X

മൂന്നാം മുറ: 5 വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 600 പേര്‍; നിയമനിര്‍മ്മാണത്തിന് ആരാണ് തടസ്സം?

കസ്റ്റഡി പീഡനങ്ങളോടും കസ്റ്റഡി മരണങ്ങളോടും തികഞ്ഞ നിസംഗത പുലര്‍ത്തുന്നത് ഇന്ത്യ തുടരുകയാണ്

Counter protesters, pro Trump, show up during anti-Donald Trump protest at Trump Tower in 5th Avenue in New York, as Republican presidential front-runner Donald Trump has been calling for barring all Muslims from entering the United State. Dec 20, 2015, New York.

പീഡനത്തെ നിര്‍വ്വചിക്കുന്നതോ, കസ്റ്റഡി മരണത്തെ തിരിച്ചറിയുന്നതോ ആയ ഒരു നിയമവും ഇപ്പോള്‍ ഇന്ത്യയിലില്ല. തീര്‍ത്തൂം അപര്യാപ്തമായ, പീഡനം തടയല്‍ ബില്‍ 2010-ല്‍ ലോക്സഭ അംഗീകരിക്കുകയും രാജ്യസഭയിലെ സെലക്ട് കമ്മറ്റിയുടെ പരിഗണനക്കായി അയക്കുകയും ചെയ്തു. പ്രതീക്ഷിക്കുന്നപോലെ അതിന്റെ ശുപാര്‍ശകള്‍ ബില്ലിനൊപ്പം അട്ടത്തുവെച്ചു. നിയമത്തെ പുനഃരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുന്‍ നിയമ മന്ത്രി അശ്വിന്‍ കുമാര്‍ കസ്റ്റഡിയിലെ പീഡനം തടയാനായി 2016 സെപ്റ്റംബറില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. പീഡനം തടയുന്നതിനുള്ള നിയമനിര്‍മ്മാണത്തിന് എന്താണ് കാലതാമസമെന്ന് പറയാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇത്തരമൊരു നിയമത്തിന്റെ ആവശ്യകത നമ്മെ നിരന്തരമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. 2016 ഡിസംബര്‍ 19-നു കസ്റ്റഡി മരണങ്ങളുടെ അന്വേഷണത്തില്‍ വേണ്ടത്ര മനസ് പതിപ്പിക്കാതെ നടത്തുന്ന അന്വേഷണത്തിന് ബോംബെ ഹൈക്കോടതി സി ബി ഐയെ ശാസിച്ചു. 2014-ല്‍ മുംബൈയില്‍ കവര്‍ച്ചയ്ക്ക് പിടികൂടിയ ആഗ്നേലോ വല്‍ദാരിസിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസിലായിരുന്നു ഇത്. വല്‍ദാരിസിന്റേത് ആത്മഹത്യയോ അപകടമരണമോ ആയിരിക്കാമെന്ന് സി ബി ഐ പറഞ്ഞു. എന്നാല്‍ വല്‍ദാരിസ് കൊല്ലപ്പെട്ടതാണ് എന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട് എന്നു ഹൈക്കോടതി നിരീക്ഷിച്ചു. മറ്റൊരു സംഭവത്തില്‍ മുംബൈയില്‍ അനികേത് ഖിച്ചിയുടെ കസ്റ്റഡി മരണത്തിന് 2016 ജനുവരിയില്‍ നാലു പൊലീസ് കോണ്‍സ്റ്റബിള്‍മാരെ ശിക്ഷിച്ചു.

കസ്റ്റഡി മരണങ്ങളില്‍ ഇരകള്‍ക്കുവേണ്ടി കോടതിക്ക് ഇടപെടാന്‍ കഴിഞ്ഞ വിരലിലെണ്ണാവുന്ന സംഭവങ്ങളാണിത്. ദേശീയ കുറ്റകൃത്യ രേഖ വിഭാഗത്തിന്റെ (National Crime Records Bureau) കണക്കനുസരിച്ച് 2010-15-ല്‍ 591 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷിച്ച ഒരു സംഭവത്തിലും അക്കാലയളവില്‍ ശിക്ഷ ഉണ്ടായിട്ടില്ല. 2015-ല്‍ പൊലീസ് 97 കസ്റ്റഡി മരണങ്ങള്‍ രേഖപ്പെടുത്തിയതില്‍ 31 എണ്ണത്തില്‍ മാത്രമാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തിയത്. 28 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം നല്‍കിയെങ്കിലും ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ല. 2008-നും 2014-നും ഇടയ്ക്ക്, മരണം സംഭവിക്കാത്ത, 2044 പൊലീസ് മര്‍ദ്ദന പരാതികള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ലഭിച്ചു. കസ്റ്റഡി മര്‍ദ്ദനങ്ങള്‍ റിപ്പോര്‍ട് ചെയ്യേണ്ടത് നിര്‍ബന്ധമല്ലാത്തതിനാല്‍ ഇത്ര മാത്രമാണു നടന്നതെന്ന് വിശ്വസനീയമല്ല. ഭൂരിരിഭാഗം സംഭവങ്ങളും റിപ്പോര്‍ട് ചെയ്യാതെ പോകുന്നു.

മിക്കപ്പോഴും ദരിദ്രരും നിസഹായരുമാണ് പോലീസിന്റെ ‘മൂന്നാം മുറയ്ക്ക്’ ഇരകളാകേണ്ടിവരുന്നത്. അഭിഭാഷക സഹായത്തിന് വഴികളില്ലാത്തതിനാലും തടവിനെയോ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിനെക്കുറിച്ചോ ഉള്ള നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലും അവര്‍ക്ക് നീതിയോ പരാതിപരിഹാരമോ ലഭിക്കുന്നില്ല. എങ്ങനെയാണ് ഒരാള്‍ പൊലീസിനെക്കുറിച്ച് പോലീസിനോടു പരാതി പറയുക? പോലീസുകാരും (പീഡനം നടത്തുന്നവര്‍) മജിസ്ട്രേറ്റുമാരും (അവരുടെ റിപ്പോര്‍ടുകളെ കള്ളപ്രമാണങ്ങളാക്കുന്നവര്‍) ഡോക്ടര്‍മാരും (കൊലപാതകങ്ങളെ ആത്മഹത്യയും സ്വാഭാവിക മരണങ്ങളുമാക്കുന്നവര്‍) തമ്മിലുള്ള ‘സാഹോദര്യത്തെ’ ഡിസംബര്‍ 2016-ലെ Human Rights Watch റിപ്പോര്‍ട്, Bound by Brotherhood: India’s Failure to End Killings in Police Custody, തുറന്നുകാണിക്കുന്നു.

കസ്റ്റഡി പീഡനങ്ങളോടും കസ്റ്റഡി മരണങ്ങളോടും തികഞ്ഞ നിസംഗത പുലര്‍ത്തുന്നത് ഇന്ത്യ തുടരുകയാണ്. കുറ്റവാളികള്‍ അവരുടെ കുറ്റങ്ങള്‍ക്ക് ഹിംസാത്മകമായി ശിക്ഷിക്കപ്പെടണമെന്നും, കൊല്ലപ്പെടണമെന്നുപോലുമുള്ള പൊതുകാഴ്ച്ചപ്പാട്, ആക്രമത്തെയും പീഡനത്തെയും-ട്വിറ്ററിലും പ്രയോഗത്തിലും- ശാരീരിക ശിക്ഷകളുടെ രൂപത്തില്‍ സാധൂകരിക്കുന്നു. അക്രമത്തേയും മര്‍ദനങ്ങളെയും, അത് പോലീസ് സ്റ്റേഷനുകളിലായാലും, തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് നേരെയായാലും, അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായാലും, രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നേരെയായാലും തടയുന്നതിന് ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്നതില്‍ അത്ഭുതമില്ല.

പീഡനങ്ങള്‍ക്കും മറ്റ് ക്രൂരവും മനുഷ്യത്വരഹിതവും നിന്ദാജനകവുമായ രീതികള്‍ക്കും ശിക്ഷകള്‍ക്കുമെതിരായ 1997-ലെ ഐക്യരാഷ്ട്ര സഭ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. എന്നിട്ടും, 20 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് അംഗീകരിക്കുന്നതിനും പീഡനം തടയാനുള്ള നിയമനിര്‍മ്മാണത്തിനും തുനിയുന്നതിന്റെ ഒരു സൂചനയുമില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും, കുറ്റകൃത്യ നടപടിക്രമ ചട്ടങ്ങളിലും അറസ്റ്റ് സംബന്ധിച്ച ചില ചെറിയ ഭേദഗതികള്‍ മാത്രമാണു കൊണ്ടുവന്നത്; അതാകട്ടെ ഏതാണ്ടെല്ലായ്പ്പോഴും ലംഘിക്കുകയും ചെയ്യുന്നു. കസ്റ്റഡി മരണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നിര്‍ബന്ധമാക്കികൊണ്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ അതിനു പ്രതികരണമായി 2016 ജൂലായില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഒരു സര്‍ക്കുലര്‍ നിലവിലെ സാഹചര്യത്തിലെ അസംബന്ധം വ്യക്തമാക്കുന്നു. വാസ്തവത്തില്‍ അത്തരമൊരു അന്വേഷണം 2006-ല്‍ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ (CrPC) അത് ചേര്‍ത്തപ്പോള്‍ തന്നെ നിയമപരമായി പാലിക്കേണ്ടതാണ്. നിലവിലെ നിയമങ്ങള്‍ പാലിക്കുകയും നടപ്പാക്കുകയും ചെയ്യുകയും കസ്റ്റഡിയിലെ പീഡനങ്ങള്‍, അവ മരണത്തില്‍ കലാശിച്ചാലും ഇല്ലെങ്കിലും, അതിന്നുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും അവരുടെ പ്രത്യാഘാതങ്ങളില്ലാത്ത തരത്തിലെ അധികാര ദുര്‍വിനിയോഗം അവസാനിപ്പിക്കുകയും വേണം. പീഡനങ്ങള്‍ക്കെതിരായ യു എന്‍ ഉടമ്പടി ഇന്ത്യ അംഗീകരിക്കുകയും പീഡനം തടയാനുള്ള ബില്‍ വീണ്ടും പരിശോധിക്കുകയും വേണം.

അതോടൊപ്പം ഒരു സമൂഹമെന്ന നിലയില്‍, ഭരണകൂടം ‘ചില വിഭാഗം ജനങ്ങള്‍ക്കെതിരെ’ പല തലങ്ങളിലായി നടത്തുന്ന ആക്രമണങ്ങളെ അനുവദിച്ചുകൊടുക്കുന്ന പ്രശ്നവും നാം തിരിച്ചറിയണം. ശാരീരിക ശിക്ഷകളെ അംഗീകരിക്കല്‍, പൊലീസിന്റെ കസ്റ്റഡി പീഡനങ്ങളെ സാധാരണമായി കാണല്‍, കസ്റ്റഡി മരണങ്ങളോടും ‘ഏറ്റുമുട്ടല്‍’ കൊലകളോടുമുള്ള അവഗണന, ബലാത്സംഗം, ഭീകരവാദം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള മുറവിളി എന്നിവയെല്ലാം ഇതില്‍പ്പെടും.

(ഏകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)