X

കേന്ദ്ര നേതൃത്വമുണ്ടാക്കിയ ധാരണ സംസ്ഥാന നേതൃത്വം പൊളിച്ചു; ശ്രീജിത്തിനെ സിപിഎം പുറത്താക്കി

അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ശ്രീജിത്

ജിഷ്ണു പ്രണോയിയുടെ ബന്ധു ശ്രീജിത്തിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു ശ്രീജിത്ത്. പാര്‍ട്ടി, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരിലാണു ശ്രീജിത്തിനെ പുറത്താക്കിയിരിക്കുന്നത്. അതേസമയം തനിക്കെതിരായ നടപടിയെ സംബന്ധിച്ച് ഒരു തരത്തിലുള്ള വിശദീകരണമോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നു ശ്രീജിത്ത് പറഞ്ഞു.

അതേസമയം ശ്രീജിത്തിനെ പുറത്താക്കിയ തീരുമാനം കേന്ദ്ര-സംസ്ഥാന തലത്തിലെ തീരുമാനത്തിനു വിരുദ്ധമായി ഉണ്ടായിരിക്കുന്നതാണ്. ജിഷ്ണുവിന്റെ അമ്മ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഇന്നലെ സിപിഎം പോളിറ്റ് ബ്യൂറോ തലത്തിലാണ് തീരുമാനം ഉണ്ടായത്.

മഹിജയുടെ അഭിഭാഷകനായ ജയ്‌മോന്‍ ആന്‍ഡ്രൂസ് ഇന്നലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ബന്ധപ്പെട്ടിരുന്നു. ഈ വിവരം യെച്ചൂരി മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വിളിച്ചറിയിച്ചു. അഭിഭാഷകനുമായി എന്തു സംസാരിക്കണം എന്ന തീരുമാനത്തില്‍ എത്തിയശേഷമാണു ജനറല്‍ സെക്രട്ടറി, ജയ്‌മോന്‍ ആന്‍ഡ്രൂസുമായി സംസാരിച്ചത്. ഇതിനുശേഷം വീണ്ടും അവയലബിള്‍ പിബി കൂടി. പിബിക്കുശേഷം അഡ്വ. ജയ്‌മോന്റെ ഫോണില്‍ നിന്നും മഹിജയോടും ശ്രീജിത്തിനോടും യെച്ചൂരി സംസാരിച്ചു. വീണ്ടും പി ബി കൂടിയശേഷം ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രിയെ പി ബി തീരുമാനം അറിയിച്ചു. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിലെ ഉപദേഷ്ടാവായ എം വി ജയരാജനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെയും മഹിജയെ കാണാന്‍ ആശുപത്രിയിലേക്ക് അയക്കുന്നത്. ഇവരെത്തി നടത്തിയ സംഭാഷണത്തിനുശേഷമാണ് മഹിജ നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്ന് പാര്‍ട്ടി കേന്ദ്രതലത്തിലുള്ള നേതാവ് അഴിമുഖത്തോട് പറഞ്ഞു.

കേന്ദ്ര-സംസ്ഥാന തലത്തില്‍ ഈ തരത്തില്‍ രൂപപ്പെട്ട ഈ ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ ശ്രീജിത്തിനെതിരേ നടപടികള്‍ക്ക് ശിപാര്‍ശയൊന്നും ഉണ്ടായിരുന്നില്ലെന്നിരിക്കെ ഇപ്പോള്‍ പ്രാദേശിക തലത്തില്‍ ഉണ്ടായിരിക്കുന്ന പുറത്താക്കല്‍ തീരുമാനം ആരുടെ നിര്‍ദേശപ്രകാരമാണെന്നത് പാര്‍ട്ടി നേതൃതലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.

This post was last modified on April 11, 2017 8:28 am