ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ തെക്കുകിഴക്കായി രൂപമെടുത്ത ന്യൂനമർദം ശക്തിപ്രാപിക്കുന്നു. തമിഴ്നാട് തീരത്തോട് അടുക്കുന്ന ഈ ന്യൂനമർദ്ദം വൈകിട്ടോടെ ഫാനി ചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കേരളത്തില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴ് നാട്ടിൽ ഏപ്രിൽ 30, മെയ് 1 തിയ്യതികളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയോട് ചേര്‍ന്ന ഭാഗത്താണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് തീവ്ര ന്യൂന മർദമായി മാറിയിട്ടുണ്ട്. ഈ ന്യുനമർദം ഉണ്ടാക്കുന്ന ചുഴലിക്കാറ്റിന്റെ ആഘാതം കേരളത്തിലും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഫാനി ശക്തി പ്രാപിക്കുന്നതോടെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ തമിഴ്നാട് കേരളം, കർണാടക സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പെയ്തത് കനത്ത വേനൽ മഴ. തിരുവനന്തപുരം നഗരത്തിൽ കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ വ്യാപകമായി തകരാറിലായി. കോഴിക്കോട് ജില്ലയിലും വ്യാപക മഴ ലഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ നാശമുണ്ടാക്കി. നിരവധി മരങ്ങൾ കാറ്റിൽ കടപുഴകി വീണു. മരം വീണ് വീടുകളും വാഹനങ്ങളും തകർന്നിട്ടുണ്ട്.
അതേസമയ, ഫാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടുത്ത മൂന്നു ദിവസം കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് ജില്ലാഭരണകൂടങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി സർക്കാർ, മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ ഒരുക്കാനും മറ്റ് മുന്നൊരുക്കങ്ങൾ നടത്താനുമാണ് സർക്കാർ നിർദേശം.
അതേസമയം, കാറ്റ് ശക്തി പ്രാപിക്കുന്നതോടെ കടൽ പ്രക്ഷുബ്ധമാകുമെന്നും, മത്സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരമാലകള്‍ 2.2 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. കേരളതീരത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. എല്ലാ വിനോദ സഞ്ചാര ബീച്ചുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
This post was last modified on April 27, 2019 8:08 am
Leave a Comment