X

രാഷ്ട്രീയ പൊള്ളത്തരം; സിപിഎം നല്‍കുന്ന തിരിച്ചറിവുകള്‍

സിപിഎമ്മിന്റെ ന്യായീകരണ പ്രത്യയശാസ്ത്രത്തില്‍ അവര്‍ പറയുന്നതാണല്ലോ ധര്‍മ്മവും അധര്‍മ്മവും; അതു ചോദ്യം ചെയ്യരുതാത്തതുമാണല്ലോ!

2015 മാര്‍ച്ച് 13 കേരളത്തിലെ ജനങ്ങള്‍ ഓര്‍ത്തിരിക്കുന്നത്, അവരുടെ ഒരു തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നു വിശ്വസിച്ചിരുന്ന നിയമനിര്‍മാണ സഭ യഥാര്‍ത്ഥത്തില്‍ 140 പേരുടെ കളിപ്പറമ്പ് മാത്രമാണെന്നു ജനം തിരിച്ചറിഞ്ഞ ദിവസം. രണ്ടുവര്‍ഷത്തിനിപ്പുറം ഇന്നു മറ്റൊരു തിരിച്ചറിവു കൂടി ജനം നേടിയിരിക്കുകയാണ്. പാര്‍ട്ടികളുടെ രാഷ്ട്രീയ ധാര്‍മികത എന്നത് വിഷയാധിഷ്ഠിതമായി മാത്രമുണ്ടാകുന്നതാണെന്ന തിരിച്ചറിവ്.

ഈ രണ്ടു തിരിച്ചറിവുകളും നല്‍കിയതിനു ജനം ആദ്യം കടപ്പെട്ടിരിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടാണ്. കാരണം 2015 മാര്‍ച്ച് 13-ന് അന്നത്തെ ധനമന്ത്രി കെ എം മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ സ്പീക്കറുടെ കസേര വരെ തകര്‍ത്തുകൊണ്ട് പ്രതിപക്ഷം സഭ തച്ചുടയ്ക്കുകയായിരുന്നു. ദോഷം പറയരുതല്ലോ, ഭരണപക്ഷവും വിട്ടുകൊടുത്തില്ല. രണ്ടുകൂട്ടരും ചേര്‍ന്ന് കേരളത്തിന്റെ ജനാധിപത്യം അതിന്റെ പ്രധാനസദസില്‍ തന്നെ ചതച്ചരച്ചു.

അന്ന് സിപിഎം തങ്ങളുടെ നടപടിയെ ന്യായീകരിക്കാന്‍ ഉയര്‍ത്തിപ്പിടിച്ചത് ‘രാഷ്ട്രീയ ധാര്‍മികത’ ആയിരുന്നു. ബാര്‍ ഉടമകളോട് കോഴ വാങ്ങിയ അഴിമതിക്കാരനായ മന്ത്രി സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുന്നതില്‍ ധാര്‍മികത ഇല്ലെന്നതായിരുന്നു സിപിഎം ജനങ്ങളോട് വിളിച്ചു പറഞ്ഞത്. ഒട്ടുമിക്ക ജനങ്ങളും വിശ്വസിക്കുകയും ചെയ്തു. അതിന്റെ തെളിവായിരുന്നു 2016 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം.

രണ്ടുവര്‍ഷത്തിനു മുമ്പ് മാണിയെ അഴിമതിക്കാരനും അവിശുദ്ധനുമായി തെരുവില്‍ വലിച്ചിഴച്ച അതേ സിപിഎം ഇന്നിപ്പോള്‍ അദ്ദേഹവുമായി കൂട്ടുകൂടുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു അതില്‍ അധാര്‍മികതയില്ലെന്ന്. അവിടെയാണ് ജനം വീണ്ടും ഇളിഭ്യരായത്. പാര്‍ട്ടികളുടെ രാഷ്ട്രീയധാര്‍മികത അവരവരുടെ നേട്ടങ്ങളില്‍ മാത്രം അധിഷ്ഠിതമാണെന്ന് തിരിച്ചറിഞ്ഞതിന്റെ ജാള്യത.

കെ എം മാണിക്കുമേല്‍ സിപിഎം ആരോപിച്ച അഴുക്കുകള്‍ ഇന്നും അദ്ദേഹത്തിന്റെ മേല്‍ നിന്നും പോയിട്ടില്ല. മാണി കോഴ വാങ്ങിയിട്ടില്ലെന്നും അഴിമതി നടത്തിയിട്ടില്ലെന്നും   കോടതികള്‍ പറഞ്ഞിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടുകളും അദ്ദേഹത്തിനെതിരേ ഉണ്ടായിരിക്കുന്ന എല്ലാ ആരോപണങ്ങളില്‍ നിന്നും വിടുതല്‍ നല്‍കുന്നുമില്ല. പക്ഷേ സിപിഎമ്മിനെ സംബന്ധിച്ച് മാണി ഇപ്പോള്‍ രാഷ്ട്രീയപരമായി സംശുദ്ധനാണ്. സിപിഎമ്മിനെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയം തന്നെയാണ് മറ്റേതു കോടതിയേക്കാള്‍ വലതും. ധാര്‍മികതയുടെയും അധാര്‍മികതയുടെയും കാര്യത്തിലും പാര്‍ട്ടിക്ക് അവരുടെതായ പ്രത്യയശാസ്ത്രമുണ്ട്.

സംഘപരിവാറിനെ തടയാന്‍ എന്ന പല്ലവി ഉയര്‍ത്തിയാല്‍ ഏതൊന്നിനെയും തങ്ങള്‍ക്ക് അനുകൂലമായി ന്യായീകരിച്ചെടുക്കാം എന്നൊരു നയം സിപിഎം നടപ്പാക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിനെ കൂടെക്കൂട്ടുകയാണെങ്കിലും പാര്‍ട്ടി പറയാന്‍ പോകുന്നത് മാണി ബിജെപിയില്‍ പോയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചാണ്. മധ്യകേരളത്തില്‍ തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തെക്കാള്‍ ബിജെപി ഉണ്ടാക്കുന്ന നേട്ടമാണ് ഗൗരവതരമായി കാണേണ്ടതെന്നു പാര്‍ട്ടി പറയും. അതുകൊണ്ട് തന്നെ കേരളത്തില്‍ വര്‍ഗീയത വളരാതിരിക്കാന്‍ കെ എം മാണിയുടെ കത്തോലിക്ക കോണ്‍ഗ്രസ് പാര്‍ട്ടിയെ സംരക്ഷിക്കണമെന്ന തരത്തില്‍ വര്‍ഗസിദ്ധാന്തം പറയും. അണികള്‍ വിശ്വസിക്കും. സിദ്ധാന്തം ഉണ്ടാക്കുന്നതിലും പറയുന്നതിലും സിപിഎമ്മും മാണിയും ചേരും. പുതിയൊരു വര്‍ഗ സിദ്ധാന്തം ഒരുമിച്ചെഴുതുക തന്നെ ചെയ്യാം.

അപ്പോള്‍ അന്നു ബഡ്ജറ്റ് ദിനത്തില്‍ കണ്ടതും അതിനു പിന്നാലെ കേരളമാകെ നടന്ന പ്രതിഷേധങ്ങളും എന്തിനുവേണ്ടിയായിരുന്നുവെന്നു ചോദിച്ചാല്‍ രാഷ്ട്രീയത്തില്‍ സ്ഥിരമായി ആരും ശത്രുക്കളില്ലെന്നോ, അതല്ലെങ്കില്‍ ശത്രുവിന്റെ ശത്രു മിത്രമെന്നോ പറയാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് അറിയാം. അതിലേറെ നന്നായി പറയാന്‍ മാണിക്കും അറിയാം. ഇന്നു കോട്ടയം ജില്ലാ പഞ്ചായത്തില്‍ നടന്ന കാര്യങ്ങളില്‍ തനിക്കും മകനും യാതൊരു പങ്കുമില്ലെന്നു പറഞ്ഞ് എത്ര നൈസായിട്ടാണു മാണി സാര്‍ കൈകഴുകി കുടഞ്ഞത്. ന്യായം പറയുമ്പോള്‍ കോടിയേരുടെ ശരീരഭാഷയില്‍ ചില മാറ്റങ്ങളൊക്കെ വരുമായിരിക്കും, പക്ഷേ മാണി സാറിന്റെ ജുബ്ബാ ഒന്നിളകത്തുപോലുമില്ല.

ജനത്തെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ വലിയ കുഴപ്പമൊന്നും കാണില്ല. പ്രശ്‌നക്കാര്‍ പാളയത്തിലുള്ളവരാണ്. അവരുടെ സിദ്ധാന്തം വേറെയാണ്. അതനുസരിച്ച് സീസറുടെ ഭാര്യ സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. കഴിഞ്ഞ കാര്യങ്ങളെന്നു പറഞ്ഞ് ഒന്നും മറക്കാന്‍ അവര്‍ക്കാകില്ല. അവരെന്നു പറഞ്ഞാല്‍ സിപിഐക്കാരെയും പിന്നെ വി എസ് എന്ന കമ്യൂണിസ്റ്റിനെയുമാണ് ഉദ്ദേശിച്ചത്. വി എസ് ആദര്‍ശമാണ് പറയുന്നതെങ്കില്‍ ആദര്‍ശത്തിനൊപ്പം രാഷ്ട്രീയവും നിലനില്‍പ്പിന്റെ രാഷ്ട്രീയവും കൂടിയാണ് സിപിഐ പറയുന്നത്. പക്ഷെ, ഇതൊക്കെ എത്രകണ്ട് വിജയിക്കുമെന്ന് അവര്‍ക്കു പോലും സംശയമാണ്. സിപിഎമ്മിന്റെ ന്യായീകരണ പ്രത്യയശാസ്ത്രത്തില്‍ അവര്‍ പറയുന്നതാണല്ലോ ധര്‍മ്മവും അധര്‍മ്മവും; അതു ചോദ്യം ചെയ്യരുതാത്തതുമാണല്ലോ!

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on May 4, 2017 6:36 am