X

വ്യാപാര യുദ്ധത്തില്‍ ഒരടി പിന്നോട്ട്; ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ അമിതമായ തീരുവ ഈടാക്കുന്നത് അപ്രതീക്ഷമായി ട്രംപ് നിറുത്തിവെച്ചു

ചില ഇറക്കുമതികൾക്കുമേല്‍ ചുമത്തിയ 10 ശതമാനം തീരുവയാണ് ഡിസംബർ 15വരെ മരവിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്

ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ അമിതമായ തീരുവ ഈടാക്കുന്നത് ട്രംപ് അപ്രതീക്ഷമായി നിറുത്തിവെച്ചു. ക്രിസ്മസ് ഷോപ്പിംഗ് സീസൺ ആരംഭിച്ചതോടെ സെൽഫോണുകൾ, ലാപ്‌ടോപുകള്‍, കളിപ്പാട്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്ന അമേരിക്കക്കാരെ ബീജിങ്ങുമായുള്ള ദീർഘകാല വ്യാപാര യുദ്ധം ബാധിക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഈ അപ്രതീക്ഷിത നടപടി.

ചില ഇറക്കുമതികൾക്കുമേല്‍ ചുമത്തിയ 10 ശതമാനം തീരുവയാണ് ഡിസംബർ 15വരെ മരവിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. വ്യാപാര യുദ്ധം അമേരിക്കന്‍ വാണിജ്യ രംഗത്തെ ആശങ്കയുടെ മുള്‍മുനയിലേക്ക് തള്ളിവിട്ട സാഹചര്യത്തില്‍ വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് യുഎസ് കടന്നുപോകുന്നത്. പുതിയ തീരുമാനം വന്നതോടെ ഓഹരി വിപണികളും കുതിച്ചുയർന്നു.

ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുമെന്ന ആശങ്ക മൂലം ആഴ്ചകളോളമായി വിപണികള്‍ വലിയ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.
അടുത്തിടെ നടന്ന സമവായ ശ്രമങ്ങൾ‌ പരാജയപ്പെട്ടതോടെയാണ് സെപ്റ്റംബര്‍ ഒന്നു മുതല്‍ 30,000 കോടി ഡോളർ മൂല്യമുള്ള ഇറക്കുമതിയെ ബാധിക്കുന്ന തരത്തില്‍ 10 ശതമാനം ഇറക്കുമതിച്ചുങ്കം കൂടി ചുമത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള 25 ശതമാനം ചുങ്കത്തിനു പുറമേയാണിത്.

ഈ വിഷയത്തിൽ യുഎസും ചൈനയും തമ്മിൽ നടത്തിയ 12–ാം വട്ട ചർച്ചയും നേട്ടമുണ്ടാക്കാനാവാതെ പിരിഞ്ഞിരുന്നു. അതോടെ ഇരു രാജ്യങ്ങളും രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തുവരികയും ചെയ്തു. അന്താരാഷ്ട്ര വിപണികളെല്ലാം കൂപ്പുകുത്തി. അതിനിടയിലാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഈ അപ്രതീക്ഷിത നീക്കമുണ്ടായിക്കുന്നത്.

അമേരിക്കന്‍ നടപടി ചൈനയെയാണ് ഗുരുതരമായി ബാധിക്കുന്നതെന്ന് ട്രംപ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയിലും അതിന്‍റെ പ്രതിഫലനങ്ങള്‍ ഉണ്ടാകുമെന്ന യാഥാര്‍ത്ഥ്യവും അദ്ദേഹം സമ്മതിച്ചിരുന്നു. ‘ക്രിസ്മസ് ഷോപ്പിംഗ് സീസണെ അത് ബാധിക്കരുത് എന്നു കരുതിയാണ് ഇറക്കുമതിച്ചുങ്കം ചുമത്തുന്നത് അല്‍പ്പം നീട്ടിവെക്കുന്നതെന്ന്’ ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ, യുഎസുമായി ധാരണയിലെത്തണമെന്നു ചൈനയ്ക്ക് ആഗ്രഹമുണ്ടെങ്കിലും നടപടികൾക്കു വേഗമില്ലെന്നു ട്രംപ് ആരോപിച്ചിരുന്നു.

എന്നാല്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു പറഞ്ഞ ചൈനീസ് വക്താവ് യുഎസിലേക്കുള്ള അവശ്യവസ്തുക്കളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണമേർപ്പെടുത്തിയേക്കുമെന്ന സൂചനയും നൽകിയിരുന്നു.

This post was last modified on August 14, 2019 4:27 pm