X

ഓഫീസ് മുറിയായി; ഇനി കേരളത്തില്‍ ബിജെപിയ്‌ക്കൊരു മുഖ്യമന്ത്രിയെ വേണം!

ഭൂമിക്ക് താഴെ രണ്ട് നിലയുള്‍പ്പെടെ ഏഴു നില കെട്ടിടമാണ് രൂപരേഖയിലുള്ളത്

കേരളത്തില്‍ മന്ത്രിസഭയുണ്ടാക്കാമെന്നത് ബിജെപിയെ സംബന്ധിച്ച് ഇപ്പോഴും വിദൂര സ്വപ്‌നമായി അവശേഷിപ്പിക്കുമ്പോഴും പുതിയ ആസ്ഥാനമന്ദിരത്തില്‍ മുഖ്യമന്ത്രിയ്ക്കുള്ള ഓഫീസ് കൂടി ഒരുക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം.  പുതിയ ആസ്ഥാനമന്ദിരത്തിന്റെ രൂപരേഖയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാമെന്ന ബിജെപിയുടെ ആഗ്രഹവും ലക്ഷ്യവുമാണ് ആസ്ഥാനമന്ദിരത്തിന്റെ രൂപരേഖയില്‍ കാണാനാകുന്നത്. മലയാള മനോരമയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.

ഒരാഴ്ച മുമ്പ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ആസ്ഥാനമന്ദിരത്തിന് തറക്കല്ലിട്ടത്. തിരുവനന്തപുരം തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന മാരാര്‍ജി ഭവന്‍ പൊളിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്. ഭൂമിക്ക് താഴെ രണ്ട് നിലയുള്‍പ്പെടെ ഏഴു നില കെട്ടിടമാണ് രൂപരേഖയിലുള്ളത്. ഒന്നാം നിലയിലായിരിക്കും സംസ്ഥാന പ്രസിഡന്റിന്റെയും മുഖ്യമന്ത്രിയുടെയും ഓഫീസ്. പാര്‍ട്ടി ആസ്ഥാനത്തെത്തുമ്പോള്‍ മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ചര്‍ച്ച നടത്താനും വേണ്ടിയാണ് ഈ ഓഫീസ്.

ഈ തറക്കല്ലിടുന്നത് സംസ്ഥാനത്തെ പുതിയ ബിജെപി സര്‍ക്കാരിന് വേണ്ടിക്കൂടിയാണെന്ന് ചടങ്ങില്‍ ഷാ പറഞ്ഞിരുന്നു. തൊട്ടടുത്ത ലക്ഷ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന ബിജെപി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയാണ് ഷാ മടങ്ങിയത്. അതേസമയം കേരളത്തിലെ ഒരുക്കങ്ങളില്‍ അദ്ദേഹം തൃപ്തനല്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങള്‍ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ഇനി വേണ്ടെന്നാണ് ഷായുടെ നിര്‍ദ്ദേശം.

ചില മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ട് ജയിക്കാന്‍ സാധിച്ചോയെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ ചോദ്യം. 20 മണ്ഡലങ്ങളിലും ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചാലെ പിന്നീട് നിയമസഭ തെരഞ്ഞെടുപ്പിലും അത് ഉപയോഗപ്പെടൂവെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

This post was last modified on June 14, 2017 10:11 am