വിവാദ വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ ശൃംഖലയ്ക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ അനുമതി നല്‍കി. മല്യ കുടിശിക വരുത്തിയിരിക്കുന്ന 9,000ലേറെ രൂപ തിരിച്ചുപിടിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ പ്രവര്‍ത്തനരഹിതമായ മല്യയുടെ സ്ഥാപനങ്ങളായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്, കിംഗ്ഫിഷര്‍ ഫൈന്‍വെസ്റ്റ്, യുണൈറ്റഡ് ബിവറേജസ് എന്നിവിടങ്ങളില്‍ നിന്നായി 6203.35 കോടി രൂപ തിരിച്ചുപിടിക്കാം. ഇതോടൊപ്പം പരാതിയില്‍ ഫയലില്‍ സ്വീകരിച്ച 2013 മുതലുള്ള 11.5 ശതമാനം പലിശയും തിരിച്ചുപിടിക്കാം. ഈ കേസില്‍ മല്യയ്‌ക്കെതിരെ ഒരു ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ ബ്രിട്ടനിലേക്ക് കടന്ന ഇയാളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേസ് അന്വേഷിക്കുന്ന സിബിഐ. മാര്‍ച്ച് 2ന് ബ്രിട്ടിനിലേക്ക് കടന്ന ഇയാള്‍ അന്ന് മുതല്‍ അവിടെ തന്നെയാണ്.
ബാങ്ക് ശൃംഖലകള്‍ നല്‍കിയ പരാതിക്ക് മറുപടിയായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജനുവരി 11ന് സുപ്രിംകോടതി മല്യയ്ക്ക് നോട്ടീസ് അയച്ചിരുന്നു. 2016 ഫെബ്രുവരില്‍ ഇയാള്‍ ബ്രിട്ടീഷ് കമ്പനിയായ ദിയാഗോയില്‍ നിന്നും കൈപ്പറ്റിയ 273 കോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നായിരുന്നു ബാങ്ക് ശൃംഖലകളുടെ ആവശ്യം. കര്‍ണാടക ഹൈക്കോടതിയും ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലും ഇത് അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ തുക തന്റെ മകന്റെ അക്കൗണ്ടിലേക്ക് മാറ്റാനാണ് മല്യ ശ്രമിച്ചത്. ഇത് കോടതി ഉത്തരവുകളുടെ നഗ്നമായ ലംഘനമാണെന്ന് ബാങ്ക് ശൃംഖലകള്‍ക്ക് വേണ്ടി ഹാജരായ ശ്യാം ദേവന്‍ ആരോപിച്ചു.
2016 ഒക്ടോബറില്‍ മല്യയ്ക്ക് വിദേശത്തുള്ള സ്വത്തുക്കള്‍ വെളിപ്പെടുത്താന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. 273 കോടി കോടതിയില്‍ അടയ്ക്കാന്‍ സാധിക്കില്ലെന്നും അത് മറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് പോയെന്നും മല്യ നേരത്തെ അറിയിച്ചിരുന്നു. യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജിവച്ചതിന്റെ നഷ്ടപരിഹാരമായി തങ്ങള്‍ മല്യയ്ക്ക് 515 കോടി രൂപ കൊടുത്തെന്ന് ദിയാഗോ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് വെളിപ്പെടുത്തിയത്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ആ പണമിടപാട് നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങള്‍ക്ക് അത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് ദിയാഗോ പറയുന്നത്.
Leave a Comment