X

ബ്രസീല്‍ മ്യൂസിയം തീപിടിച്ച് നശിച്ചതിനെക്കുറിച്ച് പൗലോ കൊയ്ലോ; ‘രാജ്യം ഇന്ന് കണ്ണീരിലാണ്’

ബ്രസീലിന്റെ ചരിത്രം സൂക്ഷിക്കുന്നു എന്നതു മാത്രമല്ല നാഷണൽ മ്യൂസിയത്തിന്റെ പ്രത്യേകത, അത് രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്

എന്തുകൊണ്ടാണ് ദക്ഷിണ അമേരിക്കയിലെ ഏറ്റവും പ്രത്യേകതകളുള്ള മ്യൂസിയത്തിലേക്ക് വളരെ കുറച്ച് സന്ദർശകർ മാത്രം എത്തിക്കൊണ്ടിരുന്നത്? ബ്രസീലിലെ സർക്കാരും ജനങ്ങളും ഒരുപോലെ രാജ്യത്തിന്റെ ചരിത്രത്തെ അവഗണിച്ചുവെന്ന് ബ്രസീലിലെ പ്രമുഖ നോവലിസ്റ്റായ പൗലോ കൊയ്ലോ ദി ഗാര്‍ഡിയന്‍ എഴുതി.

ബ്രസീലിന്റെ ചരിത്രം സൂക്ഷിക്കുന്നു എന്നതു മാത്രമല്ല നാഷണൽ മ്യൂസിയത്തിന്റെ പ്രത്യേകത, അത് രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. നെപ്പോളിയൻ പോർച്ചുഗൽ കൈയ്യേറിയതിനെത്തുടർന്നാണ് ജൊഅവോ ആറാമൻ ദക്ഷിണ അമേരിക്കയിലേക്ക് പലായനം ചെയ്യുന്നത്. പോർച്ചുഗലിന്റെയും ബ്രസീലിന്റെയും അൽഗാർവിന്റെയും സർക്കാരുകൾക്ക് വേണ്ടി റിയോ ഡി ജനൈറോയെ അധികാര കേന്ദ്രമാക്കിയത് അദ്ദേഹമാണ്.

സെന്റ് ക്രിസ്റ്റഫറുടെ കൊട്ടാരമായിരുന്നു ജൊആവോ ആറാമന്റെ ഒൗദ്യോഗിക വസതി. ആ കെട്ടിടമാണ് പിന്നീട് നാഷണൽ മ്യൂസിയമായി മാറിയത്. പക്ഷേ, ഈ സ്ഥാപനത്തിന്റെ ഇരുന്നൂറാം പിറന്നാൾ ആഘോഷിക്കേണ്ട വേളയിൽ രാജ്യം ഇന്ന് കണ്ണീരിലാണ്, കാരണം മ്യൂസിയം മുഴുവനായും തീപിടുത്തത്തിൽ നശിച്ചിരിക്കുന്നു. ബ്രസീൽ എന്ന രാഷ്ട്രത്തിന്റെ തുടക്കത്തെയാണ് ചരിത്രത്തിന്റെ നാഴിക കല്ലായ ഈ കെട്ടിടം പ്രതീകവത്കരിക്കുന്നതെങ്കിൽ സംസ്കാരവും വിദ്യാഭ്യാസവും കൈമോശം വന്ന ഒരു രാജ്യത്തിന്റെ അവസ്ഥയിലേക്കാണ് തീപിടുത്തം വിരൽ ചൂണ്ടുന്നത്.

ബ്രസീലിലുള്ളവർ ലോകം മുഴുവൻ ചുറ്റുന്നവരാണ്, അവർ ലണ്ടനിലെ ടേറ്റ് മ്യൂസിയവും ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയവും പാരിസിലെ ലൗവ്രേ മ്യൂസിയവും സന്ദർശിക്കും. ഇവിടങ്ങളിലൊക്കെ പ്രതിവർഷം 8 മില്ല്യണിലധികം സന്ദർശകരാണ് എത്തുന്നത്. എന്നിരുന്നാലും മലകളും കാടും കടലും ഇടകലർന്നു നിൽക്കുന്ന റിയോ ആണ് ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരമെന്ന് പറയുന്നത് ഒരിക്കലും അതിശയോക്തി അല്ല.

അപ്പോൾ എന്തുകൊണ്ടാണ് ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും പുരാതനമായ ഫോസിലുകളും ഈജിപ്തിൽ നിന്നുള്ള ശേഖരങ്ങളും ഉൾക്കൊള്ളുന്ന, ദക്ഷിണ അമേരിക്കയിലെ ഏറ്റവും പ്രത്യേകതകളുള്ള നാഷണൽ മ്യൂസിയത്തിൽ പ്രതിവർഷം വെറും 1,54,000 പേർ മാത്രം എത്തുന്നത്?

ബ്രസീലിന്റെ ചരിത്രത്തെ അവഗണിച്ചതിന് കുറ്റപ്പെടുത്തേണ്ടത് സർക്കാരിന് മാത്രമല്ല, ഇവിടുത്തെ ജനങ്ങളെ കൂടിയാണ്. ബ്രസീൽ എന്ന വളരെ മനോഹരമായ രാജ്യം നശിച്ചുപോകാൻ കാരണം ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാണ്. സ്കൂൾ വിദ്യാഭ്യാസം പോലും നേടാൻ കഴിയാത്തവരാണ് ബ്രസീലിലെ പാവപ്പെട്ടവർ, മ്യൂസിയങ്ങൾ സന്ദർശിക്കുന്നതിനെക്കുറിച്ച് അവർക്ക് ചിന്തിക്കാൻ കഴിയില്ലല്ലോ? സമ്പന്നരാണെങ്കിൽ റിയോയിലോ സാവോ പോളോയിലോ ഉള്ള മ്യൂസിയങ്ങൾ സന്ദർശിക്കാറില്ല. അവർക്ക് ലണ്ടനിലോ ന്യൂയോർക്കിലോ പാരീസിലോ ഉള്ള മ്യൂസിയങ്ങളോടാണ് താത്പര്യം.

1822ൽ ബ്രീസിലിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ഥലത്താണ് സാവോ പോളോയിലെ ഇപിരംഗാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. അഞ്ചു വർഷമായി ആ മ്യൂസിയം അടഞ്ഞു കിടക്കുകയാണ്. നാഷണൽ മ്യൂസിയം കത്തിനശിച്ച സാഹചര്യത്തിൽ ഇപിരംഗാ മ്യൂസിയത്തിന് ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്? ഞങ്ങളുടെ അന്തസത്തകൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നത്?

This post was last modified on September 6, 2018 9:11 am