X

ഹിമാചലില്‍ കുടുങ്ങിയ മഞ്ജുവിനെ രക്ഷിക്കണം: ഹൈബി ഈഡനോട് ദിലീപ്

കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എംപിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടതായും രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ നടപടികളും ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയതായും ഹൈബി ഈഡന്‍ പറയുന്നു.

സിനിമ ഷൂട്ടിംഗിനിടെ പ്രളയത്തില്‍ ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ കുടുങ്ങിയിരിക്കുന്ന നടി മഞ്ജു വാര്യരേയും സംഘത്തേയും രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടനും മഞ്ജുവിന്റെ മുന്‍ ഭര്‍ത്താവുമായ ദിലീപ്. ഇക്കാര്യം ദിലീപ് ആവശ്യപ്പെട്ടതായി എറണാകുളം എംപി ഹൈബി ഈഡനാണ് ഫേസ്ബുക്കില്‍ പറയുന്നത്. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനടക്കം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ മുപ്പതോളം പേരാണ് മഞ്ജുവാര്യരുടെ സംഘത്തിലുള്ളത്.

സഹോദരന്‍ മധു വാര്യരുമായി മഞ്ജു സാറ്റലൈറ്റ് ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത് എന്ന് ഹൈബി ഈഡന്‍ പറയുന്നു. ദിലീപ് തന്നെ ഇക്കാര്യം വിളിച്ചറിയിച്ചതിന് പിന്നാലെ താന്‍ കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എംപിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടതായും രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ നടപടികളും ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയതായും ഹൈബി ഈഡന്‍ പറയുന്നു. രണ്ട് ദിവസത്തേയ്ക്കുള്ള ഭക്ഷണം മാത്രമേ ഷൂട്ടിംഗ് സംഘത്തിന്റെ പക്കലുള്ളൂ.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എംപിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം.

This post was last modified on August 20, 2019 2:58 pm