X

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഊരുവിലക്ക്; മറ്റെവിടെയുമല്ല, നമ്മുടെ കേരളത്തില്‍

നാല് വര്‍ഷമായി മാതാപിതാക്കളോട് സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ദമ്പതികള്‍ ഊരുവിലക്ക് നേരിടുന്നു. അതും നാലര വര്‍ഷമായി. മാനന്തവാടി സ്വദേശികളായ അരുണ്‍-സുകന്യ ദമ്പതികളാണ് യാദവ സമുദായം ഏര്‍പ്പെടുത്തിയ ഭ്രഷ്ട് നേരിടുന്നത്. ദമ്പതികളുടെ പരാതിയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടെങ്കിലും സമുദായ നേതാക്കള്‍ വഴങ്ങാന്‍ കൂട്ടാക്കിയിട്ടില്ല.

ഇരുവരും യാദവ സമുദായത്തിലെ തന്നെ അംഗങ്ങളാണെങ്കിലും ആചാരങ്ങള്‍ തെറ്റിച്ചെന്ന് ആരോപിച്ചാണ് സമുദായ വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്. 2012ലാണ് ദമ്പതികള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഇരുവര്‍ക്കും സമുദായം വിലക്ക് കല്‍പ്പിക്കുകയായിരുന്നു. സമുദായത്തിലെ വിവാഹ-മരണാനന്തര ചടങ്ങുകളിലും ദമ്പതികള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഒരു ചടങ്ങില്‍ വച്ച് സംസാരിച്ചതിന്റെ പേരില്‍ സുകന്യയുടെ വീട്ടുകാര്‍ക്ക് മൂന്ന് മാസം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇരുവരും കളങ്കിതരാണെന്നും അതിനാല്‍ സമുദായത്തില്‍ നിന്നും പുറത്താക്കണുകയാണെന്നും ലഘുലേഖ പുറത്തിറക്കിയിരുന്നു.

നാല് വര്‍ഷമായി മാതാപിതാക്കളോട് സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇവര്‍. പ്രധാനമന്ത്രി മൊബൈല്‍ ആപ്പ് വഴിയാണ് ഇവര്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് മാനന്തവാടി പോലീസ് ദമ്പതികളെയും സമുദായ നേതാക്കളെയും വിളിച്ചുവരുത്തി സംസാരിച്ചിരുന്നു.