X

നന്ദിഗ്രാമിലേക്ക് വീണ്ടും സിപിഎം, ഓഫീസിന് പിന്നാലെ 12 വര്‍ഷത്തിന് ശേഷം റോഡ് ഷോയുമായി പാര്‍ട്ടി

നന്ദിഗ്രാം സംഭവത്തിന് ശേഷം ഇതാദ്യമായാണ് സിപിഎമ്മിന്റെ പ്രകടനം ഇവിടെ നടക്കുന്നത്.

പശ്ചിമ ബംഗാളില്‍ സിപിഎമ്മിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചതിന്റെ കാരണമായി പറയുന്ന ഒരു സ്ഥലപേരാണ് നന്ദിഗ്രാം. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന നന്ദിഗ്രാമില്‍ വ്യവസായ ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുന്നുവെന്ന പറഞ്ഞ് നടന്ന സമരമാണ് ജനകീയ മുന്നേറ്റമാകുകയും അത് സിപിഎമ്മിന്റെ സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തത്. ഒരു കാലത്ത് ശക്തി കേന്ദ്രമായിരുന്ന നന്ദിഗ്രാില്‍ പേരിന് പൊലും സാന്നിധ്യമില്ലാത്ത രീതിയില്‍ സിപിഎമ്മിന് പിന്‍വാങ്ങേണ്ടിയും വന്നു. എന്നാല്‍ ഒരു വ്യാഴവട്ടത്തിന് ശേഷം നന്ദിഗ്രാമില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സിപിഎം.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ സിപിഎം സ്ഥാനാര്‍ത്ഥി ഷെയ്ക്ക് ഇബ്രാഹിമിന്റെm തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം റോഡ് ഷോ നടത്തി. പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലായിരുന്നു റോഡ് ഷോ.ഇരു ചക്രവാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രകടനം. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം ഇവിടെ റോഡ് ഷോ നടത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ നന്ദിഗ്രാമില്‍ 25 കിലോമീറ്ററോളമാണ് പാര്‍ട്ടി റോഡ് ഷോ നടത്തിയത്. നന്ദിഗ്രാമില്‍ പാര്‍ട്ടി വീണ്ടും സജീവമാകുന്നതിന്റെ തെളിവാണ് ഇതെന്ന് പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം പറഞ്ഞു.

2007 ല്‍ പൂട്ടിയ രണ്ടാഴ്ച മുമ്പാണ് സിപിഎം നന്ദിഗ്രാമിലെ ഓഫീസ് വീണ്ടും ആരംഭിച്ചത്. എന്നാല്‍ രാഷ്ട്രീയ എതിരാളികളില്‍ ചിലര്‍ ഓഫീസ് അടപ്പിച്ചെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കയാണ്.

തുമല്‍ക്ക് പാര്‍ലമെന്റ് മണ്ഡലത്തിലാണ് നന്ദിഗ്രാം. കഴിഞ്ഞ തവണ ഇവിടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ഇടതുമുന്നണിക്ക് 32.50 ശതമാനം വോട്ട് കിട്ടിയപ്പോള്‍ 53.60 ശതമാനം വോട്ടുകളാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. തുമല്‍ക്ക് മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങളില്‍ മൂന്നിടത്ത് കഴിഞ്ഞ തവണ ഇടതുസ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 2011 ല്‍ അധികാരത്തിലെത്താന്‍ സഹായിച്ച പ്രധാന സ്ഥലമാണ് നന്ദിഗ്രാം.

2009 ല്‍ ബിജെപിയ്ക്ക് ഇവിട 1.79 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാല്‍ 2014 ല്‍ ഇത് 6.40 ശതമാനമായി വര്‍ധിച്ചു. 2016 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനം 15.06 ശതമാനമായി വര്‍ധിച്ചിരുന്നു.