കെ എ ആന്റണി
കൊല്ലം കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എന്ന വാര്‍ത്ത ഒരു അപരിഷ്‌കൃത സമൂഹത്തിന്റെ നേര്‍ക്കാഴ്ച്ചയായി വായിക്കാനാണിഷ്ടം. ന്യായവാദങ്ങള്‍ ഒരുപാട് ഉണ്ടാകാം. മണിയന്‍ പിള്ള എന്ന പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ ആട് ആന്റണിയുടെ ശിക്ഷാവിധിക്കിടയില്‍ മാധ്യമപ്രവര്‍ത്തകരും വക്കീലന്മാരും തമ്മിലുള്ള ഗുസ്തി മുതലെടുത്ത് അയാള്‍ രക്ഷപ്പെട്ടേക്കാമെന്ന ഇന്റലിജന്‍സ് വാര്‍ത്തകള്‍ ഒരുഭാഗത്ത്. മറുഭാഗത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയിലെ ധാരണകള്‍ പാളിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ആക്ഷേപം. കൊലക്കുറ്റം മാത്രമല്ല, നിരവധി മോഷണക്കേസുകളിലും പ്രതിയാണ് ആട് ആന്റണി. അയാള്‍ രക്ഷപ്പെടണമെന്ന് ഒരു മാധ്യമപ്രവര്‍ത്തകനും കരുതാന്‍ ഇടയില്ല. അതുകൊണ്ട് തന്നെയാവണം പൊലീസിന്റെ അതീവജാഗ്രതയോട് അവര്‍ ഒരു വലിയ പരിധിവരെ സഹകരിച്ചതും.
കോടതി എന്ന സമ്പ്രദായം ഉണ്ടായ കാലം മുതല്‍ക്കു തന്നെ വാദിയും പ്രതിയും നീതി നടത്തിപ്പുകാരനും ഉണ്ടായിരുന്നു. അവര്‍ക്കൊപ്പം വിചാരണവേളകളില്‍ ആകെയുണ്ടായിരുന്നത് പൊതുജനം ആയിരുന്നു. അവരില്‍ ഭൂരിഭാഗവും ഒന്നുകില്‍ പ്രതിക്കെതിരെ സംസാരിക്കാന്‍ വന്നവരോ പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരോ ആയിരുന്നൂവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
അന്നൊക്കെ ന്യായാധിപന്മാര്‍ രാജ്യം ഭരിക്കുന്നവരോ അല്ലെങ്കില്‍ അവരുടെ പ്രതിനിധികളായവരോ ആയിരുന്നു. അപരിഷ്‌കൃത സമൂഹം എന്നു പറയപ്പെട്ടിരുന്നവരുടെ ഇടയിലും നീതി നടത്തിപ്പ് അവര്‍ക്കിടിയില്‍ ഭരണം കൈയ്യാളിയവര്‍ക്കായിരുന്നു. അക്കാലത്തൊന്നും വക്കീലന്മാര്‍ എന്ന ഒരു വിഭാഗം ഉണ്ടായിരുന്നില്ല. അവരുടെ ലിംഗവും നിര്‍ണയിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ എന്തൊക്കെയാണു കോടതികളില്‍ നടന്നിരുന്നതെന്ന് തീര്‍ച്ചയായും രേഖപ്പെടുത്തിയിരുന്നു.
കാലം മാറി. ചക്രവര്‍ത്തിമാരും രാജാക്കന്മാരും രാജ്ഞിമാരുമൊക്കെ സാധാരണ പൗരന്മാരോ അതിനു മുകളില്‍ അതതുനാട്ടിലെ ഭരണകൂടങ്ങള്‍ കല്‍പ്പിച്ചരുളുന്ന ഇട്ടാവട്ടങ്ങളിലേക്ക് ഒതുങ്ങി. കറുത്ത ഗൗണ്‍ ധരിച്ച മജിസ്‌ട്രേറ്റുമാരും പ്രതിക്കും വാദിക്കും വേണ്ടി ഹാജരാവുന്ന വക്കീലന്‍മാരും വന്നു. അതിനെ വലിയൊരു മാറ്റമായി പൊതുസമൂഹം വാഴ്ത്തിപ്പാടി. പുതിയകാലത്തും ഓരോ നീതി നടത്തിപ്പും രേഖപ്പെടുത്തുകയും ഉണ്ടായി. ആ ജോലി ഇന്ത്യയിലെന്നല്ല ലോകത്ത് എവിടെയും തുടക്കത്തില്‍ നടത്തി വന്നിരുന്നത്. ബഞ്ച് ക്ലാര്‍ക്കുമാരായിരുന്നു. സത്യത്തില്‍ കേസില്ലാ വക്കീലിനെയും കേസുള്ള വക്കീലിനെക്കാളും വലിയ മനുഷ്യനാണ് ഈ ബഞ്ച് ക്ലാര്‍ക്കുമാര്‍. അവരുടെ സേവനം കോടതി ലൈബ്രറിയിലെ ഇരുണ്ട ഷെല്‍ഫുകളില്‍ ചിതലെടുത്ത് നശിക്കാതെ പ്രകാശിതമാക്കാന്‍കൂടി വേണ്ടിയാണ് കോടതികാര്യ റിപ്പോര്‍ട്ടിംഗ് എന്ന സംവിധാനം നിലവില്‍ വന്നത്. ഈ അവകാശം. മാധ്യമപ്രവര്‍ത്തകര്‍ സമരം ചെയ്ത് നേടിയ ഒന്നല്ല. നാട്ടില്‍ ജനാധിപത്യം പുലരണമെന്നും ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം വളര്‍ന്നുവരണമെന്നും ആഗ്രഹിച്ച ഭരണാധികാരികള്‍ ഏര്‍പ്പെടുത്തിയ ഒരു സംവിധാനമാണിത്. ആ സംവിധാനത്തെയാണ് ഒരു സംഘം അഭിഭാഷകര്‍ നിര്‍ലജ്ജം ഇന്ന് വീണ്ടും ചോദ്യം ചെയ്തിരിക്കുന്നത്.
കൊച്ചി ഹൈക്കോടതിയില്‍ നടന്ന അഭിഭാഷക-മാധ്യമപ്രവര്‍ത്തക സംഘര്‍ഷത്തിന്റെ തുടര്‍ച്ച തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും അരങ്ങേറിയപ്പോള്‍ ഒരുകാര്യം വ്യക്തമായിരുന്നു. കറുത്ത കോട്ടിട്ടതുകൊണ്ടു മാത്രം ആരും വക്കീലാവില്ല. കേസ് വാദിച്ചു ജയിക്കുന്നതിനേക്കാള്‍ കേമമാണ് കയ്യാങ്കളിയെന്നാണ് ചിലരൊക്കെ തീരുമാനിച്ചുവച്ചിരിക്കുന്നതെന്നാണ് കഴിഞ്ഞ രണ്ടു സംഭവങ്ങളും സൂചിപ്പിക്കുന്നത്. കേസില്ലാ വക്കീലിന് കേസ് പിടിച്ചുകൊടുക്കുന്ന വക്കീല്‍ സാറന്മാര്‍ക്ക് ഇത്തവണ റിയോ ഒളിമ്പിക്‌സിലേക്ക് ഒരു സാധ്യതുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ മെക്കിട്ടുകേറാന്‍ വരരുത്. ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതിനാല്‍ തിരിച്ചൊന്നു തരാന്‍ കൈക്കും കാലിനും ആവില്ലല്ലോ!
കോപ്പിയടിച്ചാലേ ജയിക്കൂ എന്നു വിശ്വസിച്ച ചില രാഷ്ട്രീയകുപ്പായ നെയ്ത്തുകാരുടെ ലാവണങ്ങളായിരുന്നു കേരളത്തിലെ നിയമപഠനകേന്ദ്രങ്ങള്‍. കേരളത്തില്‍ സീറ്റ് തരപ്പെട്ടില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലും അവരുണ്ടാകും. ഹാജര്‍ നിര്‍ബന്ധമല്ലാത്ത മംഗലാപുരത്തെ ഉഡുപ്പിയിലും തമിഴ്‌നാട്ടിലെ പലകേന്ദ്രങ്ങളിലും അവരൊക്കെ അന്നും ഇന്നും സജീവം. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കെ ശിവദാസന്‍ നായരും എ പി അബ്ദുള്ള കുട്ടിയും വക്കീല്‍ പണിയിലേക്ക മടങ്ങി. എന്തുകൊണ്ട് മറ്റു ചില പരാജയപ്പെട്ട വക്കീല്‍ നേതാക്കന്മാര്‍ കോടതികളിലേക്കു മടങ്ങുന്നില്ല എന്ന അന്വേഷണത്തില്‍ കിട്ടിയ മറുപടി അവരൊക്കെ ഫെയ്‌സ്ബുക്കില്‍ എല്‍എല്‍ബി വയ്ക്കുന്നുണ്ടെങ്കിലും പാസായിട്ടുണ്ടാവില്ല എന്നതാണ്. ഒരു വക്കീല്‍ സുഹൃത്ത് പറഞ്ഞതുപോലെ സന്നദ് എടുക്കാത്തവരും കോടതിയില്‍ സജീവമാണ്. കോട്ടിന്റെ ബലമില്ലെങ്കിലും കോട്ടിന്റെ ബലം പറഞ്ഞും കേസുകള്‍ സംഘടിപ്പിച്ചു കൊടുക്കുന്ന ഒരു റാക്കറ്റ് മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വിടുപപണി അഥവ മാമ പണി ചെയ്യുന്ന ആളുകള്‍. ലിംഗമില്ലാത്ത ഇവരെ ഏതു ലിംഗത്തില്‍ പെടുത്തണമെന്നറിയില്ല.
മാധ്യമപ്രവര്‍ത്തകരെ നാലാംലിംഗക്കാരെന്ന് ആക്ഷേപിച്ച ലിംഗമില്ലാത്ത സന്നദെടുക്കാത്ത വക്കീല്‍ ഗൂണ്ടമാരോട് ഒരുവാക്ക്; ജനാധിപത്യസമ്പ്രദായത്തില്‍ കോടതി ആരുടെയും തറവാട്ട് സ്വത്തല്ല. ന്യായാധിപന്‍ വരും, പ്രതിയും വാദിയും ഉണ്ടാകും. വിധി നടത്തിപ്പ് രേഖപ്പെടുത്തുന്നവരും ഉണ്ടാകും. ഈ രേഖപ്പെടുത്തലാണ് മാധ്യമപ്രവര്‍ത്തകരുടെ ജോലി. അവിടെ വിടുപണിക്കാര്‍ക്കും മാമ ജോലി ചെയ്യുന്നവര്‍ക്കും സാധ്യതയില്ലെന്ന് ഇനിയെങ്കിലും നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. നിങ്ങള്‍ക്കെതിരെ സംസാരിച്ച മുതിര്‍ന്ന വക്കീലന്മാരുടെ നാവ് അടപ്പിക്കും എന്ന ബാര്‍ കൗണ്‍സില്‍പോലുള്ള സംഘടനകള്‍ വാണരുളുന്ന ചില ആളുകളുടെ ജല്പനങ്ങള്‍ എത്രമാത്രം അവമതിപ്പ് ഉണ്ടാക്കുന്നൂവെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും സംഭവിക്കാന്‍ പാടില്ലാത്ത ഒരു തെറ്റു തന്നെയായിരുന്നു സ്ത്രീപീഡന കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട ഗവണ്‍മെന്റ് പ്ലീഡറുടെ പേരും ചിത്രവും കൊടുത്തത് എന്നത് കുറച്ചു കാണുന്നില്ല. ഒന്നോ രണ്ടോപേര്‍ ചെയ്ത ഒരുകാര്യത്തിന്റെ പേരില്‍ ജനാധിപത്യത്തിന്റെ നെടുംതൂണായ ഒരു സംവിധാനത്തെ നാലാംലിംഗക്കാര്‍ എന്ന് ആക്ഷേപിക്കുമ്പോള്‍ കൂട്ടിക്കൊടുപ്പുകാരന്റെ ഉളുപ്പില്ലായ്മ മനസിലാവണമെങ്കില്‍ ഫ്രാന്‍സ് കാഫ്കയുടെ ദി ട്രയല്‍ (വിചാരണ) എന്ന വിഖ്യാത നോവലെങ്കിലും വായിക്കുക.
(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
This post was last modified on July 27, 2016 5:35 pm
Leave a Comment