X

ഡീസല്‍ വാഹന നിരോധനം; സ്വയം തര്‍ക്കിച്ചു തോല്‍ക്കുന്ന മലയാളി

ഒരു നിലവിളിക്ക്‌ എത്ര ഡെസിബെല്‍ ശബ്‌ദമുണ്ടാകും. അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന ശബ്‌ദത്തിന്റെയത്ര വരുമോ? നിശബ്‌ദമായി അന്തരീക്‌ഷത്തെ മലിനപ്പെടുത്തുന്ന ഡീസല്‍ വാഹനപ്പുക കേരളത്തെ ശ്വാസം മുട്ടിക്കുന്നതിനേക്കാള്‍ ശക്തിയില്‍ ഹരിത ട്രൈബ്യൂണലിനെതിരെ നിലവിളി തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ പരിസ്‌ഥിതി പ്രിയരെന്ന്‌ പൊതുവേ അറിയപ്പെടുന്ന മലയാളികള്‍ക്ക്‌ ഹരിത ട്രൈബ്യൂണല്‍ ആദ്യം നല്‍കിയ സമ്മാനം തന്നെ ചില്ലറ അന്തരീക്ഷ മലിനീകരണമല്ല, പുറപ്പെടുവിക്കുന്നത്‌. ദേശീയ തലത്തില്‍ ഹരിത ട്രൈബ്യൂണല്‍ നിലവില്‍ വന്നപ്പോള്‍ നമുക്കും വേണം അത്തരമൊന്ന്‌ എന്നായിരുന്നു ആദ്യം നിലവിളി. കാറുവാങ്ങാന്‍ ഭര്‍ത്താവിനെ നിര്‍ബന്‌ധിക്കുന്ന ഭാര്യയെപ്പോലെ അവസരം കിട്ടിയപ്പോഴൊക്കെ നാം ഹരിത ബെഞ്ചിനു വേണ്ടി വാദിച്ചു. ഒടുവില്‍ ചെന്നൈ ബെഞ്ച്‌ ഒരു സര്‍ക്യൂട്ട്‌ ബെഞ്ചുമായി കൊച്ചിയിലെത്തിയപ്പോഴോ? ഒന്നൊന്നൊര ചെയ്‌ത്തായിപ്പോയെന്റെ ഹരിതേ.. എന്നായി വിലാപം. ഹരിത ട്രൈബ്യൂണല്‍ കേരളത്തോടടുക്കുമ്പോള്‍ തന്നെ ചില കോണുകളില്‍ ആശങ്ക ശക്തമായിരുന്നു. നാടിന്റെ വികസനം ഇനി ഒരടി മുന്നോട്ടു നീങ്ങാന്‍ പരിസ്‌ഥിതിയെ തകര്‍ക്കാതെ കഴിയില്ലെന്ന ഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. റോഡ്‌ വന്നാലും മെട്രോ വന്നാലും ക്വാറി വന്നാലും എന്തിന്‌ പേരിനൊരു വിമാനത്താവളം വന്നാലും പരിസ്‌ഥിതിക്കു കിടന്നു ചാവേണ്ട എന്ന നിലയായിട്ടുണ്ട്‌ കേരളത്തില്‍. ചതുപ്പും കായലും നിലവുമൊക്കെ ഇനിയും കുറേ നികത്തിയെടുക്കാനുണ്ട്‌. അതിനാവുന്നതൊക്കെ ഓര്‍ഡിനന്‍സ്‌, ധനകാര്യ ബില്‍ തുടങ്ങിയ രൂപത്തില്‍ വേഷം മാറ്റി അവതരിപ്പിച്ചിട്ടും പൊതു ജനം കണ്ടു പിടിച്ചു കളഞ്ഞു. ദോഷം പറയരുത്‌ ചതുപ്പ്‌ നികത്തുമ്പോഴും പരിസ്‌ഥിതിയോട്‌ പെരുത്ത സ്‌നേഹമാണ്‌. ചതുപ്പിലെ കണ്ടല്‍കാട്‌ അതേപടി നിലനിറുത്താന്‍ നോക്കും. കണ്ടല്‍ കാട്‌ വെട്ടുന്നത്‌ കുറ്റമാണത്രേ.

ഇങ്ങനെ നാടു നന്നാക്കിയിരിക്കുമ്പോഴാണ്‌ ഹരിത ബെഞ്ചിന്റെ സര്‍ക്യൂട്ട്‌ ബെഞ്ച്‌ ചെന്നൈയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ വിമാനം കയറിയത്‌. ആദ്യപ്രശ്‌നം അഭിഭാഷകരുടെ തന്നെ പരിസ്‌ഥിതി സംഘടനയുടെ പരാതിയിലായിരുന്നു. വോക്‌സ്‌വാഗണ്‍ കമ്പനിയുടെ വാഹനങ്ങളിലെ പുക മലിനീകരണ പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു ലീഗല്‍ എന്‍വയോണ്‍മെന്റല്‍ അവേര്‍നസ്‌ ഫോറം (ലീഫ്‌) സര്‍ക്യൂട്ട്‌ ബെഞ്ചിനെ സമീപിച്ചത്‌. ജസ്റ്റിസ്‌ സ്വതന്തര്‍ കുമാര്‍, വിദഗ്‌ദ്ധാംഗം ബിക്രം സിംഗ്‌ സജ്‌വാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ ഒരു തീര്‍പ്പു കല്‌പിച്ചു. കേരളത്തില്‍ പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ജൂണ്‍ ഇരുപത്തിമൂന്നു മുതല്‍ ഓടരുത്‌. രണ്ടായിരം സി.സിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ (പൊതു ഗതാഗതത്തിന്‌ ഉപയോഗിക്കുന്നതിനും തദ്ദേശഭരണ സ്‌ഥാപനങ്ങളുടെ ആവശ്യത്തിനും ഉള്ളവ ഒഴികെ) രജിസ്‌റ്റര്‍ ചെയ്‌തു നല്‍കരുത്‌. ഉച്ചക്കു മുമ്പ്‌ കേസു തീര്‍ത്ത്‌ ബെഞ്ച്‌ മടങ്ങി.

പക്ഷേ, ഉത്തരവിനെത്തുടര്‍ന്നുള്ള കോലാഹലങ്ങള്‍ ചില കെ. എസ്‌. ആര്‍.ടി.സി ബസുകളില്‍ നിന്ന്‌ പുറത്തേക്ക്‌ തള്ളുന്ന പുക പോലെ അന്തരീക്ഷത്തില്‍ കറുത്തു പടര്‍ന്നു. പരിസ്‌ഥിതി സംരക്ഷണത്തിന്‌ ഇതാവശ്യമാണെന്ന്‌ ഒരുപക്ഷം. ഹേയ്‌, ബന്‌ധപ്പെട്ട കക്ഷികളെ കേള്‍ക്കാത ഉത്തരവിട്ടത്‌ നിയമവിരുദ്ധമെന്ന്‌ മറുപക്ഷം. തര്‍ക്കം മുറുകിത്തുടങ്ങി. പശ്‌ചിമഘട്ട മലമേഖലയിലെ കടന്നുകയറ്റം പരിസ്‌ഥിതിയെ തകര്‍ക്കുമെന്ന വാദത്തോട്‌ പൂര്‍ണ്ണമായും യോജിച്ചവര്‍ പോലും ഡീസല്‍ വാഹന നിരോധനത്തോടു യോജിക്കുന്നില്ല. പ്രായോഗികത കണക്കിലെടുക്കേണ്ടേ, പൊതുഗതാഗത സംവിധാനത്തെ ബാധിക്കില്ലേ, ഇത്രയും വാഹനങ്ങള്‍ വാങ്ങിയവര്‍ ഇനി എന്തു ചെയ്യും? ചോദ്യങ്ങളുമായി ചാനലുകളിലും കയറിവന്നു ചിലര്‍. ഇതിനിടയില്‍ സൗകര്യപൂര്‍വം മറന്നു പോകുന്ന സത്യം മറ്റൊന്നുണ്ട്‌. അനുദിനം കേരളത്തിലെ വാഹനങ്ങള്‍ അന്തരീക്ഷത്തിലേക്ക്‌ പുറന്തള്ളുന്ന പുകമാലിന്യം എത്രമാത്രം ദോഷകരമാണെന്ന സത്യം നമുക്കറിയാം. സൗകര്യപൂര്‍വം ഇതു മറച്ചു വെച്ചു നാം ചോദിക്കുന്നു: പിന്നേ, ഇതുമാത്രമേ മാലിന്യപ്രശ്‌നമുള്ളൂ. കേരളത്തിലെ എണ്ണിയാലൊടുങ്ങാത്ത ഫാക്‌ടറികള്‍ കേരളത്തിലെ പുഴകള്‍ നശിപ്പിക്കുന്നത്‌ കാണുന്നില്ലേ, മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ നാടിനെ നശിപ്പിക്കുന്നത്‌ കാണുന്നില്ലേ, എന്നിട്ടും ഡീസല്‍ വണ്ടികളുടെ മേല്‍ കുതിര കയറുന്നതെന്തിനാണ്‌? സത്യമാണ്‌. ഈ ചോദ്യങ്ങളൊക്കെ ശരിയാണ്‌. ഇതിലൊക്കെ നടപടി ഹരിത ട്രൈബ്യൂണല്‍ സ്വീകരിച്ചു വരികയുമാണ്‌. കേരളത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ ഡീസല്‍ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള ബെഞ്ചിന്റെ തീരുമാനം ഉചിതവും ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന നാഗരികാന്തരീക്ഷത്തെ രക്ഷിക്കാനുള്ള അവസാനത്തെ ശ്രമവുമാണ്‌.

പെട്രോള്‍ വണ്ടികളെക്കാള്‍ വിലക്കൂടുതലുള്ള ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നത്‌ പെട്രോള്‍ വിലയെക്കാള്‍ കുറവ്‌ ഡീസലിനാണെന്നതുകൊണ്ടാണ്‌. നമ്മുടെ സൗകര്യത്തിന്‌ വണ്ടി വാങ്ങി മാലിന്യം മറ്റുള്ളവരെല്ലാം കൂടി ശ്വസിച്ചു തീര്‍ക്കണമെന്ന്‌ വാശി പിടിക്കുന്ന മലയാളിയുടെ മുഖത്തേക്കാണ്‌ ട്രൈബ്യൂണല്‍ വിധി ആഞ്ഞടിക്കുന്നത്‌. ഡെല്‍ഹിയുള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളില്‍ അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാന്‍ അടിയന്തര നടപടികള്‍ സര്‍ക്കാരും ട്രൈബ്യൂണലുമൊക്കെ സ്വീകരിക്കുമ്പോള്‍ നമുക്കിതൊന്നും ബാധകമല്ലെന്നും മോട്ടോര്‍ വാഹന നിയമത്തില്‍ ഇങ്ങനെയല്ല പറയുന്നതെന്നും വാദിച്ച്‌ നാം തര്‍ക്കിച്ചു തോല്‌പിക്കാന്‍ ശ്രമിക്കുന്നത്‌ ആരെയാണ്‌? നമ്മളെത്തന്നയല്ലേ? പരിസ്‌ഥിതിയെന്നാല്‍ പുഴയും മലയും മണ്ണും കായലും കുളവും കടലും പാടവും മാത്രമാണെന്ന്‌ ധരിച്ചിരിക്കുമ്പോഴാണ്‌ അന്തരീക്ഷവും ഇതിലുള്‍പ്പെടുമെന്ന്‌ ട്രൈബ്യൂണല്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌.

ഇനി നിയമപരമായ തുടര്‍ നടപടികള്‍ നോക്കാം. ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയമപ്രകാരം ട്രൈബ്യൂണലിന്റെ ഉത്തരവുകളെ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിക്കാണ്‌ അധികാരം. അപ്പീല്‍ അതോറിറ്റി സുപ്രീം കോടതിയാണെങ്കിലും ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഒരഭിഭാഷകന്‍ പൊതുതാല്‌പര്യ ഹര്‍ജി നല്‍കി. അഡ്വ. എം. എല്‍. ജോര്‍ജിന്റെ ഹര്‍ജിയില്‍ ഉത്തരവ്‌ തിരുത്താന്‍ ഹരിത ട്രൈബ്യൂണലിനോടു നിര്‍ദ്ദേശിക്കണമെന്നാണ്‌ ആവശ്യം. സംസ്‌ഥാനത്ത്‌ പൊതുഗതാഗതത്തിന്‌ ബദല്‍ സൗകര്യം ഒരുക്കാന്‍ ബാധ്യതയുള്ള കെ. എസ്‌.ആര്‍.ടി.സിയെയും സര്‍ക്കാരിനെയും കേള്‍ക്കാതെയാണ്‌ ബെഞ്ച്‌ ഇത്തരമൊരുത്തരവു നല്‍കിയതെന്ന നിയമ പ്രശ്‌നമാണ്‌ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്‌. രാജ്യത്തെ പ്രമുഖ നഗരങ്ങളിലൊക്കെ വാഹനങ്ങളില്‍ നിന്നുള്ള പുകമൂലമുള്ള അന്തരീക്ഷ മലിനീകരണ പ്രശ്‌നം രൂക്ഷമാണെന്നിരിക്കെ ദേശീയ നയം ഉണ്ടാക്കുകയാണ്‌ വേണ്ടതെന്നും മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്‌ഥകള്‍ക്കു വിരുദ്ധമായി ട്രൈബ്യൂണല്‍ നല്‍കിയ ഉത്തരവ്‌ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ടൊയോട്ടോ വാഹനങ്ങളുടെ നിപ്പോണ്‍ മോട്ടേഴ്‌സും ഹൈക്കോടതിയിലെത്തി. വാഹനക്കച്ചവടം പാടെ തകര്‍ക്കുന്ന ഉത്തരവ്‌ നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. രണ്ടായിരം സി.സിക്കു മുകളിലുള്ള ആഡംബര കാറുകള്‍ വിറ്റുപോകാതായ കണക്കു ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ വിധിയില്‍ ഹൈക്കോടതിക്ക്‌ ഇടപെടാമെന്ന മദ്രാസ്‌ ഹൈക്കോടതിയുടെ ഉത്തരവും സുപ്രീം കോടതിയുടെ ചില നിര്‍ദ്ദേശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്‌. ഇതുകൂടി കണക്കിലെടുത്താണ്‌ ജസ്റ്റിസ്‌ പി. ബി. സുരേഷ്‌ കുമാര്‍ ട്രൈബ്യൂണലിന്റെ വിധിയിലെ പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞ ഭാഗം രണ്ടു മാസത്തേക്ക്‌ സ്റ്റേ ചെയ്‌തത്‌. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പ്രമുഖ നഗരങ്ങളിലെ നിരത്തിലിറക്കരുതെന്ന ഉത്തരവിലെ ഭാഗത്തില്‍ ഇടപെട്ടുമില്ല. ഈ ഭാഗവും റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ അടുത്ത ദിവസം സ്വകാര്യബസുടമകളടക്കമുള്ളവര്‍ ഹൈക്കോടതിയിലെത്തുന്നുണ്ട്‌. ഡീസല്‍ വാഹനങ്ങള്‍ നഗരത്തിലുണ്ടാക്കുന്ന മാലിന്യപ്രശ്‌നം പഠിച്ചിട്ടില്ലെന്നും പട്ടികകളും വസ്‌തുതകളും നോക്കാതെയാണ്‌ ട്രൈബ്യൂണല്‍ വിധി പറഞ്ഞതെന്നും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിക്കാരുടെ വാദം ശരിയുമാണ്‌. പക്ഷേ, ആത്യന്തികമായി ഡീസല്‍ വാഹനങ്ങളിലെ പുകയുണ്ടാക്കുന്ന മലിനീകരണം നമ്മുടെ നിയമ സംവിധാനങ്ങള്‍ക്ക്‌ ബോധ്യപ്പെടും. ഹരിത ട്രൈബ്യൂണല്‍ പറഞ്ഞതാണ്‌ ശരിയെന്ന്‌ എല്ലാവരും സമ്മതിക്കുകയും ചെയ്യും. അത്രയും കാലം വാഹനങ്ങളുടെ കച്ചവടവും നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗവും തുടരും. അതുമാത്രമാണ്‌ ഇതിനെ എതിര്‍ക്കുന്നതിലുള്ള നിക്ഷിപ്‌ത താല്‌പര്യം.

ഇതിനിടയില്‍ അധികമാരും ശ്രദ്ധിക്കാതെപോയ ഒരു പരാതിയുടെ വാര്‍ത്ത അടുത്തിടെ മാധ്യമങ്ങള്‍ പങ്കുവെച്ചിരുന്നു. എറണാകുളം നഗരത്തിലെ വാഹനങ്ങളില്‍ നിന്നുള്ള പുകമലിനീകരണം തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട്‌ എറണാകുളം കോമ്പാറ സ്വദേശി രാജേഷ്‌ സുകുമാരന്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചാണ്‌ ഈ പരാതി നല്‍കിയത്‌. നഗരപരിധിയില്‍ സര്‍വീസ്‌ നടത്തുന്ന ബസുകളില്‍ നിന്നും ഓട്ടോറിക്ഷകളില്‍ നിന്നുമായി അനുവദനീയമായ പരിധിയിലേറെ പുക പുറന്തള്ളുന്നുണ്ടെന്ന്‌ ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. സ്വന്തം കുട്ടിയെയും കൊണ്ട്‌ സ്‌കൂളിലേക്ക്‌ തിരക്കുള്ള നഗരത്തിലൂടെ പോകുന്ന ഹര്‍ജിക്കാരന്‍ ദിവസവും അനുഭവിക്കുന്ന പ്രശ്‌നം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയാണിത്‌. ഇത്തിരി നേരം നഗരത്തിലെ ബ്‌ളോക്കില്‍ പെട്ടുപോയാല്‍ അമിതമായ പുക ശ്വസിച്ച്‌ ഇരുചക്രവാഹനയാത്രക്കാരന്‍ ബുദ്ധിമുട്ടിലാകുമെന്നും കുട്ടികള്‍ക്കു പോലും ശ്വാസകോശ രോഗങ്ങള്‍ക്ക്‌ ഇതു കാരണമാകുമെന്നും ആ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡീസല്‍ വാഹനങ്ങളുടെ പുകയോടൊപ്പം പുറന്തള്ളുന്ന ആഴ്‌സനിക്‌, അമോണിയം നൈട്രേറ്റ്‌, കാര്‍ബണ്‍ തുടങ്ങിയവയാണ്‌ ദിനംപ്രതി നാം ശ്വസിച്ചു കൂട്ടുന്നത്‌. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഇത്തരം പരിതസ്‌ഥിതി മാറിയേ മതിയാകൂ. അതിനുള്ള നിയമപോരാട്ടങ്ങള്‍ക്കാണ്‌ ഇനി കേരളം കാത്തിരിക്കുന്നത്‌.

മറുമൊഴി: തിരുവനന്തപുരത്തു നിന്ന്‌ കൊച്ചിയിലേക്കുള്ള ട്രെയിന്‍ യാത്രയിലൊരാള്‍ ഡീസല്‍ വാഹനങ്ങളുടെ നിരോധനത്തെ പ്രകീര്‍ത്തിച്ചും അന്തരീക്ഷ മലിനീകരണപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും ഒരാള്‍ സുഹൃത്തുക്കളോടും യാത്രക്കാരോടും കുറേനേരമായി വാദിക്കുകയാണ്‌. ഇതിനിടയിലൊരു പ്രായമായ ഒരാള്‍ ചോദിച്ചു.

‘അല്ല, കോയാ, ങ്ങ്‌ക്ക്‌ കാറുണ്ടോ?’

‘ഇല്ല.’

‘ബസ്‌, ലോറി ?’

‘ഇല്ല.’

‘അല്ലപ്പൊ ഒരു സ്‌കൂട്ടറുപോലും?’

‘ഇല്ലെന്നേ…’

‘ന്നാ പ്പിന്നെ ങ്ങ്‌ളെ പറഞ്ഞിട്ട്‌ കാര്യല്ല കോയാ, ങ്ങ്‌ക്ക്‌ എന്തും പറയാം, പറഞ്ഞോളീ..’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on December 16, 2016 10:38 am