X

ഓണ്‍ലൈന്‍ ഗോവിന്ദച്ചാമിമാരോട്, ഞങ്ങള്‍ നിങ്ങളുടെ സഹജീവികളാണ്

അശ്ലീല വാക്കുകള്‍ കൊണ്ട് പീഡിപ്പിക്കുന്നവരുടെ മനോഭാവം തരം കിട്ടിയാല്‍ റേപ് ചെയ്യുന്നവരുടെതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല

‘ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നിടത്തെല്ലാം പോയി തുള്ളിയിട്ട് അവസാനം അയ്യോ എന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വിവേകമില്ലാത്ത ഒരു സുന്ദരിപന്നിയുടെ മൂക്കില്‍ പൊന്‍ മൂക്കുത്തിപോലെ’- പെണ്‍കുട്ടികളെ സഹജീവികളായി കാണാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണം എന്ന ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഒരു പുരുഷന്റെ കമന്റാണിത്. അവസാനം സ്ത്രീക്കും ഒരു വ്യക്തിയായി ജീവിക്കാന്‍ അവകാശം ഉണ്ടെന്നു പറഞ്ഞതിന് അദ്ദേഹം ഞങ്ങളെ ഉപമിച്ചത് സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന അനുശാന്തിയോടും ഭര്‍ത്താവിനെ കൊന്ന ഓമനയോടും (ഒരു സ്ത്രീ, എത്ര വിദ്യാഭ്യാസം ഉള്ളവള്‍ ആയാലും ‘മോശം സ്വഭാവം’ ഉള്ളവളോ കൊലപാതകിയോ ആണെങ്കില്‍ മാത്രമേ അവള്‍ക്കു വക്തിത്വവും അഭിപ്രായവും ഉണ്ടാകുകയുള്ളോ). അവസാനത്തെ ഭീഷണി ഞങ്ങളുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തു പോസ്റ്റ് ചെയ്യും എന്നായിരുന്നു.

ഞങ്ങളുടെ അഭിപ്രായം ഇത്രയേ ഉണ്ടായിരുന്നുള്ളു, ഞങ്ങളെയും സഹജീവികള്‍, മനുഷ്യര്‍ ആയി കാണണം. പക്ഷെ അത് പറയാന്‍ പാടില്ല. പെണ്ണ് ഇന്നതൊക്കെയെ പറയാവൂ, എതിരഭിപ്രായം പറയാന്‍ പാടില്ല, അങ്ങനെ ചെയ്തില്ല എങ്കില്‍ സ്ക്രീന്‍ഷോട്ട് ഇട്ടു ഞങ്ങള്‍ക്ക് വലിയ നാണക്കേട് ഉണ്ടാക്കും എന്ന് പഠിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. ഒരു സംഭവത്തില്‍ സ്ത്രീ പ്രതികരിച്ചാല്‍ ഏറ്റവും എളുപ്പമാര്‍ഗം ആ സ്ത്രീയെ മോശക്കാരിയായും അപഥസഞ്ചാരിണിയുമായി ചിത്രീകരിക്കലാണ്. എന്നാല്‍ ഇതേ തരത്തിലുള്ള പുരുഷന്മാരാണ് രഹസ്യമായി മൊബൈലിലും നെറ്റിലും പെണ്ണിന്റെ നഗ്‌നത ആസ്വദിക്കുകയും തരം കിട്ടിയാല്‍ ഒറ്റക്ക് കാണുന്ന പെണ്ണിനെ നോട്ടത്താലെങ്കിലും തുണിയുരിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നത്. പൊതുസമൂഹം എന്നത് പോലെ പല കാര്യങ്ങളിലും സൈബര്‍ ലോകവും സ്ത്രീവിരുദ്ധം ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ബംഗളൂരില്‍ പുതുവത്സരത്തിനു നടന്ന സംഭവം പെണ്ണുങ്ങളുടെ മാത്രം കുറ്റം കൊണ്ട് നടന്നതാണെന്നാണ് വിദ്യാസമ്പന്നരും പുതുകാലത്തിന്റെ വക്താക്കളുമായി സ്വയം പ്രഖ്യാപിക്കുന്ന നല്ലൊരു ശതമാനം ഓണ്‍ലൈന്‍ മലയാളി പുരുഷ സമൂഹം വിലയിരുത്തുന്നത്. അതേ തുടര്‍ന്ന് സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നപ്പോഴെല്ലാം പെണ്ണ് വീടിനു പുറത്തിറങ്ങുന്നതും സമൂഹത്തില്‍ ഇടപെടുന്നതുമാണ് എല്ലാ കുഴപ്പത്തിനും കാരണം എന്നു തുടങ്ങി ഒറ്റയ്ക്ക് പുറത്തു പോകുന്ന പെണ്ണിനെ എന്തും ചെയ്യാന്‍ പുരുഷന്മാര്‍ക്കു അവകാശമുണ്ടെന്നും വരെ പറഞ്ഞു സ്ഥാപിക്കാന്‍ ഒരു കൂട്ടം പുരുഷന്മാര്‍ എത്തുന്നുണ്ട്. ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് അത് ചെയ്യുന്ന ആളല്ല, ഇരയാണ് ഉത്തരവാദി എന്ന വാദവും സ്ത്രീകള്‍ക്ക് മേല്‍ കയ്യേറ്റം ചെയ്യാന്‍ പുരുഷന് അധികാരമുണ്ട് എന്ന തോന്നലും സംസ്‌കാരത്തിന്റെ ലക്ഷണമല്ല, കാടത്തമാണ്. പതിനാറ് വയസ്സിനു താഴെ പ്രായമുളളവരെ കുട്ടികള്‍ എന്നു വിളിക്കുന്ന ഇന്ത്യയില്‍ പിഞ്ചുകുഞ്ഞിനെ പോലും സ്ത്രീയെന്ന ഉപഭോഗവസ്തുവായി മാത്രം കാണാന്‍ കഴിയുന്ന ഒരു സമൂഹമാണ് ഇവിടെ വളര്‍ന്നു വരുന്നത്. ഇത്രയധികം നിയമങ്ങളും സ്ത്രീ സുരക്ഷാസംവിധാനങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയുന്നില്ല എന്ന് പലരും വേവലാതിപ്പെടാറുണ്ട്. അതിന് ഒരു കാരണം ഇതാണ്- സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റം ഒരു മനുഷ്യാവകാശ ലംഘനവും ഗുരുതരമായ കുറ്റവുമാണെന്ന് അംഗീകരിക്കാന്‍ തയ്യാറാകാത്ത മനോഭാവം.

ഇവര്‍ എന്തുകൊണ്ട് തന്റെ വികാരങ്ങളും വിചാരങ്ങളും സ്വയം നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നില്ല? മറ്റുള്ളവര്‍ എങ്ങനെ നടക്കണം എന്ന് ഉപദേശിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ താന്‍ എങ്ങനെ നടക്കണം എന്ന് തീരുമാനിക്കുന്നത്. ലിംഗ സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യനീതി ഉറപ്പു വരുത്തുന്നതിനായുള്ള നിരവധി നിയമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഈ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം പ്രാകൃത പ്രസ്താവനകള്‍ക്ക് കാരണമെന്ന് ആരെങ്കിലും ധരിച്ചാല്‍ അത് അബദ്ധമാണ്.

ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇവിടെ ഓരോ ഇരുപത്തിരണ്ടു മിനുട്ടിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു, ഓരോ അമ്പത്തിയെട്ടു മിനുട്ടിലും ഒരു സ്ത്രീ സ്വന്തം ഭര്‍തൃവീട്ടില്‍ സ്ത്രീധനം മൂലം പീഡിപ്പിക്കപ്പെടുന്നു. പത്തുമാസം തികയാത്ത കുഞ്ഞുങ്ങളടക്കം എണ്‍പതു വയസ്സുള്ള വൃദ്ധ വരെ ബലാത്സംഗത്തിനിരയാകുന്ന നാടാണ് നമ്മുടേത്. സ്വന്തം വീട്ടിനുള്ളില്‍ ഏറ്റവും അടുത്ത ബന്ധുക്കളില്‍ നിന്ന് പോലും നിരന്തരമായ ലൈംഗിക പീഡനങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന കഥകള്‍ നിത്യവും കേള്‍ക്കുന്ന ഈ കാലത്ത് സ്ത്രീക്ക് വ്യക്തിത്വവും അഭിപ്രായവും ഉണ്ടായതാണ് ഈ കുഴപ്പങ്ങള്‍ക്ക് കാരണമെന്ന പ്രസ്താവനയെ എന്താണ് പറയേണ്ടത്?

ചില പെണ്‍കുട്ടികള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് പലപ്പോഴും ഓഫ്‌ലൈനായിട്ടാണ്. സ്വന്തം ഫോട്ടോ പോലും പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കാന്‍ ധൈര്യമില്ല. പച്ച ലൈറ്റ് കണ്ടു കഴിഞ്ഞാല്‍ പിന്നെ (പ്രത്യേകിച്ച് രാത്രി) ‘ഹായ്’ ‘ഹലോ’ ‘എന്താ മിണ്ടാതെ’ മറന്നോ’ എന്നൊക്കെ കുറെ പറഞ്ഞ്, അവസാനം മറുപടി ഇല്ലെങ്കില്‍ പിന്നെ ‘ഓ നീ നമ്മളോടൊന്നും മിണ്ടില്ലല്ലോ അല്ലെ‘ എന്നൊക്കെ രീതി മാറി വരും . അവസാനം അത് മിക്കവാറും അസഭ്യ വര്‍ഷത്തില്‍ എത്തുകയാണ് പതിവ്. പ്രതികരിച്ചാല്‍ കൂടുതല്‍ അപമാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകും. ഈ ഇരട്ടത്താപ്പുള്ള പകല്‍ മാന്യന്‍മാരാണ് ഗോവിന്ദചാമിയുടെയും ജിഷ കൊലപാതക കേസിന്റെയും ഒക്കെ കാര്യം വരുമ്പോള്‍ വളരെ ആദര്‍ശ രോഷത്തോടെ പ്രതികരിക്കുന്നതും എന്നാല്‍ ഒറ്റക്കൊരു സൗമ്യയെ റയില്‍വേ സ്റ്റേഷനില്‍ കണ്ടാല്‍ അവളെ ഉപദ്രവിക്കുന്നതും .

ബംഗളൂരു സംഭവത്തിന് ശേഷം സുഹൃത്ത് ദീപ സെയ്‌റ തന്റെ ഫേസ്ബുക് വാളില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു- ഒരു കൈ കൊണ്ട് ദേവിയെ ആരാധിക്കുകയും മറ്റൊരു കയ്യാല്‍ പെണ്ണിനെ ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു ചിത്രം. ആ ചിത്രം കണ്ടപ്പോള്‍ തന്റെയുള്ളില്‍ ഉണ്ടായ ആശങ്കകള്‍ പങ്കുവെയ്ക്കുകയായിരുന്നു ദീപ. അതിനു ഒരാള്‍ മറുപടി പറഞ്ഞതിങ്ങനെയാണ്- ‘വായില്‍ കൊള്ളാത്ത ബുദ്ധിജീവി ചമയല്‍ തിയറി അവതരിപ്പിച്ചതുകൊണ്ട് ഒന്നും കാര്യമില്ല. ഈ ബുദ്ധിജീവികള്‍ക്ക് പുരുഷന്റെയും സ്ത്രീയുടെയും ലൈംഗീക ഉത്തേജനത്തെ കുറിച്ച് കേവല ജ്ഞാനം പോലുമില്ലെന്നു തോന്നുന്നു. 9 മണിക്ക് ശേഷം പുരുഷന്‍ സ്ത്രീയെ കാണുന്ന കാഴ്ചപ്പാടില്‍ ലൈംഗികാസക്തി ഉണ്ടാവും’ ഇതിനോട് പ്രതികരിച്ച കുറച്ചു സ്ത്രീ സുഹൃത്തുക്കളെ മുഴുവന്‍ ഇയാള്‍ വളരെ മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയാണ് ചെയ്തത്. അവസാനം ഇങ്ങനെ അശ്ലീലച്ചുവയുള്ള ഒരു ഭീഷണിയും, ‘ഈ പ്രതികരിച്ച സ്ത്രീകള്‍ എല്ലാം, മറ്റൊരു ഗ്രൂപ്പില്‍ വൈറല്‍ ആവുകയാണ്.’ താനുള്‍പ്പടെയുള്ള ഒരുകൂട്ടം സ്ത്രീകളുടെ സുരക്ഷയെ പറ്റി ആശങ്കപ്പെട്ടതിന് ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന പ്രതികരണം ആണ് ഇത്.

സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞ ഒരു സ്ത്രീയെ തെറിവിളിച്ചും അപമാനിച്ചും നിശ്ശബ്ദയാക്കുന്നത് എന്ത് തരം സംസ്‌ക്കാരമാണ്? അവളെപ്പറ്റി അശ്ലീലവും അപവാദവും മറ്റു ഗ്രൂപ്പുകളിലും പൊതു സമൂഹത്തിലും പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുന്നത് ഏത് സദാചാരമാണ്? അശ്ലീല വാക്കുകള്‍ കൊണ്ട് പീഡിപ്പിക്കുന്നവരുടെ മനോഭാവം തരം കിട്ടിയാല്‍ റേപ് ചെയ്യുന്നവരുടേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. കപടസദാചാരക്കാരായ ഇവരുടെ വൈകൃതം പുറത്തുവരുന്ന സന്ദര്‍ഭങ്ങളാണിതൊക്കെ. സ്ത്രീകളോട് ഇത്ര ഹീനമായ ഭാഷ ഉപയോഗിക്കുന്ന മാനസികാവസ്ഥയുള്ളവരാണ് അവസരം ഒത്തുവരുമ്പോള്‍ മോശമായി പെരുമാറുന്നതും.

ഒരു സ്ത്രീയുടെ അഭിപ്രായത്തോട് നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ യോജിക്കാം, പ്രതികരിക്കാം, അതുമല്ലെങ്കില്‍ വിയോജിപ്പ് പ്രകടിപ്പിക്കാം. അതേസമയം അഭിപ്രായം പറയാന്‍ ഉള്ള സ്വാതന്ത്ര്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാനോ ഇല്ലാതാക്കാനോ കഴിയില്ല. അത് അവളുടെ കാഴ്ചപ്പാടാണ്. ഒരു കാഴ്ചപ്പാട് ശരിയും മറ്റൊന്ന് തെറ്റും അല്ലല്ലോ. അതും പോരാഞ്ഞ് അശ്ലീല വാക്കുകളാല്‍ ആക്ഷേപിച്ച് അവളെ നിശ്ശബ്ദയാക്കാനാണ് ശ്രമം. തങ്ങളാഗ്രഹിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ മാത്രമേ മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്ക് പാടുള്ളൂ എന്ന പുരുഷകേന്ദ്രീകൃത ഓണ്‍ലൈന്‍ സമൂഹത്തിന്റെ മേല്‍ക്കോയ്മ എല്ലായിടത്തും വ്യക്തമായി കാണാവുന്നതാണ്. സ്ത്രീകള്‍ പരമ്പരാഗത രീതികളില്‍ നിന്നും മാറി എഴുതിയാല്‍, അനീതിയെ ചോദ്യം ചെയ്താല്‍ അവരെ പരസ്യമായും രഹസ്യമായും ചീത്ത വിളിച്ചും തെറിപറഞ്ഞും അസഭ്യമായി സംസാരിച്ചും കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നു. ഒരു സ്ത്രീ, ഓണ്‍ലൈന്‍ എഴുത്തിടങ്ങളില്‍ വരാന്‍ പാടില്ല, അഭിപ്രായം പറയാന്‍ പാടില്ല, അനീതിയോടു പ്രതികരിക്കാന്‍ പാടില്ല എന്നു പറയാന്‍ മാത്രം ഏതു കരിങ്കാലത്തിലേയ്ക്കാണ് നമ്മള്‍ തിരിച്ചു പോകുന്നത്? എന്നാണ് നിങ്ങള്‍ ജീവിക്കുന്നതിനോടൊപ്പം, ഞങ്ങളെയും മനുഷ്യരായി സഹജീവികളായി കണ്ടു ജീവിക്കാന്‍ അനുവദിക്കുന്നത്?

(എച്ചആര്‍ പ്രൊഫഷണല്‍ ആണ് ലേഖിക )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

സ്മിത മോഹന്‍

ചെന്നൈയില്‍ എച്ച് ആര്‍ പ്രൊഫെഷണലായി ജോലി ചെയ്യുന്നു

More Posts

Follow Author:

This post was last modified on January 13, 2017 2:00 pm