X

1965 മാര്‍ച്ച് എഴ്: ‘ബ്ലഡി സണ്‍ഡേ’ – അലബാമയില്‍ പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ സൈന്യത്തിന്‍റെ ആക്രമണം

'രക്തരൂക്ഷിതമായ ഞായറാഴ്ച' നടന്ന സംഭവങ്ങള്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ഞെട്ടിക്കുകയും, 1965ലെ വോട്ട് അവകാശ നിയമം പാസാക്കാന്‍ യുഎസ് കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കുകയും ചെയ്തു.

1965 മാര്‍ച്ച് ഏഴിന്, അല്‍ബാമയിലെ സെല്‍മയില്‍ സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന പൗരാവകാശ പ്രവര്‍ത്തകരെ സര്‍ക്കാര്‍ സൈന്യം ക്രൂരമായി ആക്രമിച്ചു. ‘രക്തരൂക്ഷിതമായ ഞായറാഴ്ച’ നടന്ന സംഭവങ്ങള്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ഞെട്ടിക്കുകയും, 1965ലെ വോട്ട് അവകാശ നിയമം പാസാക്കാന്‍ യുഎസ് കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കുകയും ചെയ്തു. ചരിത്രപരമായ 1964ലെ പൗരാവകാശ നിയമം മാസങ്ങള്‍ക്ക് മുമ്പ് പാസാക്കിയിരുന്നെങ്കിലും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള അടിസ്ഥാന അവകാശം പ്രദാനം ചെയ്യാന്‍ അത് പര്യാപ്തമായിരുന്നില്ല. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ജനസംഖ്യയുടെ പകുതിയിലേറെയുള്ളപ്പോഴും അവരില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രം രജിസ്‌റ്റേഡ് വോട്ടര്‍മാരായുള്ള ഡല്ലാസ് പ്രവിശ്യയിലാവും ഒരു ജിം ക്രോയുടെ നിയമങ്ങള്‍ ഏറ്റവും കര്‍ക്കശമായിരുന്നത്. 1965 ജനുവരിയില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ നഗരത്തില്‍ എത്തുകയും വിഷയത്തിന് സതേണ്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന്റെ (എസ് സിഎല്‍സി) പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ‘ഇത് അല്‍ബാമയിലെ സെല്‍മയാണ്. വോട്ടര്‍ പട്ടികയില്‍ പേരുള്ളതിനെക്കാള്‍ കൂടുതല്‍ നീഗ്രോകള്‍ ഇവിടുത്തെ ജയിലില്‍ എന്നോടൊപ്പമുണ്ട്,’ എന്ന് മാര്‍ട്ടില്‍ ലൂതര്‍ കിംഗ് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതി.

1965 മാര്‍ച്ച് ഏഴിന് 525 മുതല്‍ 600 വരെ വരുന്ന പൗരാവകാശ പ്രവര്‍ത്തകര്‍ സെല്‍മയില്‍ നിന്നും തെക്ക്കിഴക്കായി യുഎസ് ദേശീയപാത 80 ലൂടെ പ്രകടനമായി നീങ്ങി. സ്റ്റുഡന്റ് നോണ്‍വൈലന്റ് കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റിയുടെ (എസ്എന്‍സിസി) ജോണ്‍ ലൂയിസും എസ്്‌സിഎല്‍സിയുടെ റവറന്റ് ഹോസെ വില്യംസുമാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. എസ്എന്‍സിസിയുടെ ബോബ് മാന്റ്‌സും എസ്്‌സിഎല്‍സിയുടെ ആല്‍ബര്‍ട്ട് ടെര്‍ണറും അവരോടൊപ്പം ഉണ്ടായിരുന്നു. നേരത്തെ തീരുമാനച്ച പ്രകാരം പ്രകടനക്കാര്‍ എഡ്മുണ്ട് പെറ്റസ് പാലം കടന്ന് ഡള്ളാസ് പ്രവിശ്യയില്‍ പ്രവേശിച്ചു. മറുവശത്ത് സര്‍ക്കാര്‍ സേനകളും പ്രവിശ്യ പോലീസും വലിയ മതില്‍ തീര്‍ത്ത് അവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പ്രകടനം പിരിച്ചുവിട്ട് വീടുകളിലേക്ക് മടങ്ങാന്‍ കമാന്റിംഗ് ഓഫീസര്‍ ജോണ്‍ ക്ലൗഡ് പ്രകടനക്കാരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനുമായി സംസാരിക്കാന്‍ റെവറന്റ് ഹോസ്യെ വില്യംസ് ശ്രമിച്ചെങ്കിലും പ്രത്യേകിച്ച് ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്ന് ക്ലൗഡ് അദ്ദേഹത്തെ അറിയിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍, സേനകള്‍ പ്രകടനക്കാര്‍ക്ക് ഇടയിലേക്ക് ഇരച്ചുകയറുകയും പലരെയും നിലത്തേക്ക് തള്ളിവീഴ്ത്തുകയും ലാത്തികൊണ്ട് മര്‍ദ്ധിക്കുകയും ചെയ്തു. മറ്റൊരു സേനാവിഭാഗം പ്രകടനക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും കുതിരപ്പട പ്രകടനക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയും ചെയ്തു.


അമേലിയ ബോയിന്‍ടന്‍

ക്രൂരമായ ആക്രമണത്തിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍, രക്താഭിഷിക്തരും ഗുരുതരമായി പരിക്കേറ്റവരുമായ പ്രകടനക്കാരുടെ ചിത്രങ്ങള്‍ അമേരിക്കക്കാര്‍ക്കും അന്താരാഷ്ട്ര പ്രേക്ഷകര്‍ക്കും പ്രദാനം നല്‍കുകയും ചെയ്തു. സെല്‍മ വോട്ടവകാശ പ്രക്ഷോഭത്തിന് ഇത് വലിയ പിന്തുണ നേടിക്കൊടുത്തു. പ്രകടനം സംഘടിപ്പിക്കാന്‍ സഹായിക്കുകയും പ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്ത അമേലിയ ബോയിന്‍ടണ്‍ മര്‍ദ്ദനത്തില്‍ ബോധരഹിതയായി. അവര്‍ ബോധരഹിതയായി എഡ്മുണ്ട് പെറ്റസ് പാലത്തിന് മുകളില്‍ കിടക്കുന്ന ഫോട്ടോഗ്രാഫ്, ലോകത്തെമ്പാടുമുള്ള പത്രങ്ങളിലെയും വാര്‍ത്ത മാധ്യമങ്ങളിലെയും മുഖചിത്രമായി പ്രത്യക്ഷപ്പെട്ടു. മൊത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ 17 പേരെ ആശുപത്രിയില്‍ പ്രവേശിക്കുകയും നിസാര പരിക്കുകളേറ്റ 50 പേര്‍ക്ക് പ്രാഥമിക ശിശ്രൂഷകള്‍ നല്‍കി വിട്ടയയ്ക്കുകയും ചെയ്തു: ആ ദിവസം ‘രക്തരൂക്ഷിതമാായ ഞായറാഴ്ച’ എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു.


അമേലിയ ബോയിന്‍ടന്‍ പ്രസിഡന്റ്‌ ഒബാമയ്ക്കൊപ്പം

This post was last modified on March 7, 2017 2:55 pm