X

പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഡ്രൈവിംഗ്; ഐജി പുരോഹിതിനെതിരായ പരാതി നിലനില്‍ക്കില്ല

തൃശൂര്‍ വിജിലന്‍സ് കോടതിയിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലുമാണ് ഇദ്ദേഹത്തിനെതിരെ പരാതികളുണ്ടായിരുന്നത്

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച സംഭവത്തില്‍ തൃശൂര്‍ പോലീസ് അക്കാദമി മുന്‍ ഡയറക്ടര്‍ ഐജി സുരേഷ് രാജ് പുരോഹിതിനെതിരായ പരാതികളിലെ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. തൃശൂര്‍ വിജിലന്‍സ് കോടതിയിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലുമാണ് ഇദ്ദേഹത്തിനെതിരെ പരാതികളുണ്ടായിരുന്നത്.

വടക്കാഞ്ചേരി സ്വദേശി കെ ടി ബെന്നിയാണ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. തൃശൂര്‍ സ്വദേശി പി ഡി ജോസഫ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലും പരാതി നല്‍കി. ഈ പരാതികള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. പരാതികള്‍ക്കെതിരെ ഐജി നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി നേരത്തെ സ്‌റ്റേ അനുവദിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകനെ പോലീസ് അക്കാദമി കോമ്പൗണ്ടില്‍ ഔദ്യോഗിക വാഹനം ഓടിക്കാന്‍ അനുവദിച്ചതിലൂടെ ഐജി അഴിമതി നിരോധന നിയമം, മോട്ടോര്‍ വാഹന നിയമം എന്നിവ ലംഘിച്ചുവെന്നായിരുന്നു പരാതി.

അതേസമയം ഐജി നിയമവിരുദ്ധമായി നേട്ടമുണ്ടാക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന് ആരോപിക്കാന്‍ സാഹചര്യത്തില്‍ പരാതി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഡ്രൈവിംഗ് ലൈസന്‍സില്ലാതെ പൊതുസ്ഥലത്ത് വാഹനമോടിക്കുന്നത് കുറ്റകരമാണെങ്കിലും പോലീസ് അക്കാദമി പൊതുസ്ഥലത്ത് വരില്ല. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് നടപടിയെടുക്കേണ്ടത് പോലീസ് ആണെന്നും വിജിലന്‍സ് കോടതിയല്ലെന്നും കോടതി പറഞ്ഞു.

ഐജിയുടെ മകന്‍ വാഹനമോടിച്ചത് ബാലനീതി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനും നടപടിയെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വാടക നല്‍കാതെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചാല്‍ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സാധ്യമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Related Post
Leave a Comment