X

സൈബര്‍ തെരുവുകളിലെ ഈ യുവത്വത്തെ സി.പി.എമ്മിന് വേണ്ടേ?

വി കെ അജിത്‌ കുമാര്‍


“ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ നമ്പര്‍ താല്‍ക്കാലികമായി ബ്ളോക്ക് ചെയ്തിരിക്കുകയാണ്. രണ്ട് ദിവസത്തെ അസൗകര്യം ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”

ഈ പോസ്റ്റ്‌ ഒരു സാധാരണ ഫേസ് ബുക്ക് യൂസറിന്‍റേതല്ല. പാലക്കാട് എംപി എം.ബി രാജേഷ്‌ സുഹൃത്തുക്കളെ അറിയിച്ചതാണ്‌. ഇത് പൊതുരംഗത്തുള്ളവര്‍ എത്രമാത്രം ജനകീയരാകണമെന്നും  കേരളത്തിലെ പൊതുധാരാ രാഷ്ട്രിയ ഇടപെടലുകളില്‍ ഇടതുപക്ഷവും സിപിഎമ്മും ഇന്ന് എവിടെ നില്‍ക്കുന്നു എന്നും ചിന്തിപ്പിക്കുന്നു.

യുവത്വം, പാര്‍ട്ടിയില്‍ നിന്നും അകലുന്ന കാഴ്ച എത്ര നിരസിച്ചാലും നടക്കുന്നുണ്ടെന്ന് ഉള്ളാലെയെങ്കിലും സമ്മതിക്കേണ്ടതായുണ്ട്. നവമാധ്യമങ്ങളും യുവാക്കളും അറുപതു കഴിഞ്ഞ പ്രധാനമന്ത്രിക്ക് പോലും യുവത്വം നല്‍കുമ്പോള്‍ പുരോഗമന പാര്‍ട്ടിയെന്നവകാശപ്പെടുന്ന ഇടതുപക്ഷം ഇപ്പോഴും പിന്നില്‍ തന്നെയാണ്. ജനകീയ വിപ്ലവത്തിന്റെ പാതയിലൂടെ ഒരു സമുഹത്തെ ഭരണഘടന  ഉറപ്പാക്കുന്ന അവകാശങ്ങള്‍ നേടിക്കൊടുക്കുവാന്‍ നിഷ്പ്രയാസം കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനായെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് വായനയും വിദ്യാഭ്യാസവും ലഭ്യമായ ഒരു ക്രീം ലയറിന്‍റെ അടിസ്ഥാനവര്‍ഗ്ഗകാഴ്ചപ്പാടുകള്‍ക്കുള്ളതാണ്. അതാണ് ഇന്ന് നഷ്ടമായികൊണ്ടിരിക്കുന്നതും.

കേരളത്തിന്‍റെ നല്ലൊരു വിഭാഗം ഇന്ന് പ്രതികരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് നവമാധ്യമങ്ങളിലൂടെയാകുമ്പോള്‍ ചില ലഘുവായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നമ്മുടെ പാര്‍ട്ടി സഖാക്കന്മാര്‍ക്ക് ബാധ്യതയുണ്ട്.

ഒന്ന്) കംപ്യുട്ടര്‍ സാക്ഷരത എത്ര പാര്‍ട്ടി നേതാക്കന്മാര്‍ക്കുണ്ട്?
രണ്ട്) ഫേസ്ബുക്ക്‌ അക്കൌണ്ടുള്ള എത്ര പാര്‍ട്ടി അംഗങ്ങള്‍ ഉണ്ട്?
മൂന്ന്) പാര്‍ട്ടി കമ്മിറ്റിക്ക് ഒരു എസ് എം എസ് എങ്കിലും സ്വന്തമായി അയക്കുന്ന എത്ര സെക്രട്ടറിമാര്‍ ഉണ്ട്?
നാല്) വാട്ട്സ്ആപ്പ് ഈയടുത്ത കാലത്ത് ചില ‘നീല’ കലര്‍ന്നപ്പോഴല്ലേ നിങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്?

 

ഇതൊന്നും ഇല്ലാത്ത കാലത്തും പാര്‍ട്ടി ഉണ്ടായിരുന്നു- വളര്‍ന്നിരുന്നു. എന്നെല്ലാം ഉത്തരം തരുന്നവര്‍ ഒന്നുകൂടി മനസിലാക്കുക അന്ന് എവിടെയാണോ പാര്‍ട്ടി നിന്നിരുന്നത് അവിടെ തന്നെയാണ് ഇന്നും. എന്നാല്‍ അത്തരം ഒരവസ്ഥയല്ല ഇന്നത്തെ പൊതുചിന്ത ആവശ്യപ്പെടുന്നത്.

ഇടതുപക്ഷത്തിന്‍റെ സ്പേസ് ആം ആദ്മി പാര്‍ട്ടി ഉപയോഗിക്കുന്നു, ഉത്തരേന്ത്യയില്‍ ഇടതുപക്ഷമോ സിപിഎമ്മോ ഇല്ലാതാകുന്നു, എന്നെല്ലാം വിലപിക്കുമ്പോള്‍ ഇത്തരം വിലയിരുത്തലുകളാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. നരേന്ദ്ര മോദിയും അരവിന്ദ് കേജ്രിവാളും അഖിലേഷ് യാദവും വിജയിക്കുന്നിടത്ത് സിപിഎം പരാജയപ്പെടുന്നതും ഇതുകൊണ്ടാണ്. വിദ്യാഭ്യാസം സിദ്ധിച്ച യുവതയെയാണ് എന്നും നാടിനാവശ്യം. ഇത് രജീവ്ഗാന്ധിയും ആന്റണിയും പിന്നെ അതിനും മുന്‍പ് ഇ എം എസ് ഉള്‍പ്പെടുന്ന ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭയും തെളിയിച്ചിട്ടുണ്ട്.

ഡിഗ്രിയോ, എസ് എസ് എല്‍ സി യോ മാത്രം യോഗ്യതയുളളവരുടെ ക്രെഡന്‍ഷ്യലുകള്‍ കൊണ്ട് പാര്‍ട്ടി അലമാരകള്‍ നിറയുമ്പോള്‍ ഇന്ന് പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയ എത്ര പുതു തലമുറ ഈ കമ്മിറ്റികളിലോ സമ്മേളനങ്ങളിലോ പ്രത്യക്ഷരാകുന്നുണ്ട്? ഈ അവസരത്തിലാണ് പാര്‍ട്ടിയുടെ സമ്മേളനത്തിലെ ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അത്യാവശ്യം നേതാക്കള്‍ പഠിക്കേണ്ടത്. അത് വെറുതെ വായിച്ചു രസിക്കാനുള്ളതല്ല. ഓരോ സമ്മേളന പ്രതിനിധികളുടെയും യോഗ്യതയുടെ വെളിപ്പെടുത്തലുകളാകുമ്പോള്‍ മൊത്തത്തില്‍ പാര്‍ട്ടി സംവിധാനത്തിന്‍റെ ശരാശരി വിദ്യാഭ്യാസ യോഗ്യതയുടെ വെളിപ്പെടുത്തലുകള്‍ കൂടിയാകുന്നു അത്.

ബ്രാഞ്ച്, ഏരിയാ സമ്മേളനങ്ങള്‍ കഴിഞ്ഞ് ജില്ലാ സമ്മേളനങ്ങളില്‍ എത്തിനില്‍ക്കുന്ന  പാര്‍ട്ടിയിലെ ഭിന്നതകളും പിളര്‍പ്പുകളും എല്ലാം മാറ്റിവച്ചുകൊണ്ട് ഒന്നാലോചിച്ചാല്‍ പാര്‍ട്ടി യുവജനങ്ങളുടെ കുടെയുണ്ടോ, യുവാക്കള്‍ പാര്‍ട്ടിയുടെ കൂടെയുണ്ടോ എന്ന് ഒരു വിചിന്തനത്തിന് സമയം കഴിഞ്ഞിരിക്കുന്നു. ഓരോ പാര്‍ട്ടി യുണിറ്റും ഓരോ സെല്ലാറുകളായി, ജനകീയമല്ലാത്ത പരിപാടികളുമായി നീങ്ങുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷ എന്ന പക്ഷമാണ്  ഇല്ലാതാകുന്നത്, അതായത് ചിലര്‍ക്ക് (വൃദ്ധന്‍മാര്‍ക്ക്) നേതാവാകാനും പാര്‍ലമെന്‍ററി വ്യാമോഹങ്ങള്‍ നല്‍കുന്നതുമായ ഒരു സംവിധാനം മാത്രമായി പാര്‍ട്ടി മാറപ്പെടുന്നു.

പാര്‍ട്ടി സമരങ്ങള്‍, അതിന്‍റെ രീതികള്‍, ഇതിലെല്ലാം ആ പഴയ മന:സ്‌ഥിതി തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. വില്ലേജ് ഓഫിസുകളും പോസ്റ്റ്‌ ഓഫിസുകളും ഇന്നും പിക്കറ്റ് ചെയ്ത് ജനങ്ങളെ ഗ്രാസ് റൂട്ട് ലെവലില്‍ ബുദ്ധിമുട്ടിക്കുന്ന നേതാക്കന്മാര്‍ മനസിലാക്കേണ്ടത് ഇന്നത്തെ വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റമില്ലാതിരുന്ന ഒരുകാലത്ത് രൂപപ്പെട്ട സമര സംവിധാനങ്ങളായിരുന്നു ഇതെല്ലാം എന്നതാണ്. ഇന്നാരും ഉപ്പുണ്ടാക്കി പ്രതികരിക്കുമെന്ന് തോന്നുന്നില്ല–ഗാന്ധിജി പോലും. ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ അഭിപ്രായവും വിക്ഷണങ്ങള്‍ വ്യക്തമായി അവതരിപ്പിക്കുവാനും അതില്‍ നിലനില്‍ക്കുവാനും ഇന്ന് ശക്തമായ മാധ്യമ പിന്തുണയുള്ളപ്പോള്‍ അതില്‍ പോലും പരാജിതരാകുന്ന ഇടതുപക്ഷമാണ് ഇന്ന് നമുക്ക് മുന്‍പിലുള്ളത്.

 

രണ്ട് തരത്തില്‍ ഇവിടെ കാര്യങ്ങളെ വീക്ഷിക്കേണ്ടതുണ്ട്. നേതൃത്വം ആഹ്വാനം നല്കുന്ന പരിപാടികള്‍ ഏതു രീതിയില്‍ താഴേ തട്ടില്‍ എത്തുന്നു എന്നും, പിരിവ് തുടങ്ങിയ ജനസമ്പര്‍ക്ക പരിപാടികള്‍ എങ്ങനെ നടപ്പാക്കപ്പെടുന്നു എന്നും മനസിലാക്കേണ്ടതാണ്. 

വന്‍ ജനകീയ പങ്കാളിത്തം സിപിഎമ്മിന് നല്കികൊണ്ടിരുന്ന ഫണ്ട് പിരിവ് ഇന്ന് ചില പ്രത്യേക പോക്കറ്റുകള്‍ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള (ക്ഷേമ) പ്രവര്‍ത്തനമായി മാറിയത് പാര്‍ട്ടിയുടെ തലപ്പത്ത് വരെ അറിവുള്ളതായിട്ടും നിഷ്ക്രിയമാകുന്നത് എന്തുകൊണ്ടാണ്? പാലിയേറ്റിവ് കെയര്‍, രക്തദാനം മറ്റ് ജനനന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം നടപ്പാക്കപ്പെടുന്നു എന്നതും ചിന്തിക്കേണ്ടതാണ്. പ്രധാനമന്ത്രിവരെ ചൂലുമായി ഇറങ്ങിയ രാജ്യത്ത് എത്ര ബ്രാഞ്ച് സെക്രട്ടറിമാര്‍ ഇത്തരം ഒരു പ്രവര്‍ത്തനത്തിന് നാട്ടിലിറങ്ങിയിട്ടുണ്ട്. ഇവിടെയാണ് തോമസ് ഐസക്‌ പാര്‍ട്ടിക്ക് നല്‍കിയ മൈലേജ് ശ്രദ്ധേയമാകുന്നത്. ജാനകീയമായ ഇടപെടലുകളില്‍ പാര്‍ട്ടിക്ക് ഒരു പാഠപുസ്തകമാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ നവമാധ്യമങ്ങളിലാണ്  വന്‍തോതില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. പാര്‍ട്ടിയുടെ ഇനിയുള്ള രാഷ്ട്രീയ കാഴ്ച്ചപ്പാട് ഇത്തരത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടതാണ്.

സിപിഎമ്മില്‍ നിന്നും ഒരു തോമസ്‌ ഐസക്കും ഒരു എം ബി രാജേഷും ഒരു പി കെ ബിജുവും മാത്രം യുവാക്കളുമായി സംവദിക്കുന്നത് സാക്ഷരതയില്‍ മുന്‍പില്‍ നില്‍ക്കുന്ന കേരളത്തിലാണ് എന്നത് വിസ്മരിക്കരുത്. അതുകൊണ്ട് പാര്‍ട്ടിയെ ഇവര്‍ക്ക് വിട്ട് കൊടുക്കൂ. അവര്‍ യുവാക്കളുമായി സംവദിക്കുന്നുണ്ട് കാരണം നമ്മുടെ യുവത്വം – അവരെപ്പോഴും സൈബര്‍ തെരുവുകളില്‍ പ്രതീക്ഷയോടെ നില്‍ക്കുന്നുണ്ട്. ഇതിന് തെളിവാണ് പാര്‍ട്ടി സെക്രട്ടറി, സൈബറില്‍ കത്തിപ്പടര്‍ന്ന ചുബന സമരത്തിനെ അനുകൂലിച്ചപ്പോള്‍ ഉണ്ടായ ഉണര്‍വും അതില്‍ നിന്നും അകന്നപ്പോള്‍ രൂപപെട്ട വിദ്വേഷങ്ങളോ നിരാശകലര്‍ന്ന പ്രതികരണങ്ങളോ നല്‍കിയത്. നമുക്ക് നഷ്ടപ്പെടുവാനുള്ളത് ചില കാലഹരണപ്പെട്ടതും വാര്‍ദ്ധക്യത്തിലെത്തിയതും ജനാധിപത്യപരമല്ലാത്തതുമായ പ്രതികരണങ്ങളും വാക്കുകളുമാണ്. ഈ തിരസ്കരണത്തിലൂടെ നേടാന്‍ കഴിയുന്നത്‌ ഇടതുപക്ഷം എന്നും നിലനിര്‍ത്തുന്ന യുവത്വവും പ്രതിക്ഷകളുമാണ്.

ജോര്‍ജ് ഓര്‍വെല്‍ ‘അനിമല്‍ ഫാം’ എഴുതിയത് വിരുദ്ധര്‍ക്ക് വേണ്ടിയാണെങ്കിലും അത് ഇന്ന് ഓരോ പാര്‍ട്ടിക്കാരനും അത്യാവശ്യം വയ്ക്കേണ്ട ഒരു പുസ്തകമായിരിക്കുന്നു. കാരണം  “All comrades  are equal, but some comrades are more equal than others”, എന്നത് ഇപ്പോഴും കാലഹരണപ്പെട്ടിട്ടില്ല.

 

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

*Views are Personal

 

This post was last modified on January 12, 2015 10:16 am