X

സിപിഎം-ബിജെപി സംഘര്‍ഷം: കുമ്മനത്തിന്റെ കാര്‍ തകര്‍ത്തു, ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം

ഇരു വിഭാഗങ്ങളുടെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായികൊണ്ടിരിക്കുകയാണ്

തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം. ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ രാത്രിയില്‍ നടന്ന ആക്രമണത്തിന് പിന്നാലെ വെളുപ്പിനെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെയുള്ള ആറോളം വാഹനങ്ങള്‍ അക്രമികള്‍ തകര്‍ത്തു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട ബിജെപി ഇതിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ചു. അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി.

സംഘര്‍ഷത്തിന്റെ തുടക്കം ബിജെപിയുടെ ആസൂത്രിത നീക്കത്തിന്റെ ഫലമാണെും ഈ സംഘര്‍ഷത്തിന്റെ പേരില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടിയേരി പ്രതികരിച്ചു. ഇരു വിഭാഗങ്ങളുടെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിക്കൊണ്ടിരിക്കുകയാണ്. ബിജെപി ജില്ലാ സെക്രട്ടറി സുനില്‍ കുമാറിന് വെട്ടേറ്റിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐപി ബിനുവിന്റെ വീടിനു നേര്‍ക്കും ആക്രമണം നടന്നു.

ഐപി ബിനു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴോളം പേരടങ്ങുന്ന സംഘമാണ് രാത്രി ഒന്നരയോടെ ബിജെപി ഓപീസ് ആക്രമിച്ചതെന്ന് ബിജെപി നേതാക്കള്‍ പറയുന്നത്. കൂടാതെ അവിടെയുണ്ടായിരുന്ന മ്യൂസിയം എസ്‌ഐ അടക്കം അഞ്ചുപോലീസുകാരില്‍ ഒരാള്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്. ഇയാളെ അക്രമികള്‍ മര്‍ദ്ദിച്ചുവെന്നും ബാക്കിയുള്ള പോലീസുകാര്‍ കാഴ്ചകാരായി ഇരിക്കുകയായിരുവെന്നും നേതാക്കള്‍ ആരോപിച്ചു. ആക്രമണം നടന്ന സമയത്ത് കുമ്മനം ഓഫീസില്‍ ഫയല്‍ നോക്കുകയായിരുന്നു എന്നും പ്രവര്‍ത്തകര്‍ പറയുന്നു.

വെളുപ്പിനെ മൂന്നരയോടെയാണ് മരുതംകുഴിയിലുള്ള കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേര്‍ക്ക് ആക്രമണം ഉണ്ടായത്. മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിള്‍ മൂലം പ്രതിസന്ധിയിലായ ബിജെപി ആ ചര്‍ച്ചകളുടെ ഗതി മാറ്റാന്‍ ആസൂത്രണം ചെയ്തതാണ് അക്രമം എന്നും കോടിയേരി ആരോപിച്ചു.

സിപിഎം-ബിജെപി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കനത്ത പോലീസ് കാവലിലാണ് തിരുവനന്തപുരം നഗരം ഇപ്പോള്‍. എ.കെ.ജി സെന്റര്‍ ഉള്‍പ്പെടെ ഉള്ളവയ്ക്ക് സംരക്ഷണം ഏര്‍പ്പെടുത്തി.

This post was last modified on July 28, 2017 9:07 am