X

വിമന്‍ കളക്ടീവ്; ആ നാലുപേരുടെ അഭിനയപാടവം അത്ഭുതപ്പെടുത്തിയെന്നു ഭാഗ്യലക്ഷ്മി

ഡബ്ലുസിസിയില്‍ എന്തുകൊണ്ട് അംഗമായില്ല എന്നതിന്റെ കാരണം വ്യക്തമാക്കി ഭാഗ്യലക്ഷ്മി

സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമയില്‍ എന്തുകൊണ്ട് താന്‍ അംഗമായില്ല എന്ന ചോദ്യത്തിനു വിശദീകരണവുമായി ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതോടുകൂടി ഡബ്ല്യുസിസിയും ഭാഗ്യലക്ഷ്മിയും എന്ന വിവാദവും പരാമര്‍ശങ്ങളും അവസാനിപ്പിക്കണമെന്നും ഭാഗ്യലക്ഷ്മി പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്

കുറേ ദിവസമായി കേള്‍ക്കുന്നു വിമന്‍ കളക്ടിവ് ഇന്‍ സിനിമ (WCC) എന്ന സംഘടനയില്‍ ഞാനില്ലാത്തതിന്റേയോ എന്നെ ചേര്‍ക്കാത്തതിന്റേയോ
പരാമര്‍ശങ്ങളും വിമര്‍ശനങ്ങളുമൊക്കെ. മറുപടി പറഞ്ഞ് മടുത്തു. ഓരോരുത്തര്‍ക്കും തനിത്തനിയെ മറുപടി പറയുന്നതിലും നല്ലതല്ലേ ഈ പോസ്റ്റ്. ഇതോടു കൂടി ഈ വിഷയം തീരുമല്ലോ.(?)

ആദ്യമേ പറയട്ടെ മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന രൂപീകരിക്കുമ്പോള്‍ അതില്‍ ഞാനുണ്ടാവണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല, ഞാനുണ്ടാവരുതെന്നുളള നിര്‍ദേശം ആരെങ്കിലും നല്‍കിയോ എന്നും എനിക്കറിയില്ല, ഞാനങ്ങനെ പറഞ്ഞിട്ടുമില്ല, അങ്ങനെ ചിന്തിക്കാനും വാദിക്കാനും മാത്രം ഞാനൊരു വിഡ്ഡിയുമല്ല. ഇതില്‍ ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും അത്ഭുതമൊന്നും സംഭവിക്കില്ല. ഈ സംഘടനയില്‍ ഞാനില്ലാത്തത് കൊണ്ട് എനിക്കോ ആ സംഘടനക്കോ യാതൊരു നഷ്ടവുമില്ല. ഞാനംഗമല്ലാത്ത വേറേയും സംഘടനയുണ്ട് മലയാള സിനിമയില്‍. എന്ന് കരുതി ആ സംഘടനക്ക് എന്തെങ്കിലും ആരുടെയെങ്കിലും നിര്‍ദേശമുണ്ടെന്ന് അര്‍ത്ഥമില്ല.

എന്റെ സംരക്ഷണവും അവകാശവും ഒരു സംഘടനയുമില്ലാതിരുന്ന കാലത്ത് ഞാന്‍ സ്വയം നേടിയെടുത്തവളാണ്. ഈ സംഘടന രൂപീകരിച്ച വിവരം പോലും മാധ്യമങ്ങള്‍ വഴിയാണ് ഞാനറിയുന്നത്. അന്ന് മാധ്യമങ്ങള്‍ മുഴുവന്‍ എന്നെ വിളിച്ച് എന്തുകൊണ്ട് നിങ്ങളെ കണ്ടില്ല അവിടെ എന്ന് ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നേ അന്നും ഇന്നും ഞാന്‍ പറയുന്നുളളു. എന്നെ അറിയിക്കേണ്ട കാര്യവുമില്ല.

ആ നിമിഷവും ഈ സംഘടനയിലെ ഒരു വ്യക്തി എന്റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. പക്ഷേ സംഘടന രൂപീകരിച്ച ദിവസവും അതിന്റെ തലേന്നും നടന്ന സൗഹൃദ സംഭാഷണത്തില്‍ ഈ സംഘടനയിലെ അംഗങ്ങളായ എന്റെ ആത്മ സുഹൃത്തുക്കളെന്ന് ഞാന്‍ കരുതിയിരുന്ന നാല് പേരുടെ അഭിനയ പാടവം എന്നെ അത്ഭുതപ്പെടുത്തി, വേദനിപ്പിച്ചു എന്നത് നേര്..സുഹൃത്തുക്കളാവുമ്പോ നമ്മള്‍ വിളിച്ച് ചോദിക്കുമല്ലോ. അതിനവര്‍ തന്ന വിശദീകരണം നല്ല തമാശയായിരുന്നു. അത് ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ല,.

ഇതോടു കൂടി WCC യും ഭാഗ്യലക്ഷ്മിയും എന്ന വിവാദവും പരാമര്‍ശങ്ങളും ഒന്നവസാനിപ്പിക്കണേ. ഇങ്ങനെയൊരു വിമര്‍ശനം(വിവാദം) നില നില്‍ക്കുന്നിടത്തോളം ഒരു സാധാരണ വ്യക്തിയെന്ന നിലക്കുളള അഭിപ്രായം പോലും ഞാന്‍ പറയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടുന്നു…

This post was last modified on July 12, 2017 4:51 pm