X

ചൂടേറുന്നു, 2015 ചതിക്കുമോ!

എസ് രാധാകൃഷ്ണന്‍

കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി കാലാവസ്ഥയാണ് ലോകത്തിലെ പ്രധാന ചര്‍ച്ചാവിഷയം. പലതരം അഭിപ്രായങ്ങളും വാദങ്ങളുമെല്ലാം വിഷയത്തെ വല്ലാതെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. 

കാലാവസ്ഥയെന്നാല്‍ ഇന്ന് കാലാവസ്ഥാ മാറ്റമാണ്. പലതരം റിപ്പോര്‍ട്ടുകള്‍ പല ഏജന്‍സികളില്‍ നിന്നായി പുറത്തുവരുന്നു. പക്ഷേ ഏറ്റവുമവസാനം പ്രസിദ്ധീകരിക്കപ്പെട്ട ചില കാര്യങ്ങള്‍ വല്ലാത്ത ആശങ്ക ജനിപ്പിക്കുന്നു.

അമേരിക്കയിലെ നാസയെയും ജാപ്പനീസ് മീറ്റിയോറോളജിക്കല്‍ ഏജന്‍സിയെയും വിശ്വസിക്കാമെങ്കില്‍ മനുഷ്യരാശിക്ക് അഹിതമായ പലതും ഈ രണ്ട് സ്ഥാപനങ്ങളുടെയും റിപ്പോര്‍ട്ടുകളിലുണ്ട്. പരതി നോക്കുമ്പോള്‍ കേരളവും പരാമര്‍ശിക്കപ്പെടുന്നതായി കാണാം. പിന്നീട് ഈ റിപ്പോര്‍ട്ടുകള്‍ പ്രശസ്തമായ നാഷണല്‍ ഓഷ്യാനിക് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (NOAA) ശരിവയ്ക്കുകയും ചെയ്തു.

ഇതുവരെ ലോകത്ത് രേഖപ്പെടുത്തിയ താപനിലയില്‍ വച്ചേറ്റവും കൂടുതല്‍ കഴിഞ്ഞ മാസത്തിലായിരുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതായത് 2015 ജൂലൈയില്‍. 1880-നുശേഷമുള്ള ഏറ്റവും ചൂടുള്ള മാസമാണ് കടന്നുപോയത്.

ഇടവപ്പാതിയുണ്ടായിരുന്നതുകൊണ്ട് നാം അറിഞ്ഞില്ല. പക്ഷേ കാലാവസ്ഥ എന്നത് ആരുടെയും കുടുംബകാര്യമല്ലാത്തതുകൊണ്ട് ഇതൊക്കെ അറിഞ്ഞേ തീരൂ. പ്രശ്‌നങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. ജൂലൈ ആയിരുന്നു കഴിഞ്ഞ 136 വര്‍ഷത്തെ ഏറ്റവും കൂടിയ താപനിലയുള്ള മാസം. കഴിഞ്ഞ 1626 മാസങ്ങളിലെ റെക്കോഡ്. ആശ്വസിക്കേണ്ട, ആശങ്ക ഇനിയുമുണ്ട്. ഈ പോക്കാണെങ്കില്‍ ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ വര്‍ഷം 2015 ആയിരിക്കും. ജൂലൈ താപനില ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയെ അപേക്ഷിച്ച് ഒരു ഡിഗ്രിയോളം കൂടുതലാണ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. കരയിലെ ചൂടിനെക്കുറിച്ചു മാത്രമാണ് ഇത്രയും കാലം മനുഷ്യന്‍ ആശങ്കപ്പെട്ടിരുന്നത്. അത് സ്വാര്‍ത്ഥത കാരണമാണെന്ന് കരുതിയാല്‍ മതി. കേരളത്തില്‍ ജൂലൈയില്‍ മഴയുണ്ടായിരുന്നതുകൊണ്ട് മറ്റെവിടെയെങ്കിലും ചൂടു കൂടിയാല്‍ നമുക്കെന്ത് എന്നും വേണമെങ്കില്‍ ആശ്വസിക്കാം. പക്ഷേ പ്രശ്‌നങ്ങള്‍ അവിടെയൊന്നും തീരുന്നില്ല. സമുദ്രതാപനിലയും ഇക്കൊല്ലം വല്ലാതെ കൂടിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയായ 16.4 ഡിഗ്രിയെക്കാള്‍ മുക്കാല്‍ ഡിഗ്രിയാണ് കഴിഞ്ഞ ജൂലൈയില്‍ കൂടുതലായി രേഖപ്പെടുത്തിയത്. പതിനാറോ? അത് വളരെ കുറവല്ലേ എന്ന് മണ്ടന്മാര്‍ ചോദിക്കരുത്. ഭൂമിയുടെ ജലവിഭവശേഷിയുടെ മുക്കാല്‍ പങ്കും മഞ്ഞുമലകളായി ആര്‍ട്ടിക്അന്റാര്‍ട്ടിക് പ്രദേശങ്ങളില്‍ കിടക്കുകയാണ്. നേരിയ താപവ്യത്യാസം ടണ്‍കണക്കിന് ഐസ് ഉരുകാന്‍ കാരണമാകും. സമുദ്രനിരപ്പുയര്‍ന്നാല്‍ കേരളമെന്നോ ഹോളണ്ടെന്നോ മാലിദ്വീപുകളെന്നോ വ്യത്യാസമില്ലെന്ന് ഓര്‍ക്കുക. കഴിഞ്ഞ പത്തു മാസങ്ങളിലാണ് സമുദ്രതാപനില പതിവിലേറെ ഉയര്‍ന്നതെന്ന് ആലോചിക്കുമ്പോഴുണ്ടാകുന്ന അപകടസ്ഥിതി ഊഹിക്കാവുന്നതിനപ്പുറമാണ്.

അപ്പോഴും നാം ഇത് ക്ഷണിക പ്രതിഭാസമെന്നു കരുതി ആശ്വസിക്കും. കാരണം ഇക്കൊല്ലത്തെ എല്‍ നിനോ ആണ് താപനില ഉയരാന്‍ കാരണമെന്ന് വാദിക്കുന്നവരുണ്ട്. അതും ശരിയാണ്. പക്ഷേ എല്‍ നിനോ വിളയാട്ടമുണ്ടായ ശാന്തസമുദ്രത്തിനപ്പുറവും ഇപ്പുറവും ഇന്ത്യന്‍ മഹാസമുദ്രത്തിലും അറ്റ്‌ലാന്റിക്കിലും എന്തിന് തണുപ്പിന്റെ കേദാരമായ ആര്‍ട്ടിക്കിലും താപനില ഉയര്‍ന്നു. എന്തിന് എല്‍ നിനോ മാത്രം കുറ്റക്കാരനാകുന്നു.

കാലാവസ്ഥാ മാറ്റത്തിന്റെ ഭീകരത വിവരിക്കാന്‍ നാസ വെറും 16 ദിവസത്തെ മഞ്ഞുമല ഉരുകുന്നതിന്റെ ഉപഗ്രഹ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗ്രീന്‍ലാന്‍ഡിലെ ജാകോബ്ഷന്‍ ഗ്ലേസിയറിന്റെ നല്ലൊരുഭാഗം ഉരുകി ഇല്ലാതാകുന്നത് നേരില്‍ കാണാന്‍ കഴിയുന്നുണ്ട്. ഗ്രീന്‍ലാന്‍ഡിലെ ഒരു മഞ്ഞുമലയുടെ സ്ഥിതി ഇതാണെങ്കില്‍ അന്റാര്‍ട്ടിക്ക ഭൂഖണ്ഡം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. 

എന്‍ ഒ എ എ പുറത്തിറക്കിയിരിക്കുന്ന ചിത്രത്തില്‍ ചൂടു കൂടിയ പ്രദേശങ്ങളായി കാണിച്ചിരിക്കുന്ന ഭാഗത്ത് കേരളവുമുണ്ട്. പക്ഷേ കേരളം ഉള്‍പ്പെട്ട ദക്ഷിണേഷ്യയിലും പൂര്‍വേഷ്യയിലും തെക്കുപടിഞ്ഞാറന്‍ കലവര്‍ഷമുണ്ടായിട്ടും ആശ്വസിക്കാന്‍ വകയില്ല. ജനുവരി മുതല്‍ ജൂലൈ വരെയുള്ള താപനില കണക്കാക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ഭൂഖണ്ഡങ്ങള്‍ തെക്കെ അമേരിക്കയും ഏഷ്യയുമാണ്.

ഇനി നമ്മുടെ മഴയുടെ കാര്യം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമുണ്ടായിരുന്നതുകൊണ്ട് ചൂടിന്റെ ആഘാതത്തില്‍നിന്ന് ഒട്ടൊക്കെ പിടിച്ചുനില്‍ക്കാന്‍ നമുക്കു കഴിഞ്ഞിരുന്നു. ഇത്തവണത്തെ മഴയെക്കുറിച്ച് എന്‍ ഒ എ എയുടെ റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്. ജൂണ്‍ അഞ്ചിന് വൈകിയെത്തിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 1951-2000 കാലയളവിലെ ശരാശരിയുടെ 85 ശതമാനം മാത്രമായി ചുരുങ്ങി. ദക്ഷിണേന്ത്യയില്‍ ജൂലൈയില്‍ കിട്ടിയ മഴ ശരാശരിയുടെ 54 ശതമാനം മാത്രമായിരുന്നു.

(ശാസ്ത്ര ലേഖകനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


This post was last modified on August 29, 2015 7:55 am