X

ദാദ്രിയില്‍ കൊലപ്പെട്ട മുഹമദ് അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ കേസ്

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമംസം വീട്ടില്‍ സൂക്ഷിച്ചു എന്നാരോപിച്ച് ആരോപിച്ച് ഒരുവിഭാഗം തല്ലി കൊലപ്പെടുത്തിയ മുഹമദ് അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ ഗോഹത്യയ്ക്ക് കേസെടുക്കാന്‍ ഗ്രേറ്റര്‍ നോയിഡയിലെ സുരാജ്പൂര്‍ കോടതി ജാര്‍ച്ഛാ പോലീസിനോട് നിര്‍ദ്ദേശിച്ചു. ഉത്തര്‍പ്രദേശില്‍ ഗോവധം നിരോധിച്ചിരിക്കുന്നതിനാല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ ചുമത്തി കുടുംബത്തിലെ ഏഴുപേര്‍ക്കെതിരെ കേസെടുക്കാന്‍ ആണ് നിര്‍ദ്ദേശം. ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിജയ്കുമാറാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചത്.

അഖ്‌ലാക്കിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ഗോമാംസം ആണെന്ന മഥുര ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൂരജ്പാല്‍ സിംഗ് എന്നയാളുടെ നേതൃത്വത്തില്‍ ബിസാദ ഗ്രാമവാസികള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് വീട്ടില്‍ പശു ഇറച്ചി സൂക്ഷിച്ചെന്നും ഉപയോഗിച്ചെന്നും ആരോപിച്ച് 52കാരനായ അഖ്‌ലാക്കിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയത്. മുഹമദ് അഖ്‌ലാക്, ഭാര്യ ഇക്രാമന്‍, മാതാവ് അസ്ഗാരി, സഹോദരന്‍ ജാന്‍ മുഹമ്മദ്, മകള്‍ ഷയിസ്ത, മകന്‍ ഡാനിഷ്, അഖ്‌ലാക്കിന്റെ സഹോദരന്‍ ജാഫറിന്റെ ഭാര്യ സോന എന്നിവരുടെ പേരുകള്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ത്യാഗി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചു. എന്നാല്‍ അഖ്‌ലാക്കിന്റെ കുടുംബവും അവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ യുസഫ് സെയ്ഫിയും ഉത്തരവിനെതിരെ ഹൈകോടതിയില്‍ പോകുമെന്ന് പ്രതികരിച്ചു.

This post was last modified on December 27, 2016 4:21 pm

Related Post
Leave a Comment