X

പദ്മാവത് പ്രദര്‍ശിപ്പിക്കില്ലെന്ന് ഗുജറാത്ത് തീയറ്റര്‍ ഉടമകള്‍

ചിത്രത്തിന്റെ റിലീസിനെതിരെ പ്രതിഷേധവുമായി ഗുജറാത്തിലെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭവ് നഗര്‍, ബണസ്‌കന്ധ, സുരേന്ദ്രനഗര്‍ ജില്ലകളില്‍ പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ച് ദേശീയ പാതയിലെ ഗതാഗതം തടസപ്പെടുത്തി.

സഞ്ജയ്‌ ലീല ബന്‍സാലിയുടെ പദ്മാവത് റിലീസ് നിരോധിച്ചുകൊണ്ടുള്ള നാല് സംസ്ഥാന സര്‍ക്കാരുകളുടെ (രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്) ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയെങ്കിലും ചിത്രം റിലീസ് ചെയ്യില്ലെന്ന് ഗുജറാത്തിലെ തീയറ്റര്‍ ഉടമകള്‍. ഹിന്ദുത്വ തീവ്രവാദി സംഘടനയായ കര്‍ണി സേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ ചിത്രം റിലീസ് ചെയ്യില്ലെന്ന് അറിയിച്ചിരിക്കുന്നത്. 125 മള്‍ട്ടിപ്ലക്‌സുകളാണ് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ളത്. രജപുത്ര, ക്ഷത്രിയ ഗ്രൂപ്പുകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ തകര്‍ക്കുമെന്ന് കര്‍ണി സേന ഭീഷണി മുഴക്കിയിരുന്നു. എല്ലാവരും ഭയപ്പെട്ടിരിക്കുകയാണെന്നും മള്‍ട്ടിപ്ലക്‌സുകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ സഹിക്കാന്‍ ആരാണ് തയ്യാറാവുകയെന്നും ഗുജറാത്ത് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ പറയുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് സുരക്ഷ സംബന്ധിച്ച് ഉറപ്പൊന്നുമില്ലാത്ത സാഹചര്യത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. പദ്മാവതിനെ ബോക്‌സ് ഓഫീസില്‍ സഹായിക്കുന്നതിനായി തന്റെ പുതിയ ചിത്രമായ പാഡ് മാന്റെ റിലീസ് അക്ഷയ് കുമാര്‍ മാറ്റി വച്ചിരുന്നു.

ചിത്രത്തിന്റെ റിലീസിനെതിരെ പ്രതിഷേധവുമായി ഗുജറാത്തിലെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭവ് നഗര്‍, ബണസ്‌കന്ധ, സുരേന്ദ്രനഗര്‍ ജില്ലകളില്‍ പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ച് ദേശീയ പാതയിലെ ഗതാഗതം തടസപ്പെടുത്തി. ഇതിന് മുമ്പ് ആമിര്‍ ഖാന്റെ ഫന എന്ന ചിത്രത്തിനെതിരെയാണ് ഗുജറാത്തില്‍ ഇത്ര വലിയ പ്രതിഷേധമുണ്ടായത്. നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ പ്രക്ഷോഭത്തെ പിന്തുണച്ച് ആമിര്‍ ഖാന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ജാംനഗറിലെ സിംഗിള്‍ സ്‌ക്രീന്‍ തീയറ്ററായ ആംബര്‍ സിനിമ ഫന പ്രദര്‍ശിപ്പിച്ചെങ്കിലും തീയറ്ററിന്റെ ടോയ്‌ലറ്റിനകത്ത് ഒരു പ്രതിഷേധക്കാരന്‍ സ്വയം തീ കൊളുത്തി.