X

ശീതകാല സമ്മേളനം നാളെ അവസാനിക്കുന്നു; പ്രതിപക്ഷം രാഷ്ട്രപതി ഭവനിലേക്ക്

15 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ പാര്‍ലമെന്‌റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിക്കും.

നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്‌റ് ഇന്നും സ്തംഭിച്ചു. നാളെ കോണ്‍ഗ്രസ് അടക്കം 15 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ പാര്‍ലമെന്‌റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിക്കും. നോട്ട് പ്രതിസന്ധി ജനങ്ങള്‍ക്കുണ്ടാക്കിയിട്ടുള്ള ദുരിതം സംബന്ധിച്ച് സംസാരിക്കാന്‍ വേണ്ടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സംഘം കാണും. ഇടതുപാര്‍ട്ടികളും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും സംഘത്തിലുണ്ട്.

ഇതിനിടെ പാര്‍ലമെന്‌റില്‍ സ്വീകരിക്കേണ്ട സമീപനങ്ങളും തന്ത്രങ്ങളും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. നാളെ ശീതകാല സമ്മേളനം അവസാനിക്കുകയാണ്. നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വാഗ്വാദങ്ങളല്ലാതെ കാര്യമായൊന്നും ശീതകാല സെഷനില്‍ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് പ്രതികരണമുണ്ടായിട്ടില്ല.

പുറത്തുപറഞ്ഞാല്‍ ഭൂകമ്പമുണ്ടാവുന്ന വലിയ തെളിവുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതി സംബന്ധിച്ച് തന്‌റെ കയ്യിലുണ്ടെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അതേസമയം മോദിക്കെതിരായ തെളിവ് കയ്യിലുണ്ടെങ്കില്‍ രാഹുല്‍ എന്തുകൊണ്ടാണ് അത് പുറത്തുവിടാത്തതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ചോദിച്ചിരുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‌റ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിളിന്‌റെ ഡയറിയിലെ വെളിപ്പെടുത്തല്‍ ആയുധമാക്കി നോട്ട് പ്രതിസന്ധിയെ മറികടക്കാനാണ് ബിജെപിയുടെ ശ്രമം. പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് ഇടപാടുമായി ബന്ധപ്പെട്ട് 120 കോടി രൂപ നല്‍കിയതായും രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് 450 കോടി നല്‍കിയതായുമാണ് ഡയറിയില്‍ പറയുന്നത്.

This post was last modified on December 15, 2016 2:04 pm