X

മിസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി, താങ്കള്‍ നഗ്നനാണ്

സാജു കൊമ്പന്‍

ഒരു നഗരത്തില്‍ ഒരു ബസുണ്ടായിരുന്നു. ഒരു പച്ച ബസ്. ആ ബസ് നിരത്തിലൂടെ ചീറിപ്പായുമ്പോള്‍ ആളുകള്‍ മൂക്കത്ത് വിരല്‍ വെച്ചു നോക്കും. കുട്ടികള്‍ ആര്‍ത്തു ചിരിക്കും. അങ്ങനെയിരിക്കെ ഒരു നാള്‍ ‘അഹന്തയും താന്‍പ്രമാണിത്തവുമുള്ള’ ഒരു സൈക്കിള്‍ അത് വഴി വന്നു. എല്ലാവരുടെയും സ്നേഹാദരങ്ങള്‍ ഏറ്റ് വാങ്ങി വരികയായിരുന്നു നമ്മുടെ ബസ്. ഒരു നിമിഷംകൊണ്ട് എല്ലാം സംഭവിച്ചു. നമ്മുടെ ബസിനെ ആ തെമ്മാടി സൈക്കിള്‍ വന്നിടിച്ചു. പക്ഷേ അത്ഭുതമെന്ന് പറയട്ടെ കണ്ടു നിന്ന നാട്ടുകാരാരും ബസിന്‍റെ കൂടെ നിന്നില്ല. അവര്‍ സൈക്കിളിന് വേണ്ടി വാദിച്ചു. കാരണം സൈക്കിള്‍ ചെറുതാണല്ലോ…

ഇങ്ങനെ പോകുന്നു ഒരു ലീഗ് എം എല്‍ എ കഴിഞ്ഞ ദിവസം പറഞ്ഞ അന്യാപദേശ കഥ. എന്താണ് ഈ കഥയുടെ സദാചാര പാഠം? അത് മനസിലാക്കാന്‍ കോട്ടണ്‍ ഹില്ലിലെ പ്രധാന അധ്യാപിക ഊര്‍മ്മിളാ ദേവി ടീച്ചറെ കണ്ടാല്‍ മതി. കുട്ടികള്‍ക്ക് നിത്യേന നിരവധി പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്ന, കഴിഞ്ഞ 30 വര്‍ഷമായി അങ്ങനെ ചെയ്തു കൊണ്ടിരിക്കുന്ന, ടീച്ചര്‍ക്ക് അത് എളുപ്പം പറഞ്ഞു തരാന്‍ പറ്റും. കാരണം ഈ കഥയിലെ സൈക്കിള്‍ ടീച്ചറും ബസ് നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുമാണ്.

ജൂണ്‍ 16ന് കോട്ടണ്‍ ഹില്‍ സ്കൂളില്‍ നടന്ന ഇംഗ്ലീഷ് ക്ലബുകളുടെ ജില്ലാതല പ്രവര്‍ത്തനോത്ഘാടന ചടങ്ങാണ് പ്രശ്നങ്ങളുടെ പ്രഭവ കേന്ദ്രമായി മാറിയത്. 9.30നു തുടങ്ങുന്ന സ്കൂള്‍ അസംബ്ലി മുതല്‍ ഉച്ച ഒരു മണി വരെ, മൂന്നര മണിക്കൂര്‍ സമയം, വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ക്ലാസില്‍ കയറാതെ കുത്തിരിക്കേണ്ടി വന്ന കുട്ടികള്‍ക്ക് വേണ്ടി സംസാരിച്ചതാണ് ഊര്‍മ്മിളാ ദേവി ടീച്ചര്‍ ചെയ്ത മഹാപാതകം. ഒരു ടീച്ചറുടെ പ്രാഥമിക ഉത്തരവാദിത്തം തന്‍റെ കുട്ടികളല്ലാതെ മറ്റാരാണ്? മന്ത്രി പരിപാടിയില്‍ പങ്കെടുക്കും എന്നു പറഞ്ഞത് 11 മണിക്ക്. എത്തിയത് 12.30നും. എന്നത്തേയും പോലെ വൈകി വന്നതില്‍ ക്ഷമാപണത്തോടെയാണ് മന്ത്രി തുടങ്ങിയത്. പക്ഷേ ആശംസാ പ്രസംഗം നടത്താന്‍ എത്തിയ ടീച്ചര്‍ കുട്ടികള്‍ക്ക് നഷ്ടമായ സമയത്തെക്കുറിച്ച് വളരെ വിനയത്തോടെ സംഘാടകരെ ഓര്‍മ്മിപ്പിച്ചു. ഇനിയെങ്കിലും ഇത്തരം പരിപാടികള്‍ സഘടിപ്പിക്കുമ്പോള്‍ കുറച്ചുകൂടി സമയനിഷ്ഠ പാലിക്കണമെന്ന് സംഘാടകരോട് നടത്തിയ ടീച്ചറുടെ അപേക്ഷയാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്ക് ‘ഇകഴ്ത്തലായി’ മാറിയത്. കൂടാതെ ടീച്ചര്‍ അഹന്തയുള്ളവരും താന്‍ പ്രമാണിയുമാണെന്നും നിയമസഭയില്‍ എഴുതി വായിച്ച കുറിപ്പിലൂടെ മന്ത്രി ലോകത്തെ അറിയിച്ചു. പക്ഷേ അപേക്ഷ എങ്ങനെയാണ് അഹന്തയായി മാറുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായതേയില്ല.

മന്ത്രി പറയുന്നത് താന്‍ റബ്ബുല്‍ അലമീനായ തമ്പുരാനെ പോലെ പരമ കാരുണികനാണ് എന്നാണ്. തന്‍റെ ദാസനായ ഉദ്യോഗസ്ഥ പ്രഭു സസ്പെന്‍ഷന്‍ ചെയ്യാന്‍ റിപ്പോര്‍ട് തന്നപ്പോള്‍ അത് സ്ഥലം മാറ്റമായി ചുരുക്കിയത് താനാണ് എന്ന് മന്ത്രി നിയമസഭയിലും മാധ്യമങ്ങളുടെ മുന്‍പിലും ആവര്‍ത്തിച്ചു. മിസ്റ്റര്‍ വിദ്യാഭ്യാസമന്ത്രി താങ്കളുടെ ഉടുതുണി അഴിഞ്ഞു വീഴുന്നത് മനസിലാക്കാനുള്ള ബൌദ്ധിക നിലവാരം പോലും താങ്കള്‍ക്കില്ലേ എന്നാണ് ഇത് കേട്ട പൊതു സമൂഹം അത്ഭുതകൂറുന്നത്.

ലീഗിന്റെ നേതാവടക്കം മന്ത്രിയായിരുന്ന കഴിഞ്ഞ യു പി എ സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ നാടാണിത്. ആ നാട്ടിലാണ് കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെക്കുറിച്ച് പറഞ്ഞ ഒരു അധ്യാപികയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്. കൂടാതെ സ്കൂളില്‍ അധ്യയന ദിവസങ്ങള്‍ കവര്‍ന്നിട്ട് പൊതു പരിപാടികള്‍ നടത്തരുത് എന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവുമുണ്ട്. അങ്ങനെയെങ്കില്‍ ആ പരിപാടി നടത്താന്‍ അനുവാദം കൊടുത്തതിന്റെ പേരിലായിരിക്കേണ്ട ടീച്ചര്‍ക്കെതിരെ നടപടിയെടുക്കേണ്ടത്? അപ്പോള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്ത മന്ത്രിയും ഒരു കൂട്ട് പ്രതി തന്നെ.

ലീഗ് മന്ത്രിമാര്‍ എന്ത് കന്നംതിരിവ് കാണിച്ചാലും കമാന്നൊരക്ഷരം എതിര്‍ത്തു പറയാത്ത മുഖ്യമന്ത്രി ഈ സംഭവത്തിലും പഴയത് തന്നെ ആവര്‍ത്തിച്ചു. ടീച്ചര്‍ക്കെതിരെ ശിക്ഷാ നടപടി എടുത്തതിനെ ന്യായീകരിച്ച മുഖ്യമന്ത്രി മറ്റൊന്നു കൂടി വെളിപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രിയെ സ്കൂളിലേക്ക് കയറ്റാതിരിക്കാന്‍ ടീച്ചര്‍ ഗേറ്റടച്ചിട്ടു എന്ന്. മാത്രമല്ല ഗേറ്റ് കീപ്പറെ ഗേറ്റില്‍ നില്ക്കാന്‍ സമ്മതിക്കാതെ തന്‍റെ മുറിയില്‍ പിടിച്ചു നിര്‍ത്തുകയും ചെയ്തു. മന്ത്രിയുടെ പാവം ഗണ്‍മാനാണ് കാറില്‍ നിന്നിറങ്ങി ആ വലിയ കവാടം തള്ളി തുറന്നത് പോലും! എന്ത് ഭോഷ്ക്കാണ് ഈ മുഖ്യന്‍ പറയുന്നത്? കേരളത്തിലെ ഏത് സ്കൂളിന്‍റെ ഗേറ്റാണ് സ്കൂള്‍ അവറില്‍ തുറന്നിടാറ്. അല്ലെങ്കില്‍ തന്നെ ഒന്നര മണിക്കൂര്‍ വൈകി വന്ന മന്ത്രി ഒന്നര മിനുട്ട് ഗേറ്റിങ്കല്‍ നിന്നുപോയാല്‍ എന്താണ് പ്രശ്നം? കുട്ടികള്‍ക്ക് വേണ്ടി അത്രയെങ്കിലും ശിക്ഷ മന്ത്രിക്ക് കൊടുത്തതിന് ടീച്ചറെ അഭിനന്ദിക്കുകയാണ് വേണ്ടത്.

30 വര്‍ഷമായി ഊര്‍മ്മിളാ ദേവി ടീച്ചര്‍ അധ്യാപന രംഗത്ത് എത്തിയിട്ട്. നാല് വര്‍ഷം മുന്‍പാണ്  കോട്ടണ്‍ ഹില്‍ സ്കൂളിന്‍റെ അഡീഷണല്‍ എച്ച് എം ആയി എത്തുന്നത്. ഇതുവരെ ടീച്ചര്‍ക്കെതിരെ എന്തെങ്കിലും പരാതി ഉണ്ടായതായി അറിവില്ല. മാത്രമല്ല ഇതിന് മുന്‍പും നിരവധി പരിപാടികളില്‍ വിദ്യാഭ്യാസ മന്ത്രിയടക്കം വിവിധ മന്ത്രിമാരോടൊപ്പം ടീച്ചര്‍ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നും എന്തെങ്കിലും ‘അഹങ്കാരം’ ഈ ടീച്ചര്‍ കാണിച്ചു എന്ന് ഒരു മന്ത്രിയും പരാതി പറഞ്ഞിട്ടില്ല. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രി പറയുന്നത് പി ടി എ ടീച്ചര്‍ക്കെതിരെ പരാതി തന്നിട്ടുണ്ട് എന്നാണ്. അത് എന്താണെന്ന് മന്ത്രി വിശദീകരിച്ചിട്ടുമില്ല. ടീച്ചര്‍ക്ക് വിശദീകരണം നല്‍കാന്‍ 15 ദിവസം സമയമുണ്ടായിട്ടും ഉടന്‍ തന്നെ നടപടി എടുക്കുകയും, ടീച്ചര്‍ ട്രിബ്യൂണലിന് നല്കിയ പരാതിയെ ദുര്‍ബലപ്പെടുത്താന്‍ പെട്ടെന്ന് തന്നെ പുതിയ അധ്യാപികയെ കോട്ടണ്‍ ഹില്ലില്‍ നിയമിക്കുകയും ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ എത്തിക്കുന്നതില്‍പ്പോലും ഇത്ര ശുഷ്ക്കാന്തി കാണിക്കാത്ത മന്ത്രി ഈ കാര്യത്തില്‍ കാണിച്ച ഉത്തരവാദിത്ത ബോധം ആരെയും വിസ്മയിപ്പിക്കുന്നതാണ്.

പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ എന്ന പരിഗണന മാത്രമല്ല ടീച്ചര്‍ക്ക് അര്‍ഹമായിട്ടുള്ളത്. ക്യാന്‍സറിന് ചികിത്സ നടത്തിവരികയാണ് ടീച്ചര്‍. ഭര്‍ത്താവും ഹൃദ്രോഗ ബാധിതനും. ഇത്തരം മാനുഷിക പരിഗണനകളൊക്കെ രണ്ടാമതാണ് എന്നാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ആംബുലന്‍സിലും സ്ട്രെച്ചറിലും തന്നെ കാണാന്‍ എത്തിയ(ച്ച) രോഗികള്‍ക്ക് കരുണാ വായ്പ്പോടെ സഹായധനം വിതരണം ചെയ്യുന്ന ഒരു മുഖ്യന്‍റെ സഹപ്രവര്‍ത്തകനാണ് രോഗിയായ ടീച്ചറോട് ഇത്ര കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

1947ല്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടി എന്നാണ് ചരിത്രം പറയുന്നത്. അന്ന് കൊളോണിയല്‍ ഭരണ കൂടത്തെ മാത്രമല്ല ജന്മി-നാടുവാഴിത്ത വ്യവസ്ഥിതിയെയും നമ്മള്‍ കെട്ടുകെട്ടിച്ചു എന്നാണ് ചരിത്രത്തില്‍ പഠിപ്പിക്കുന്നത്. പകരം രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന, അവരുടെ പ്രതിനിധികള്‍ അധികാരത്തിലേറുന്ന, ജനാധിപത്യ സംവിധാനം നിലവില്‍ വന്നു എന്ന് രാഷ്ട്രതന്ത്രത്തിലും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ ജനാധിപത്യ തമ്പുരാക്കാന്‍മാരുടെ ഉള്ളില്‍ ഇപ്പൊഴും ഒരു നാടുവാഴി ഉറങ്ങിക്കിടക്കുന്നുണ്ട് എന്നാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

കേരളം ഓടുന്നത് റിവേഴ്സ് ഗിയറില്‍ – എം.എന്‍ കാരശേരി
ഞാന്‍ കുറ്റപ്പെടുത്തുക ഇടതുപക്ഷത്തെയാണ് – ഡോ.കെ ശാരദാമണി
സംസ്ഥാന എ.ഡി.ജിപിയുടെ ജാതി ചോദിക്കുമ്പോള്‍
ജനാധിപത്യം രാജാവിന്‍റെ ഔദാര്യമല്ല
ഈ ജാതി തീരത്ത് തരരുത് ഇനിയൊരു ജന്മം കൂടി

താനൊരു പട്ടികജാതിക്കാരിയായത് കൊണ്ട് തന്നെ ഒതുക്കാനുള്ള ഗൂഢാലോചന നടന്നു എന്ന് ടീച്ചര്‍ പറയുമ്പോള്‍ ഈ മേലാളന്മാരുടെ മനസില്‍ അധികാര പ്രമത്തത ബാധിച്ച നാടുവാഴികള്‍ മാത്രമല്ല ജാതിക്കോമരങ്ങള്‍ കൂടി ഉണ്ടെന്ന് കേരളീയര്‍ തിരിച്ചറിയുകയാണ്.

ഇനി ഒരു ചോദ്യം. മന്ത്രിയുടെ മുന്‍പാകെ ഒരു തെറ്റ് ചൂണ്ടിക്കാട്ടിയ പ്രധാന അധ്യാപികയ്ക്ക് ഇതാണ് ശിക്ഷ എങ്കില്‍, മന്ത്രി എഴുതിയ ഫയലില്‍ തിരുത്തെഴുതുന്ന ഉദ്യോഗസ്ഥന്മാര്‍ക്കും ഇതുമാതിരിയുള്ള ശിക്ഷ നല്‍കുമോ? അങ്ങനെ ഉണ്ടാവുമായിരിക്കും. തിരുത്തുന്നത് ജാതിയില്‍ താണവനാണെങ്കില്‍ പ്രത്യേകിച്ചും.

This post was last modified on June 26, 2014 5:24 pm

Related Post
Leave a Comment