X

‘ബാല്‍ നരേന്ദ്ര’ന്റെ ‘വീരഗാഥ’ വീണ്ടും: മോദിയുടെ കുട്ടിക്കാലം പറയുന്ന ഷോര്‍ട്ട് ഫിലിം “ചലോ, ജീത്തേ ഹേ” പ്രദര്‍ശിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലം ചിത്രീകരിക്കുന്ന ഹ്രസ്വ ചിത്രം ചലോ ജീത്തേ ഹേ രാഷ്ട്രപതി ഭവനിലും രാജ്യസഭ സെക്രട്ടറിയേറ്റിലും പ്രദര്‍ശിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലം ചിത്രീകരിക്കുന്ന ഹ്രസ്വ ചിത്രം ചലോ ജീത്തേ ഹേ രാഷ്ട്രപതി ഭവനിലും രാജ്യസഭ സെക്രട്ടറിയേറ്റിലും പ്രദര്‍ശിപ്പിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ചിത്രം കാണാന്‍ എത്തിയിരുന്നു. രാജ്യസഭ സെക്രട്ടറിയേറ്റിലെ പ്രദര്‍ശനത്തിന് സഭ ചെയര്‍മാനായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, രവിശങ്കര്‍ പ്രസാദ്, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ജയന്ത് സിന്‍ഹ, ജെപി നദ്ദ എന്നിവരെത്തി. 32 മിനുട്ട് ദൈര്‍ഘ്യമാണ് ചിത്രത്തിനുള്ളത്. നരേന്ദ്ര മോദിയുടെ കഥയാണ് പറയുന്നതെന്ന് ചിത്രം അവകാശപ്പെടുന്നില്ലെങ്കിലും അത് തന്നെയാണ് പറയുന്നത് എന്ന് രാജ്യസഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

ചിത്രം കണ്ട ശേഷം പിയൂഷ് ഗോയലും രവിശങ്കര്‍ പ്രസാദും പ്രശംസകളുമായി ട്വിറ്ററില്‍ രംഗത്തെത്തി. മോദിയുടെ നിഷ്‌കളങ്കവും ഊര്‍ജ്ജസ്വലവുമായ ബാല്യത്തെക്കുറിച്ചാണ് ചിത്രം പറയുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് ‘ചലോ ജീത്തേ ഹേ’ തയ്യാറാക്കിയിട്ടുള്ളത് എന്നത് വ്യക്തം.

“മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയും മറ്റുള്ളവര്‍ക്ക് വേണ്ടി ജയിക്കുകയും ചെയ്യുന്നവര്‍ മാത്രമേ ജീവിക്കുകയും ജയിക്കുകയും ചെയ്യുന്നുള്ളൂ” എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളാല്‍ പ്രചോദിതനായി നാരു എന്ന് പേരായ കുട്ടിയുടെ കഥയാണ് ഇതെന്നാണ് സംവിധായകന്‍ മംഗേഷ് ഹദാവാലെ പറയുന്നത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് മോദിയുടെ കുട്ടിക്കാലം ചിത്രീകരിക്കുന്നതായി അവകാശപ്പെടുന്ന ബാല്‍ നരേന്ദ്ര എന്ന പേരിലുള്ള കോമിക് ബുക്ക് വിപണിയില്‍ വലിയ തോതില്‍ വിറ്റഴിഞ്ഞിരുന്നു.

This post was last modified on July 26, 2018 9:32 am

Related Post
Leave a Comment