X

രാഹുല്‍ ഗാന്ധിയുടെ മുന്‍പിലെ യഥാര്‍ത്ഥ പ്രതിസന്ധി

250-ഓളം ലോക്സഭാ സീറ്റുകളുടെ സ്രോതസ്സായ ഉത്തർപ്രദേശ്, ബീഹാർ, വെസ്റ്റ്ബംഗാൾ, തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത്, ഒഡിഷ എന്നീ മർമ്മപ്രധാനമായ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ്സിന് വ്യക്തമായ നേതൃത്വം ഇല്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശിയ പ്രസിഡണ്ട് അമിത് ഷായെയും മുന്നിൽ നിർത്തി ബിജെപി നേടിയിരിക്കുന്നത് കേവലം ‘തെരഞ്ഞെടുപ്പ് യന്ത്രം’ എന്ന മുഖാവരണമാണ്. ഗോവ, മണിപ്പൂർ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളുടെ നേതൃത്വം ലഭിച്ചതിൽ ഇപ്പോഴും ചോദ്യങ്ങൾ ബാക്കി നിൽക്കുന്നുണ്ടെങ്കിലും; ബിജെപി-എൻഡിഎ പരിധിയിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം 2014ൽ ഏഴ് എന്നതിൽ നിന്നും ഇന്നേക്ക് ഇരുപതിൽ എത്തിയിരിക്കുന്നു. യുദ്ധത്തിലും പ്രണയത്തിലും എന്തും ആവാം എന്നാണെങ്കില്‍ രാഷ്ട്രീയവും അങ്ങനെ തന്നെയാണ്. മോദി-ഷാ സഖ്യമുൾപ്പെടെ മമത ബാനർജി, മായാവതി, ലാലു യാദവ്, നിതീഷ് കുമാർ, കെ ചന്ദ്രശേഖരറാവു തുടങ്ങിയവരും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പയറ്റി തെളിഞ്ഞവരാണ്. ഇവരിലെല്ലാം പൊതുവായി കണ്ടെത്താവുന്ന ഏക വിശേഷണം എല്ലാവരും പ്രകടമായി തന്നെ സ്വേച്ഛാധിപതികളും ഉള്ളിൽ ജനാതിപത്യമൂല്യങ്ങൾ കലർന്നിട്ടില്ലാത്തവരുമാണ് എന്നതാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ വിജയതന്ത്രങ്ങളിലെ പ്രധാനഘടകം ഭയപ്പെടുത്തി ഭരിക്കുക എന്നതാണ്, എകാധിപത്യപരമായ ഈ നയം തെറ്റിയിട്ടുമില്ല താനും. സമാധാനപ്രിയനും മേൽപ്പറഞ്ഞ രാഷ്ട്രീയതന്ത്രങ്ങളുടെ വക്താവുമല്ലാത്ത കോൺഗ്രസ് ദേശീയ പ്രസിഡണ്ട് രാഹുൽ ഗാന്ധിക്കാകട്ടെ, പലപ്പോഴും നേരായ രീതിയിലുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയം പയറ്റുന്നതിൽ പോലും പിഴവ് പറ്റുന്നു. ഏതു വിധേനെയും തെരഞ്ഞെടുപ്പിൽ വിജയിക്കുകയും; ജയിക്കുന്നവർക്ക് ജയ് വിളിക്കുകയും ചെയ്യുന്നതായാണ് പുതിയ കാലത്തിൻറെ സ്വാഭാവികത എന്നുള്ളത് മറ്റൊരു യാഥാര്‍ത്ഥ്യം.

കോൺഗ്രസ്സ് പ്രവര്‍ത്തക സമിതി ഉടച്ചു വാർക്കുന്നതിനുള്ള പദ്ധതി പരിപാടികൾക്ക് ഈ മാസാവസാനത്തോടെ രാഹുൽ ഗാന്ധി തുടക്കം കുറിക്കും എന്നതായിരുന്നു പ്രതീക്ഷ. പാർട്ടി നയപ്രകാരം 24 അംഗ വർക്കിംഗ് കമ്മിറ്റിയുടെ പകുതി വോട്ടിങ്ങ് വഴിയും പകുതി പ്രസിഡന്‍റിന്‍റെ നാമനിർദേശ പ്രകാരവുമാണ് നിയമനം നടത്തേണ്ടത്. പല കാരണങ്ങളാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്ന് സോണിയ ഗാന്ധി മാറി നിന്നിരുന്നു. വലിയ രീതിയിൽ വിജയകരമായിട്ടല്ലെങ്കിൽ കൂടിയും, കഴിഞ്ഞ ഒരു പതിറ്റാണ്ടായി, സ്റ്റുഡൻറ്സ് യൂണിയൻ തൊട്ട് വർക്കിംഗ് കമ്മിറ്റി വരെയുള്ള പാർട്ടിക്കകത്തെ തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത് രാഹുൽ ഗാന്ധി തന്നെയാണ്. സ്വാധീനവും അധികാര പാരമ്പര്യവുമുള്ള രാഷ്ട്രീയ കുടുംബങ്ങൾ സജീവമായതിനാൽ, കയ്യൂക്കും പണവും ഉപയോഗിച്ച് അവർ പ്രധാന സീറ്റുകൾ കൈവശപ്പെടുത്തുമെന്നുള്ളതാണ് പൊതുവായ ഭയം.

എന്നിരുന്നാലും അദ്ദേഹം ഇത്തവണത്തെ പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പിനെ നേരിട്ടത് അതീവ ആത്മവിശ്വാസത്തോട് കൂടിയാണ്. കമ്മിറ്റിയിൽ ജാതി-മത-ലിംഗ-മണ്ഡല -പ്രാധിനിധ്യങ്ങൾ ഉറപ്പുവരുത്താൻ പ്രസിഡന്‍റിന്‍റെ നാമനിർദ്ദേശാവകാശം വഴി സാധിക്കും എന്നതും ആ വിശ്വാസത്തെ കൂടുതൽ ഉറപ്പിക്കുന്നു. പാർട്ടിക്കകത്തും പാർട്ടികൾ തമ്മിലുമുള്ള ഐക്യപ്പെടലുകളും ചർച്ചകളുമെല്ലാം പുതുതായി ചർച്ചക്കെടുക്കേണ്ടത്ര പ്രാധാന്യമുള്ള കാര്യമൊന്നുമല്ലെങ്കിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷെ ധൃതി പിടിച്ച് തെരഞ്ഞെടുപ്പുകളിലേക്ക് കടക്കാറായിട്ടില്ല, എന്തെന്നാൽ പല സംസ്ഥാനങ്ങളിലും താറുമാറായി കിടക്കുന്ന പാർട്ടിപ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ ഇനിയും സമയം ആവശ്യമാണ്.

പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍

1992ലും 97ലും, കൃത്യമായി പറഞ്ഞാൽ സീതാറാം കേസരിയുടെയും നരസിംഹറാവുവിന്‍റെയും സമയത്താണ് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ് അവസാനം നടന്നത്. തെരഞ്ഞെടുപ്പ് കോലാഹലങ്ങൾ ഉന്നത തലങ്ങളിൽ വിഭജനങ്ങൾ സൃഷ്ടിച്ചതും പ്രസ്തുത തലങ്ങളിലെ നേതാക്കന്മാർ രാജി ഭീഷണി നേരിട്ടതും ഇതേ സമയത്തു തന്നെയാണ്. തെരഞ്ഞെടുപ്പ് കാലങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നതിനേക്കാൾ പാർട്ടി മുൻഗണന നൽകുന്നത്, ഒരു യുദ്ധകാലാടിസ്ഥാനത്തിൽ സംഘടനയെ ഒട്ടാകെ ഉടച്ചുവാർക്കുന്നതിലാകണം. അരുണാചൽ പ്രദേശിലും ത്രിപുരയിലും അടുത്തിടെ കണ്ടതുപോലെ എംഎല്‍എമാര്‍ പോലും ബിജെപിയിലേക്ക് കാലുമാറുകയാണ്. പാർട്ടിക്കകത്ത് തെരഞ്ഞെടുപ്പുകള്‍ നടക്കാത്തതിലുള്ള പ്രതിഷേധം മാത്രമല്ല മറ്റ് നിരവധി ഘടകങ്ങള്‍ കാലുമാറ്റക്കാരെ സ്വാധീനിക്കുന്നുണ്ട്. ബിജെപിയുടെ മാക്ക്യവല്ലിയൻ രാഷ്ട്രീയത്തെ താങ്ങി നിർത്തുന്ന, രാജ്യത്തുടനീളം പരന്നുകിടക്കുന്ന വലിയ സ്രോതസ്സുകൾ, അനുയോജ്യരല്ലാത്തവരെ സ്ഥാനനിയമനം നടത്തുന്ന മണ്ടന്‍ നയങ്ങൾ, അഴിമതി മുദ്രകുത്തപ്പെട്ട സംസ്ഥാന നേതൃത്വങ്ങൾ, പദവിക്കും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള നേതാക്കന്മാരുടെ ആർത്തി തുടങ്ങി വിമർശന വിധേയമാകുന്ന കാര്യങ്ങൾ നിരവധിയാണ്. അംഗബലത്തിൻറെ ദുരുപയോഗം വഴിയാണ്, അല്ലാതെ ആശയപരമായി അണികളെ ഉത്തേജിപ്പിച്ചുകൊണ്ടല്ല ബിജെപി നേതൃത്വം പിടിച്ചു നിൽക്കുന്നത്.

രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദിയാകരുത്; രാജീവ് ഗാന്ധിയും

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന സംസ്ഥാനങ്ങളിൽ അധികാരത്തിലുള്ള ജനറൽ സെക്രട്ടറിമാരെ തെരഞ്ഞെടുപ്പ് കാത്തിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന രീതി കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിലവിലുള്ളതാണ്. എന്നാൽ ഒടുക്കം മുഖ്യ തീരുമാനങ്ങൾ ഏറ്റെടുക്കാൻ ആളില്ലാത്ത വിധം പാർട്ടി പതറിപ്പോവുകയാണുണ്ടാകുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി നേതൃത്വങ്ങളുടെ കെടുകാര്യസ്ഥതയും അഴിമതിയും വഴി കഴിഞ്ഞ രണ്ടു വർഷത്തിനിടെ കോൺഗ്രസ്സിന് നഷ്ടമായത് ഗോവ, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ തുടങ്ങി നാലു സംസ്ഥാനങ്ങളാണ്. 2016 ൽ അരുണാചൽ പ്രദേശിൽ നടന്ന തെരഞ്ഞെടുപ്പിൽ 45ൽ 43 സീറ്റിലും കോൺഗ്രസ് എംഎൽഎമാർ എൻഡഎയോട് പരാജയപ്പെട്ടു. മണിപ്പൂരിലും മേഘാലയയിലും ഗവൺമെൻറ് രൂപീകരിക്കാൻ നടന്ന ശ്രമങ്ങളും പരാജയങ്ങളായിരുന്നു.

നേതൃ നിയമനകളിലുണ്ടായ പാളിച്ചകളുടെ അവസ്ഥ വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ എടുത്തു നോക്കിയാൽ കാണാം. നാരായണസ്വാമി, പി.സി ജോഷി തുടങ്ങിയവർ കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി പ്രസ്തുത സംസ്ഥാനങ്ങളിലെ ജനറൽ സെക്രട്ടറിമാരാണ്. ഇംഗ്ലീഷിലോ, ഹിന്ദിയോ വ്യക്തമായ ആശയവിനിമയത്തിന് പ്രാപ്തരല്ലാത്ത നാരായണസ്വാമിയെ പോലുള്ള നേതാക്കളെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ തന്നെ നിയമിച്ചത് വലിയ പാളിച്ച ആയിരുന്നു. അരുണാചൽ പോലുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഗവൺമെൻറ് ചരടുവലിക്കുന്ന രാഷ്ട്രീയ കളികളെ പറ്റി അദ്ദേഹത്തിന് അറിവു പോലുമില്ല എന്നുള്ളതാണ് വാസ്തവം. അരുണാചലിൽ പരാജയപ്പെട്ടതിനു പുറകെയായിരുന്നു അദ്ദേഹത്തെ പുതുച്ചേരി മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ടത്.

രാഹുല്‍ ഗാന്ധി തേച്ചുമിനുക്കുന്നത് തിളങ്ങുന്ന വജ്രമാകുമോ? ഡിസംബര്‍ 18-ന് അറിയാം

പി.സി ജോഷിയെ പകരം നിയമിച്ചത് മുൻപത്തേതിനേക്കാൾ വലിയ പാളിച്ചയായിരുന്നു. ബീഹാർ, വെസ്റ്റ് ബംഗാൾ, അസ്സാം, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കോൺഗ്രസ്സ് നേതൃസ്ഥാനത്തുള്ള ജോഷിക്കെതിരെ പല സംസ്ഥാന നേതാക്കളും ഹൈക്കമാൻറിൽ പരാതിപ്പെട്ടുവെങ്കിലും, രാഹുൽ ഗാന്ധി അദ്ദേഹത്തിനു നൽകിയ നീണ്ട അധികാര കാലാവധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ ഭാവിയെ പറ്റിയുള്ള ആശങ്കകൾ വര്‍ദ്ധിപ്പിച്ചു. മണിപ്പൂർ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിറകെ, അമിത് ഷായും അണികളും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത്, അവിടെ ഗവൺമെൻറ് രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലേർപ്പെടുമ്പോൾ ജോഷി തന്‍റെ ഡൽഹിയിലെ ഓഫീസിൽ വിശ്രമിക്കുകയായിരുന്നു. ഇതിന്‍റെ പേരിൽ വന്ന വിമർശനങ്ങളെ അദ്ദേഹം നേരിട്ടത്; സാങ്കേതികതയുടെ പുതിയ കാലത്ത് നേതാക്കന്മാർ നേരിട്ട് തന്നെ ഹാജരാകേണ്ടതുണ്ടോ എന്ന് തുടങ്ങിയ മണ്ടൻ ന്യായങ്ങൾ പറഞ്ഞാണ്.

അങ്ങനെ രാഹുല്‍ ഗാന്ധി തലപ്പത്തേക്ക്; ദയവായി ഇനി ജനാധിപത്യത്തെക്കുറിച്ച് കൂടി പറയരുത്

കഴിഞ്ഞ ഫെബ്രുവരി 27 ന് വോട്ടെണ്ണൽ തുടങ്ങുന്നതിനു മുന്‍പ്, നാഗാലാൻറ് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കേവ് ഖാപ്പെ തേരീ ഇന്ത്യൻ എക്സ്പ്രസ്സിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്; “വെള്ളത്തിൽ വരയ്ക്കുന്ന വര പോലെയായിരിക്കും പാർട്ടിയുടെ ഓരോ നയങ്ങളും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുക” എന്നായിരുന്നു. മർമ്മപ്രധാനമായ പല സംഭവങ്ങൾക്കും ജോഷി ഉത്തരവാദിയാണെന്നത് അരുണാചലിലെ സ്വതന്ത്ര എംഎൽഎ പേമ ഖാണ്ഡുവിന്‍റെ ഉദാഹരണ സഹിതം അദ്ദേഹം കൂട്ടിച്ചേർത്തു. 2016 ജൂണിൽ ജോഷി സ്ഥാനമേറ്റെടുത്തതിനു പുറകെ പ്രസ്തുത വിഷയത്തെ പറ്റി സംസാരിക്കാനായി ഖാണ്ഡു ഡൽഹിയിലെത്തി സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണാൻ ശ്രമിച്ചുവെങ്കിലും പദ്ധതി പരാജയപ്പെട്ടു. “അവധി ദിവസമായതിനാലാണ് ചർച്ച നടക്കാതെ പോയത്” എന്ന ന്യായം പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഖാണ്ഡു ശേഷം മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഒടുക്കം കോൺഗ്രസ്സ് വിട്ട് ബിജെപിയിലേക്ക് കൂടുമാറുകയും ബിജെപി മുഖ്യമന്ത്രി പദവിയിലേക്ക് വരെ എത്തുകയും ചെയ്ത സംഭവവികാസങ്ങളാണ് പിന്നീട് നടന്നത്.

ആധുനിക കാലത്തെ ഔറംഗസീബിയന്‍ രാഷ്ട്രീയക്കാര്‍; ഒപ്പം ഫോത്തേദാര്‍ എന്ന കുടുംബഭക്തനും

“അസ്സാം, അരുണാചൽ, മണിപ്പൂർ, ത്രിപുര, നാഗാലാൻറ് തുടങ്ങി എല്ലായിടങ്ങളിലും ജോഷി വലിയ പരാജയമായിരുന്നു” എന്ന് തേരി അഭിപ്രായപ്പെടുന്നു. “കഴിഞ്ഞ 20 മാസത്തിനിടെ അദ്ദേഹം നാഗാലാൻറ് സന്ദർശിച്ചത് ഒരേ ഒരു തവണയാണ്. ഭരണപക്ഷം കോൺഗ്രസ് ആയതുകൊണ്ട് സെക്രട്ടറി എന്ന നിലയിൽ മേഘാലയ കൂടുതൽ സ്വസ്ഥമായതിനാലാകണം മേൽപ്പറഞ്ഞ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മേഘാലയയിൽ ജോഷി കൂടുതൽ തവണ സന്ദർശനം നടത്തിയിയത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള നേതാക്കന്മാരാണ് സംഘടനയുടെ സമ്പത്ത് എങ്കിൽ വരാനിരിക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളെ പാർട്ടി എന്ത് ധൈര്യത്തിലാണ് നേരിടാൻ പോകുന്നത്? കാലങ്ങളായി കൈമാറി വന്ന കോൺഗ്രസിന്‍റെ പാരമ്പര്യത്തെ അപ്പാടെ നശിപ്പിക്കുന്ന ഇത്തരം ഘടകങ്ങൾ നിലനിൽക്കുമ്പോൾ, പാർട്ടിയെ കൂടുതൽ ജനാധിപത്യവൽക്കരിച്ചു കൊണ്ട് പ്രതിസന്ധികൾക്ക് പോംവഴിയുണ്ടാക്കാമെന്നത് തീർത്തും അബദ്ധധാരണയാണെന്നത് വ്യക്തമാണ്. രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി നേതൃത്വത്തിന് അഭിനന്ദനാർഹമായ രീതിയിൽ വ്യക്തമായ ഘടനയുണ്ടെന്നത് സത്യം തന്നെ. എന്നാൽ 250-ഓളം ലോക്സഭാ സീറ്റുകളുടെ സ്രോതസ്സായ ഉത്തർപ്രദേശ്, ബീഹാർ, വെസ്റ്റ്ബംഗാൾ, തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത്, ഒഡിഷ എന്നീ മർമ്മപ്രധാനമായ സംസ്ഥാനങ്ങളിൽ വ്യക്തമായ നേതൃത്വം ഇല്ല എന്നുള്ളതാണ് ദേശീയ പ്രസിഡണ്ട് എന്ന നിലയിൽ രാഹുൽ ഗാന്ധിക്കു മുന്നിലെ യഥാർത്ഥ പ്രതിസന്ധി.

വടക്ക്-കിഴക്ക് എല്ലാവരും തോറ്റു-ഹരീഷ് ഖരെ എഴുതുന്നു

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:

This post was last modified on March 15, 2018 4:57 pm