X

ഇനി ട്രംപ് യുഗം: ചിത്രങ്ങളിലൂടെ

അമേരിക്കയുടെ അധഃപതനം ഇന്ന് മുതല്‍ അവസാനിക്കുകയാണെന്ന് ട്രംപ്; പ്രതിഷേധത്തോടെ തുടക്കം

അമേരിക്കയുടെ 45ാമത് പ്രസിഡന്‌റായി ഡൊണാള്‍ഡ് ജോണ്‍ ട്രംപ് അധികാരമേറ്റു. കാപ്പിറ്റോള്‍ ബില്‍ഡിംഗിന് പുറത്ത് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജോണ്‍ ജി റോബര്‍ട്‌സ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്‌റ് ബറാക് ഒബാമ, മുന്‍ പ്രസിഡന്‌റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്‌റന്‍, ജോര്‍ജ്.ഡബ്ല്യു ബുഷ്, പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്‌റെ എതിരാളിയായ ഹിലരി ക്ലിന്‌റന്‍ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു. അതേസമയം പല ഡെമോക്രാറ്റ് നേതാക്കളും ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി അറിയിച്ചിരുന്നു. ആദ്യം വൈസ് പ്രസിഡന്‌റായി മൈക്ക് സത്യവാചകം ചൊല്ലി അധികാരമേറ്റു. ഇതിന് ശേഷമായിരുന്നു ട്രംപിന്‌റെ സത്യപ്രതിജ്ഞ. ബൈബിളില്‍ തൊട്ടാണ് ഇരുവരും സത്യവാചകം ചൊല്ലിയത്.

ഇതുവരെ കണ്ടതൊന്നുമല്ല, ഇനി നിങ്ങള്‍ കാണാന്‍ പോകുന്നത് എന്ന് വ്യക്തമാക്കിയായിരുന്നു യുഎസ് പ്രസിഡന്‌റായി സ്ഥാനമേറ്റു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്‌റെ ഉദ്ഘാടന പ്രസംഗം. അമേരിക്കയുടെ അധഃപതനം ഇന്ന് മുതല്‍ അവസാനിക്കുകയാണ് എന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇത് സാധാരണ പറയുന്നതുപോലെ ഒരു പ്രസിഡന്‌റില്‍ നിന്ന് മറ്റൊരു പ്രസിഡന്‌റിലേയ്ക്കുള്ള സമാധാനപരമായ അധികാര കൈമാറ്റമല്ല. ഇത് വാഷിംഗ്ടണ്‍  ഡിസിയില്‍ നിന്ന് ജനങ്ങളിലേയ്ക്കുള്ള അധികാര കൈമാറ്റമാണ് – ട്രംപ് പറഞ്ഞു.

200 വര്‍ഷത്തിലേറെയായി പിന്തുടരുന്ന പതിവ് പ്രസംഗരീതി ട്രംപ് മാറ്റി. വാഷിംഗ്ടണിലെ ഭരണസംവിധാനത്തിനെതിരായ യുദ്ധ പ്രഖ്യാപനമാണ് ട്രംപ് നടത്തിയതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉപദേശകനും മുന്‍ പ്രസിഡന്‌റ് റൊണാള്‍ഡ് റീഗനെ കുറിച്ച് പുസ്തകമെഴുതിയിട്ടുളള വ്യക്തിയുമായ ക്രെയ്ഗ് ഷിര്‍ലി അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‌റുമാര്‍ ഇനോഗുരല്‍ സ്പീച്ചില്‍ പതിവ് പോലെ നടത്തുന്ന ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനമല്ല ട്രംപ് നടത്തിയത്. ട്രംപിസമാണ് കണ്ടത്. – ഷിര്‍ലി പറയുന്നു.

അതേസമയം ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നടന്നു. ഏറെക്കുറെ സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ ചിലയിടങ്ങളില്‍ ആക്രമാസക്തമായി. പോലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് അപരുക്കേറ്റ്. സത്യ പ്രതിജ്ഞയ്ക്ക് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് പ്രതിഷേധക്കാര്‍ വാഷിംഗ്ടണിലെ ഫ്രാങ്ക്‌ളിന്‍ സ്‌ക്വയറില്‍ ചില കടകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ബാങ്ക് ഓഫ് അമേരിക്കയുടെ ബ്രാഞ്ചിന് നേരെയും ആക്രമണമുണ്ടായി. ട്രംപ് ഉയര്‍ത്തിയ വംശീയ വിദ്വേഷ ആശയങ്ങള്‍ക്കെതിരെയുള്ള പ്ലക്കാര്‍ഡുകള്‍ പ്രകടനക്കാര്‍ പിടിച്ചിരുന്നു. ട്രംപിന്‍റെ ചിത്രം പതിച്ച ദേശീയ പതാക കത്തിച്ച പ്രകടനക്കാര്‍ ഐക്യ അമേരിക്കയ്ക്ക് വേണ്ടി മുദ്രാവാക്യം ഉയര്‍ത്തി.

(ചിത്രങ്ങള്‍ക്ക് കടപ്പാട്: വിവിധ ഏജന്‍സികള്‍)

This post was last modified on January 21, 2017 12:07 pm