X

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയില്‍, ഓഹരി വിപണിയില്‍ ഇടിവ്, വന്‍ സമ്പദ് വ്യവസ്ഥകളില്‍ വളര്‍ച്ചാ നിരക്ക് കുറയുന്നു

ലോകം 2008 ലെ അവസ്ഥയിലേക്കെന്ന് ആശങ്ക

2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതികളില്‍നിന്ന് ലോക സമ്പദ് വ്യവസ്ഥ കരകയറുന്നതിന് മുമ്പ് തന്നെ ലോകം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെന്ന് സൂചന. ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിലെ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായതിന് പുറമെ ഓഹരി വിപണകളിലെ തകര്‍ച്ചയും സൂചിപ്പിക്കുന്നത് ലോകം വീണ്ടും ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലേക്ക് നീങ്ങുന്നതായാണ്. ചൈനയില്‍നിന്നുള്ള ചില ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത് സെപ്റ്റംബറില്‍ നിന്ന് ഡിസംബറിലേക്ക് മാറ്റിയതിന് ശേഷവും ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവ് നിക്ഷേപകര്‍ക്കിടയിലുള്ള വിശ്വാസക്കുറവിന്റെ പ്രതിഫലനമായാണ് ധനകാര്യ വിദഗ്ദര്‍ വിലയിരുത്തുന്നത്.

ഓഹരിവിപണിയിലെ പ്രതികൂല ചലനങ്ങള്‍ക്കപ്പുറം ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിലെ വളര്‍ച്ച നിരക്ക് ഇടിഞ്ഞതിനെയാണ് മാന്ദ്യത്തിന്റെ ലക്ഷണമായി സാമ്പത്തിക വിദഗ്ദര്‍ കണക്കാക്കുന്നത്. അമേരിക്കന്‍ വിപണിക്ക് പുറമെ, ഏഷ്യന്‍ വിപണിയിലും വലിയ നഷ്ടമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. വ്യാപാര യുദ്ധം, ബ്രെക്‌സിറ്റ് എന്നിവയും ധനവിപണിയെ തളര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഓഹരി സൂചികയായ ഡോ ജോണ്‍സ് 800 പോയിന്റാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഇതിന് പുറമെ എണ്ണവിലിയിലും ഇടിവുണ്ടായതും ലോക സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. അമേരിക്കയില്‍ സാമ്പത്തിക വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 2.1 ശതമാനം മാത്രമായി. കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ 3.2 ശതമാനമായിരുന്നു വളര്‍ച്ച. ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഇടിയാന്‍ തുടങ്ങിയിട്ട് കുറച്ചായി. ചൈനീസ് നഗരങ്ങളിലെ തൊഴിലില്ലായ്മ റിക്കോര്‍ഡ് നിരക്കിലേക്ക് എത്തുകയാണെന്നാണ് വാള്‍സ്ട്രീ്റ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ചൈനയുടെ വ്യവസായ വളര്‍ച്ചാ നിരക്ക്. വ്യവസായവളര്‍ച്ചയുടെ പ്രധാന തോതായി കണക്കാക്കുന്ന ഫാക്ടറി ഉത്പാദനം 2008 ലെ സാമ്പത്തിക മാന്ദ്യകാലത്തെ അവസ്ഥയിലെത്തി. ജപ്പാനും മാന്ദ്യം അകറ്റാന്‍ പാടുപെടുകയാണ്.

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ പാശ്ചാത്തലത്തിലാണ് വാള്‍സ്ട്രീറ്റിലെ ഓഹരി സൂചികകളില്‍ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടായത്. ബോണ്ട് വിപണിയാണ് മാന്ദ്യത്തിന്റെ സൂചനകള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിപ്പിച്ചത്. രണ്ട് വര്‍ഷത്തെയും പത്തുവര്‍ഷത്തെയും ബോണ്ടുകളുടെ വിപണിയില്‍ കാര്യമായ മാന്ദ്യമാണ് അനുഭവപ്പെട്ടത്. ഇത്തരത്തിലൊരു പ്രതിഭാസം 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് തൊട്ടുമുമ്പ് മാത്രമാണ് പ്രകടമായത്.

ഓഹരി വിപണിയിലെ തകര്‍ച്ചയെ അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നയസമീപനങ്ങള്‍ കാരണമാണെന്നാണ് പ്രസിഡന്റ് ട്രംപിന്റെ നിലപാട്. വായ്പ നിരക്കില്‍ ഫെഡറല്‍ റിസര്‍വ് വരുത്തിയ കുറവ് പര്യാപ്തമല്ലെന്നാണ് ട്രംപിന്റെ നിലപാട്. എന്നാല്‍ ധനമേഖലയിലെ തീരുമാനങ്ങളല്ല, ചൈനയുമായുള്ള വ്യാപാര യുദ്ധമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നാണ് സാമ്പത്തിക ധന മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞമാസമാണ് അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ കുറവ് വരുത്തിയത്. 2008 നുശേഷം ആദ്യമായാണ് ഇത്തരത്തില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തുന്നത്.

സാമ്പത്തിക വര്‍ഷത്തിലെ രണ്ട് ക്വാര്‍ട്ടറുകളില്‍ തുടര്‍ച്ചയായി സാമ്പത്തിക വളര്‍ച്ച കുറയുന്ന പ്രതിഭാസത്തെയാണ് സാമ്പത്തിക മാന്ദ്യമായി രാജ്യങ്ങള്‍ കണക്കാക്കുന്നത്. എന്നാല്‍ ലോക വ്യാപാകമായി സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് വിലയിരുത്തുന്നതിന് അന്താരാഷ്ട്ര നാണയ നിധി പോലുള്ള സ്ഥാപനങ്ങള്‍ വേറെ ചില കണക്കുകളാണ് ഇതുമായി ബന്ധപ്പെട്ട് കണക്കാക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലെ ഇടിവിന് പുറമെ എണ്ണയ്ക്കുള്ള ആവശ്യകതയിലുള്ള ഇടിവ്, എന്നിവയാണ ഐഎംഎഫ് പ്രധാനമായി പരിഗണിക്കുന്നത്. ലോക സാമ്പത്തിക വളര്‍ച്ച 2.5 ശതമാനമായാല്‍ സാമ്പത്തിക മാന്ദ്യമെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ വിലയിരുത്തിയത്.

ലോക വ്യാപാരത്തില്‍ ഇടിവുണ്ടാകുന്നത് മാത്രമല്ല ഇപ്പോഴുള്ള ആശങ്കയ്ക്ക് കാരണം. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്കാണ്‌. ഇത് ഉത്പന്നങ്ങളുടെ വിലക്കൂടുതലിനും ഡിമാന്റ് കുറയ്ക്കാനും ഇടയാക്കും. ഉത്പന്നങ്ങളുടെ ഡിമാന്റ് കുറയുന്നതോടെ ഈ മേഖലയില്‍ നിക്ഷേപം നടത്താന്‍ കമ്പനികള്‍ മടിക്കും. ഇത് കൂടുതല്‍ സാമ്പത്തിക തളര്‍ച്ചയ്ക്ക് കാരണമാകുമെന്നുമാണ് ആശങ്ക.

2008 ലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചിരുന്നില്ല. അന്ന് സമ്പദ് വ്യവസ്ഥയിലെ സര്‍ക്കാര്‍ നിയന്ത്രണമായിരുന്നു വലിയ പ്രതിസന്ധിയില്‍നിന്ന് ഇന്ത്യയെ രക്ഷിച്ചത്. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. രാജ്യത്തിന്റെ കയറ്റുമതിയില്‍ ഇപ്പോള്‍ തന്നെ കുറവു വന്നിട്ടുണ്ട്. ആഭ്യന്തര ഡിമാന്റിലും കുറവുള്ളതിനാല്‍ ലോക സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാന്ദ്യം ഇന്ത്യയെയും പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. കയറ്റുമതി വര്‍ധിക്കുകയാണ് ഇതിന് ഹൃസ്വ കാല പരിഹാരം. എന്നാല്‍ ലോക മാന്ദ്യത്തിനിടയില്‍ ഇതിന്റെ സാധ്യതകള്‍ എത്രത്തോളമാണ് എന്ന് കണ്ടറിയണം.

This post was last modified on August 15, 2019 11:59 am