X

7.63 ലക്ഷം കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ടു; കണക്ക് തെറ്റുന്ന അച്ഛേ ദിന്‍

സ്വകാര്യ നിക്ഷേപങ്ങളിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്ന ഇന്ത്യാ ഗവണ്മെന്‍റിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു

സ്വകാര്യ നിക്ഷേപങ്ങളിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്ന ഇന്ത്യാ ഗവണ്മെന്‍റിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു. പ്രഖ്യാപിച്ച സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ വിമുഖത കാണിക്കുന്നുവെന്ന് സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ (സിഎംഐഇ) സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

2018 സാമ്പത്തിക വർഷത്തിൽ 7.63 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിക്കപ്പെട്ടിരിക്കുന്നത്. ഇതിന്‍റെ 40 ശതമാനവും പിന്‍വലിക്കപ്പെട്ടത് കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ്.

‘പദ്ധതികള്‍ക്കുള്ള പ്രവര്‍ത്തനാനുമതികള്‍ ലഭിക്കാത്തതായിരുന്നു കുറച്ചു വര്‍ഷങ്ങള്‍ മുന്‍പുവരെയുള്ള പ്രശ്നം. എന്നാലിന്നത്തെ സ്ഥിതി മറിച്ചാണ്, സാമ്പത്തിക വളര്‍ച്ച കുറഞ്ഞതിനാല്‍ ആസൂത്രിതമായ പദ്ധതികൾതന്നെ പാഴായിപ്പോവുകയാണ്.’ ഇന്ത്യാ റേറ്റിങ് ആൻഡ് റിസേർച്ചിലെ ചീഫ് ഇക്കണോമിസ്റ്റ് ദേവേന്ദ്ര കുമാർ പന്ത് പറയുന്നു. അതേസമയം, മിക്ക കമ്പനികളും തങ്ങളുടെ നിലവിലുള്ള ശേഷിയുടെ 71.8% മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ പഠനവും വ്യക്തമാക്കുന്നു. ഈ ഒരു സാഹചര്യത്തിൽ, കൂടുതൽ ഫാക്ടറികളും ഉല്‍പാദന യൂണിറ്റുകളും തുടങ്ങാന്‍ സാധിക്കില്ല.

മോദി ഇന്ത്യയില്‍ പുതിയ തൊഴിലോ? ഉള്ള തൊഴില്‍ പോയില്ലല്ലോ എന്നു സമാധാനിക്കൂ, കണക്കുകള്‍ അതാണ് കാണിക്കുന്നത്

ഊർജ്ജ മേഖലയിൽ, ഉദാഹരണത്തിന്, വൈദ്യുതിയുടെ ഉത്പാദനം ആവശ്യത്തിലധികം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്. പക്ഷെ, ഇത് വിതരണ കമ്പനികളുടെ സാമ്പത്തിക നിലയെ കാര്യമായിത്തന്നെ ബാധിച്ചു. കാരണം, ഡിമാന്‍ഡ് കുറയുമ്പോഴാണ് വൈദ്യുതി മിച്ചം വരുന്നത്. അതുപോലെ, ഉൽപാദനച്ചെലവുകള്‍ കൂടുന്നതും ഡിമാന്‍ഡ് കുറയുന്നതും ഉരുക്ക് മേഖലയേയും പ്രതിസന്ധിയിലാക്കുന്നു. ഇക്കാരണങ്ങളാല്‍ ആണ് ഈ മേഖലകളിലെ കമ്പനികൾ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ തയ്യാറാവാത്തത്. ഉത്പാദനവും വിതരണവും കുറഞ്ഞതോടെ നിര്‍മ്മാണമേഖല കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വായ്പ്പകള്‍ കൂടിയതും ഡിമാന്‍ഡ് കുറഞ്ഞതും കഴിഞ്ഞ വര്‍ഷങ്ങളില്‍ കോർപ്പറേറ്റ് വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ചരക്കു സേവന നികുതിയും നോട്ട് നിരോധനവും കൂടെ വന്നതോടെ 2018 സാമ്പത്തിക വർഷത്തിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായി. തൊഴിലവസരങ്ങള്‍ കുറഞ്ഞു എന്നുമാത്രമല്ല രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയേയും കാര്യമായിത്തന്നെ ബാധിച്ചു.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’ യുവാക്കളുടേതല്ല; കൂട്ട പിരിച്ചുവിടലിനൊപ്പം തൊഴിലവസരങ്ങളും ഇടിയുന്നു

This post was last modified on April 8, 2018 8:03 pm