X

ഉരുളക്കിഴങ്ങ് കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ പെപ്‌സി പിന്മാറുന്നു? ‘ഒത്തുതീര്‍പ്പിന്’ തയ്യാറെന്ന് കമ്പനി

വിത്ത് തങ്ങളില്‍ നിന്ന് വാങ്ങണം എന്നും ഉരുളക്കിഴങ്ങ് തങ്ങള്‍ക്ക് തന്നെ വില്‍ക്കണം എന്നുമാണ് പെപ്‌സി ആവശ്യപ്പെടുന്നത്.

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറായി പെപ്‌സി കോ കമ്പനി. ലേയ്‌സ് ചിപ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങ് (എഫ് സി 5) കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെതിരെയാണ് പെപ്‌സി, അഹമ്മദാബാദിലെ വാണിജ്യ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തങ്ങള്‍ക്ക് ബൗദ്ധിക സ്വത്ത് അവകാശമുള്ള (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്) ഉല്‍പ്പന്നം കൃഷി ചെയ്യുന്നത് നിയമലംഘനമാണ് എന്ന് ആരോപിച്ചാണ് പെപ്‌സി കോടതിയെ സമീപിച്ചത്. വിത്ത് തങ്ങളില്‍ നിന്ന് വാങ്ങണം എന്നും ഉരുളക്കിഴങ്ങ് തങ്ങള്‍ക്ക് തന്നെ വില്‍ക്കണം എന്നുമാണ് പെപ്‌സി ആവശ്യപ്പെടുന്നത്.

പെപ്‌സിയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥയെപ്പറ്റി കര്‍ഷകരുമായി ആലോചിച്ചിട്ട് പറയാം എന്നാണ് നാല് കര്‍ഷകര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് യാഗ്നിക് കോടതിയില്‍ പറഞ്ഞത്. ഉരുളക്കിഴങ്ങ് ഉല്‍പ്പാദിക്കുന്നതിന് വാണിജ്യ കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത ഹിയറിംഗ് ജൂണ്‍ 12നാണ്. അതുവരെ സ്റ്റേ നേട്ടിയിട്ടുണ്ട്.

പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ ഈ ഉല്‍പ്പന്നത്തില്‍ തങ്ങള്‍ക്കാണ് എന്ന് പെപ്‌സി അവകാശപ്പെടുന്നു. ഈ ഉരുളക്കിഴങ്ങ്, കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നത് മൂലം 1.05 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നും ഈ തുക കര്‍ഷകര്‍ നല്‍കണം എന്നുമാണ് പെപ്‌സി ആവശ്യപ്പെട്ടത്. സബര്‍കാന്ത, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ ശക്തമായ പ്രതിഷേധമാണ് പെപ്‌സിക്കെതിരെ കര്‍ഷകര്‍ ഉയര്‍ത്തിയത്. ലേയ്‌സ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ ഓള്‍ ഇന്ത്യ കിസാന്‍ സഭ, ആര്‍എസ്എസിന്റെ ഭാരതീയ കിസാന്‍ സംഘ് തുടങ്ങിയവയെല്ലാം പെപ്‌സിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. കര്‍ഷക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി പെപ്‌സി രംഗത്തെത്തിയത്.

This post was last modified on April 27, 2019 8:09 am