X

ഫോനി: ഒഡീഷയിൽ എട്ട് ലക്ഷം പേരെ ഒഴിപ്പിക്കുന്നു; കനത്ത ജാഗ്രത, പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ഫോനി ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തലയോഗം ചേർന്നു.

ദക്ഷിണേന്ത്യൻ തീരം വിട്ട് വടക്കോട്ട് നീങ്ങിയ ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഢീഷ തീരത്തോട് അടുക്കുന്നു. കൊടുങ്കാറ്റ് തിരത്തേക്ക് അടുക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ മുൻ കരുതലാണ് ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ തുടരുന്നത്. നിലവിൽ 5 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഫോനി ഒഡീഷ തീരത്തെത്തുമ്പോൾ 200 കിലോമീറ്റർ വേഗം കൈവരിക്കുമെന്നാണ് നിലവിലെ മുന്നറിയിപ്പ്.

അതേസമയം, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയും സൈനിക വിഭാഗങ്ങളും സജ്ജമാണ്. 900 അഭയകേന്ദ്രങ്ങള്‍ തുറന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. നിലവിലെ കണക്കുകൾ പ്രകാരം 8 ലക്ഷത്തോളം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. 14 ജില്ലകളിലായാണ് നടപടികൾ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ ഡോക്ടര്‍മാരടക്കം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയും സൈനികവിഭാഗങ്ങളും സജ്ജമായിട്ടുണ്ട്. കപ്പൽ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഒരുക്കിയാണ് സൈന്യം കാത്തിരിക്കുന്നത്. അതിനിടെ ഡല്‍ഹിയില്‍ ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് ഫോനിയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തി.

വ്യാഴാഴ്ച രാവിലെ ഒഡിഷ തീരത്തുനിന്നു 450 കിലോമീറ്റർ ദൂരെയാണ് ഫോനിയുള്ളതെന്നായിരുന്നു ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പിന്റെ അറിയിപ്പ്. അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറുന്ന ഫോനി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒഡീഷ തീരത്തോട് അടുക്കുമെന്നാണ് വിലയിരുത്തല്‍. ചുഴലിക്കാറ്റ് സംസ്ഥാനത്തെ വ്യോമ ഗതാഗത മാർഗങ്ങളെ ഉൾപ്പെടെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്. മുൻ കരുതലിന്റെ ഭാഗമായി സൗത്ത് ഈസ്റ്റ് റയില്‍വേ ഇന്നും നാളെയുമായി 103 ട്രെയിനുകള്‍ റദ്ദാക്കി. പട്ന– എറണാകുളം എക്സ്പ്രസ് ട്രെയിനുൾപ്പെടെയാണ് റദ്ധാക്കിയത്. ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുരിയിൽ നിന്നും അടിയന്തിരമായി പിൻവാങ്ങാൻ ടൂറിസ്റ്റുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിന് പുറമെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ മുന്‍കരുതല്‍ നടപടികള്‍ സുഗമമാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കി. 11 ജില്ലകള്‍ക്കാണ് ഇളവ് ബാധകമാവുക. ഇതിനോടകം വോട്ടെടുപ്പ് പൂര്‍ത്തിയായ ഒഡീഷയിലെ രണ്ടു ജില്ലകളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അടിയന്തരമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഒഢീഷയ്ക്ക് പുറമെ ബംഗാളില്‍ കൊല്‍ക്കത്തയില്‍ ഉൾപ്പെടെ ഏഴുജില്ലകളിൽ കൊടുങ്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആന്ധ്ര പ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നീ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നിലവിലുണ്ട്.

ഫോനി ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തലയോഗം ചേർന്നു. പൗരന്‍മാരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നെന്ന് യോഗ ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.