X

കള്ളപ്പണത്തിന്റെ കണക്ക് നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്; അന്വേഷണം പുരോഗമിക്കുകയാണെന്ന് വിശദീകരണം

2014 ജൂണ്‍ മുതല്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കുകളും വിവരങ്ങളും ലഭ്യമാക്കണമെന്നായിരുന്നു കമ്മിഷന്റെ നിര്‍ദേശം.

വിദേശത്തുനിന്ന് മടക്കിക്കൊണ്ടുവന്ന കള്ളപ്പണത്തിന്റെ വിശദാംശങ്ങള്‍ 15 ദിവസത്തിനകം നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിര്‍ദേശം തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്. അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള രേഖകള്‍ കൈമാറേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് പിഎംഒ നിഷേധ നിലപാട് ആവര്‍ത്തിച്ചത്.

വിദേശത്തെ കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് മോദിസര്‍ക്കാറിന്റെ പ്രഖ്യാപന പ്രകാരം 2014 ജൂണ്‍ മുതല്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കുകളും വിവരങ്ങളും ലഭ്യമാക്കണമെന്ന് വിവരാവകാശ പ്രകാരമുള്ള അപേക്ഷ പരിഗണിച്ചായിരുന്നു കമ്മിഷന്റെ നിര്‍ദേശം. വിവരാവകാശപ്രവര്‍ത്തകനും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ് ചതുര്‍വേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങള്‍ തേടിയത്. ഇതിന്റെ ഭാഗമായി കള്ളപ്പണം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും 15 ദിവസത്തിനകം സഞ്ജീവിന് നല്‍കണമെന്ന് ഒക്ടോബര്‍ 16ന് മുഖ്യ വിവരാവകാശ കമ്മിഷണർ നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍, കള്ളപ്പണം സംബന്ധിച്ച്  പ്രത്യേകാന്വേഷണസംഘം അന്വേഷണം തുടരുകയാണെന്നും ഈ സാഹചര്യത്തില്‍ സുപ്രധാന വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ചതുര്‍വേദിക്കുള്ള മറുപടിയില്‍ വ്യക്തമാക്കുന്നു. കേന്ദ്രമന്ത്രിമാര്‍ക്കെതിരേയുള്ള അഴിമതിയാരോപണം സംബന്ധിച്ച പരാതികളുടെ വിശദാംശങ്ങള്‍ തേടിയുള്ള ചതുര്‍വേദിയുടെ മറ്റൊരു അപേക്ഷയും കേന്ദ്രം നേരത്തെ തള്ളിയിരുന്നു.

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കുകളും വിവരങ്ങളും വിവരാവാകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല അപേക്ഷയെന്ന് ചൂണ്ടിക്കാട്ടി മുന്‍പ് ഇതേ ആവശ്യം തള്ളിയിരുന്നു. ഇതോടെയാണ് ചതുര്‍വേദി കേന്ദ്രവിവരാവകാശ കമ്മിഷനെ സമീപിച്ചത്.

രാമക്ഷേത്രം: പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഡിസംബര്‍ 11ന് ശേഷമെന്ന് ഹിന്ദുത്വ നേതാവ്

26/11: മുംബൈയില്‍ ഭീകരര്‍ വന്ന ബോട്ടിന്റെ പാക് ഉറവിടം ഇന്ത്യ കണ്ടെത്തിയതെങ്ങനെ?

ഫോര്‍ച്യൂണിന്റെ മഹാന്‍മാരായ ലോക നേതാക്കളുടെ പട്ടികയില്‍ കേജ്രിവാളും, മോദിയില്ല

This post was last modified on November 26, 2018 10:24 am