X

24കാരനെ കുട്ടികളുള്‍പ്പെടെയുള്ള സംഘം കൊന്നത് 18 കുത്ത് കുത്തി

രാജു എന്ന പാനിപൂരി വില്‍പ്പനക്കാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്

ഡല്‍ഹിയില്‍ 24കാരനെ അഞ്ചംഗ സംഘം കൊലപ്പെടുത്തിയത് 18 കുത്ത് കുത്തി. രാജു എന്ന പാനിപൂരി വില്‍പ്പനക്കാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായി. ഇവര്‍ക്ക് പാനിപൂരി വിളമ്പാന്‍ രാജു വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം.

ആക്രമണം നടത്തുമ്പോള്‍ ഇവര്‍ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. മംഗോല്‍പുരി സ്വദേശികളായ ഗോഗി(22), അനില്‍(28), നിഖില്‍(24) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്. മംഗല്‍പുരി ഒന്നാം ബ്ലോക്കില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന രാജുവും അച്ഛന്‍ രാധേയ് ശ്യാമും വഴിയരികില്‍ പാനിപൂരിയും ലഘുഭക്ഷണവും വിറ്റാണ് ജീവിക്കുന്നത്. ഞായറാഴ്ച രാത്രി 11.30 ഓടെ കടയടച്ച് ഇയാള്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു.

ഇവര്‍ വീടിന് സമീപം എത്തിയപ്പോള്‍ മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം പാനി പൂരി ആവശ്യപ്പെട്ടു. എന്നാല്‍ മുഴുവന്‍ വിറ്റുതീര്‍ന്നതായി രാജു അറിയിച്ചു. അതോടെ ഇയാളെ അവര്‍ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. കൂട്ടത്തിലൊരാള്‍ കത്തിയെടുത്ത് പലയാവര്‍ത്തി കുത്തുകയായിരുന്നു.

ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തിയെങ്കിലും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് നാട്ടുകാരാണ് പ്രതികളെക്കുറിച്ച് വിവരം നല്‍കിയത്. രാജുവിനെ ഉടന്‍ തന്നെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

This post was last modified on April 11, 2017 3:07 pm

Related Post
Leave a Comment