This post was last modified on January 19, 2018 6:17 pm