X

ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് ശേഷവും തളരാതെ ഒരു ദളിത് വിധവ നടത്തിയ ഒറ്റയാള്‍ കാര്‍ഷിക പോരാട്ടം

കൃഷിയില്‍ നിന്നും തുടര്‍ച്ചയായി ലാഭമുണ്ടാക്കുന്ന വാറങ്കല്‍ മേഖലയിലെ ഏക വനിതയാണ് പുഷ്പ

ആന്ധ്രാപ്രദേശിലെ വാറങ്കലില്‍ നിന്നുള്ള ഒരു ദളിത് വിധവ നടത്തിയ ഒറ്റയാള്‍ കാര്‍ഷിക പോരാട്ടം ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് മാര്‍ഗ്ഗദീപമാകുന്നു. വിള നഷ്ടവും വരള്‍ച്ചയും കടക്കെണിയും കര്‍ഷക ആത്മഹത്യകളും കൊണ്ട് ശ്രദ്ധേയമാണ് വാറങ്കല്‍. ഭര്‍ത്താവ് കൃഷി നഷ്ടത്തിലും കടക്കെണിയിലും പെട്ട് ആത്മഹത്യ ചെയ്തതോടെ തന്റെ 22-ാം വയസില്‍ വിധവയായ പുഷ്പ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

ഭര്‍ത്താവ് മരിച്ചതിന് ശേഷം കടക്കെണി മൂലം കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ അവര്‍ ചെറിയ കുട്ടിയുമായി അമ്മയുടെ അടുത്തേക്ക് മടങ്ങുകയായിരുന്നു. ദളിത് കര്‍ഷകര്‍ക്ക് വായ്പ ലഭിക്കുക ഇവിടെങ്ങളില്‍ അസാധ്യമാണ്. പ്രദേശിക പലിശക്കാര്‍ ദളിതര്‍ക്ക് പണം വായ്പ നല്‍കില്ല. മിക്ക ദളിതര്‍ക്ക് തങ്ങളുടെ കൃഷി ഭൂമിയുടെ പേരില്‍ മതിയായ ഉടമസ്ഥത രേഖകള്‍ ഉണ്ടാവാത്തതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ദേശസാല്‍കൃത ബാങ്കുകളും വായ്പ നല്‍കാന്‍ മടിക്കുകയും ചെയ്യും. മാത്രമല്ല, പുഷ്പയുടെ ഭര്‍ത്താവിന്റെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ വായ്പ കുടിശ്ശിക ഉണ്ടായിരുന്നതിനാല്‍ അവരുടെ അവസ്ഥ കൂടുതല്‍ ദയനീയമായിരുന്നു. കൃഷി മുന്നോട്ട് കൊണ്ടുപോകാനുള്ള വിത്തും കാര്‍ഷിക ഉപകരണങ്ങളും വാങ്ങാന്‍ കഴിവില്ലാത്തതിനാലാണ് അവര്‍ വൃദ്ധയായ അമ്മയുടെ അടുത്ത് അഭയം പ്രാപിച്ചത്. അടുത്തുള്ള വലിയ ചന്തയില്‍ നിന്നും പച്ചക്കറിവാങ്ങി അയല്‍പക്കത്തുള്ളവര്‍ക്ക് വിറ്റ് കിട്ടുന്ന ലാഭം ഉപയോഗിച്ചാണ് ആ അമ്മ പുഷ്പയെയും മകനെയും സംരക്ഷിച്ചത്.

2004ല്‍ വാറങ്കലുള്ള സര്‍വോദയ യൂത്ത് ഓര്‍ഗനൈസേഷന്‍ എന്ന എന്‍ജിഒ പുഷ്പയെ സമീപിച്ചതോടെയാണ് അവരുടെ ജീവിതം മാറി മറിഞ്ഞത്. കൃഷി ചെയ്യുന്നതിന് എല്ലാ പ്രോത്സാഹനവും നല്‍കാമെന്ന് എന്‍ജിഒ പ്രവര്‍ത്തകര്‍ വാഗ്ദാനം നല്‍കിയെങ്കിലും ആദ്യമൊന്നും വഴങ്ങാന്‍ പുഷ്പ തയ്യാറായില്ല. രാസവളമുപയോഗിച്ച് ഭര്‍ത്താവ് നടത്തിയിരുന്ന കൃഷി നഷ്ടമായതും കടക്കെണിയും അവരെ പരീക്ഷണം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. എന്നാല്‍ എന്‍ജിഒ പ്രവര്‍ത്തകര്‍ തോറ്റു പിന്മാറാന്‍ തയ്യാറായില്ല. അവരുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദവും അമ്മയുടെ ആരോഗ്യവും സ്‌കൂളില്‍ പഠിക്കുന്ന മകന്റെ തുടര്‍ പഠനം എന്ന വലിയ വെല്ലുവിളിയും മാറി ചിന്തിക്കാന്‍ പുഷ്പയെ പ്രേരിപ്പിച്ചു.

മണ്ണിര കമ്പോസ്റ്റും വേപ്പിന്‍ പൊടിയും വേനലിനെ ചെറുക്കാന്‍ ശേഷിയുള്ള ബ്രഹ്മ പരുത്തി വിത്തുകളും അവര്‍ പുഷ്പയ്ക്ക് നല്‍കി. അങ്ങനെ തന്റെ ഒരേക്കര്‍ നിലത്തില്‍ പുഷ്പ ജൈവകൃഷി രീതിയില്‍ പരുത്തി വിതച്ചു. പയറ്, ചോളം, ആവണക്ക്, മറ്റ് പച്ചക്കറികള്‍ എന്നിവ ഇടവിളയായി കൃഷി ചെയ്തു. കൃഷിപ്പണികള്‍ക്ക് ബാലനായ മകന്റെ സഹായം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. മാത്രമല്ല, രാസവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്ന മറ്റ് കര്‍ഷകര്‍ അവരെ കണക്കിന് കളിയാക്കുകയും ചെയ്തു. എന്നാല്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുമ്പോള്‍ സ്ഥിരമായി ഉണ്ടാവാറുള്ള തലവേദനയും മറ്റ് അസ്വസ്ഥതകളും ഇപ്പോള്‍ ഉണ്ടാവില്ല എന്നത് തുടക്കത്തില്‍ തന്നെ അവരില്‍ താല്‍പര്യം വളര്‍ത്തി.

അവര്‍ കൃഷി തുടങ്ങിയ വര്‍ഷം വരള്‍ച്ച ബാധിച്ചിട്ടുപോലും ഒരേക്കര്‍ നിലത്തില്‍ നിന്നും 1,800 കിലോ പരുത്തിയും 100 കിലോ വീതം പയറും ചോളവും പച്ചക്കറികളും ഉള്‍പാദിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. അതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ച പുഷ്പ തന്റെ കാര്‍ഷിക വൃത്തി തുടര്‍ന്നു. ഇന്ന് സ്വന്തം കാലില്‍ നില്‍ക്കുന്നു എന്ന് മാത്രമല്ല നിരവധി പേര്‍ക്ക് തന്റെ കൃഷി ഭൂമിയില്‍ തൊഴില്‍ നല്‍കുകയും ചെയ്യുന്നു. കൃഷിയില്‍ നിന്നും തുടര്‍ച്ചയായി ലാഭമുണ്ടാക്കുന്ന വാറങ്കല്‍ മേഖലയിലെ ഏക വനിതയാണ് പുഷ്പ. ഭര്‍ത്താവിന്റെ കടങ്ങളെല്ലാം അവര്‍ തിരിച്ചടച്ച് കഴിഞ്ഞു. വിവാഹിതനായ മകന് ഇപ്പോള്‍ ഒരു തൊഴിലും ലഭിച്ചു. എല്ലാം കൊണ്ടും സന്തുഷ്ടയാണ് പുഷ്പ ഇപ്പോള്‍.

 

This post was last modified on March 21, 2017 9:29 am