X

നടി ആക്രമിക്കപ്പെട്ട കേസ്: ഇനിയുള്ള കോടതി നടപടികള്‍ രഹസ്യമായി മാത്രം

നടി ആക്രമിക്കപ്പെട്ട കേസ് ഡല്‍ഹിയിലെ നിര്‍ഭയ കേസിനേക്കാള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്

കൊച്ചിയില്‍ യുവനടിയ്ക്ക് നേരെയുണ്ടായ ആക്രമണക്കേസിലെ കോടതി നടപടികള്‍ ഇനിമുതല്‍ രഹസ്യമായി നടത്തും. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് ഇത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി തീരുമാനം അറിയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി മാധ്യമപ്രവര്‍ത്തകരെയും മറ്റ് അഭിഭാഷകരെയും പുറത്താക്കിയാണ് കോടതി നടപടികള്‍ തുടര്‍ന്നത്.

നടി ആക്രമിക്കപ്പെട്ട കേസ് ഡല്‍ഹിയിലെ നിര്‍ഭയ കേസിനേക്കാള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമുള്ള രേഖകളും പുറത്തുവരുന്നത് തടയാന്‍ തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. തുറന്ന കോടതിയിലെ നടപടികള്‍ കേസിനെയും ഇരയെയും ബാധിക്കും.

നടി മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ രഹസ്യമൊഴി പ്രതിഭാഗത്തിന് നല്‍കരുതെന്നും രഹസ്യസ്വഭാവമുള്ള രേഖകള്‍ പുറത്തുവരുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ അഭിമാനവും സുരക്ഷയും സര്‍ക്കാരിന്റെ ചുമതലയാണ്. ആ സാമൂഹിക ഉത്തരവാദിത്വം പ്രോസിക്യൂഷനുണ്ടെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഇതോടെ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപ് ഉള്‍പ്പെടെയുള്ള കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പൊതുജനത്തിനോ മാധ്യമങ്ങള്‍ക്കോ മറ്റ് അഭിഭാഷകര്‍ക്കോ പ്രവേശനമുണ്ടാകില്ല. ദിലീപിനെ നേരിട്ട് കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നതിന് സുരക്ഷാ പ്രശ്‌നമുണ്ടെന്ന് പോലീസ് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ സ്‌കൈപ്പ് വഴിയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്നത്.