X

കേന്ദ്രം അനുമതി നിഷേധിച്ച ഡോക്യുമെന്ററികള്‍ക്ക് മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം; കേസില്‍ സര്‍ക്കാര്‍ കക്ഷി ചേരും

ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കപ്പെടും. ഇത്തരത്തിലുള്ള യുവസംവിധായകര്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും - മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച മൂന്ന് ഡോക്യുമെന്ററികളുടെ സംവിധായകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യന്ത്രി പിണറായി വിജയന്‍. നമ്മള്‍ കാണാന്‍ ആഗ്രഹിച്ചതും എന്നാല്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടതിനാല്‍ കാണിക്കാന്‍ സാധിക്കാതെ പോയതുമായ ചിത്രങ്ങളുണ്ട്. പ്രദര്‍ശനാനുമതി നിഷേധിച്ചതുകൊണ്ട് ഈ ചിത്രങ്ങള്‍ ഇനി വെളിച്ചം കാണില്ലെന്നോ ഇതൊരു അവസാനമാണെന്നോ ഉള്ള ചിന്ത വേണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കപ്പെടും. യുവസംവിധായകര്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും – മുഖ്യമന്ത്രി പറഞ്ഞു. കൈരളി തീയറ്റര്‍ കോംപ്ലക്‌സിലാണ് ഉദ്ഘാടനച്ചടങ്ങ്.

10ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്റി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. സാംസ്‌കാരിക മന്ത്രി എകെ ബാലന്‍, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിരോധിച്ച ഡോക്യൂമെന്ററികളുടെ നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ കക്ഷി ചേരുമെന്ന് എകെ ബാലന്‍ പറഞ്ഞു. ജൂണ്‍ 16 മുതല്‍ 20 വരെയാണ് മേള.

This post was last modified on June 16, 2017 6:57 pm