X

ശ്രീലങ്കയില്‍ നിന്നും ഗല്‍ഫിലേക്ക് പോകുന്ന തമിഴ് സ്ത്രീകള്‍ക്ക് നിര്‍ബന്ധിത ഗര്‍ഭ നിരോധന കുത്തിവെപ്പ്

കൂടുതല്‍ സ്ത്രീകള്‍ക്കും ഈ കുത്തിവെപ്പെടുക്കുന്നത് എന്തിനാണെന്ന് പോലും അറിയില്ല

വംശീയ ലഹളകളുടേയും അടിയന്തിരാവസ്ഥയുടേയും കെടുതികള്‍ക്കിടയിലും അതിജീവനാര്‍ത്ഥം അറേബ്യന്‍ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന ശ്രീലങ്കന്‍ സ്ത്രീകളെ ഏജന്‍റുമാര്‍ ഗര്‍ഭനിരോധന ഉപാധികളെടുക്കാന്‍ നിര്‍ബന്ധിക്കുന്നു. ഗർഭിണിയാകില്ലെന്ന ‘മൂന്ന് മാസത്തെ ഉറപ്പോടെ’ തൊഴിലാളികളെ നൽകുന്ന, ശ്രീലങ്കൻ സർക്കാർ ലൈസൻസ് നൽകിയിട്ടുള്ള, ആറോളം ഏജന്‍സികളാണ് പ്രവര്‍ത്തിക്കുന്നതായി ദ ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഒരു വീട്ടു ജോലിക്കാരിയെ അയയ്ക്കുന്നതിന് മുൻപ് ഗവൺമെൻറ് ഒരു മെഡിക്കൽ പരിശോധന നടത്തുന്നുവെന്നും, ആരെയും സ്വാധീനിക്കാൻ കഴിയില്ലെന്നും കൊളമ്പോയിലെ ഏജന്‍റുമാര്‍ പറയുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തുറന്ന് പ്രതികരിക്കാന്‍ സ്ത്രീകള്‍ ഇതുവരെ തയ്യാറായിട്ടില്ല. പക്ഷെ, പല റിക്രൂട്ടിംഗ് ഏജന്‍സികളും കുടിയേറ്റ തൊഴിലാളികളില്‍ ‘മൂന്ന് മാസംവരെ കാലാവധി’യുള്ള ഗര്‍ഭനിരോധന കുത്തിവെപ്പുകള്‍ നടത്തുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാൻഡി ജില്ലയിൽ ആരംഭിച്ച് രാജ്യമെങ്ങും പടർന്ന ആഭ്യന്തര കലാപത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് തങ്ങളുടെ പുരുഷന്മാരെ നഷ്ടപ്പെടുകയോ, ശാരീരികവും മാനസികവുമായ അവശതയിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇതാണ് തമിഴ് സ്ത്രീകളെ അവരുടെ കുടുംബങ്ങളുടെ ഭാരമേറ്റെടക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. റിക്രൂട്ടർമാരുടെ തന്ത്രങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ ഗതികേടുകൊണ്ട് ജോലിക്ക് പോകാന്‍ തയ്യാറാകുന്ന സ്ത്രീകളാണ് കൂടുതലും ഇരകളാക്കപ്പെടുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തക രാഹിനി ഭാസ്കരൻ പറഞ്ഞു.

കൂടുതല്‍ സ്ത്രീകള്‍ക്കും ഈ കുത്തിവെപ്പെടുക്കുന്നത് എന്തിനാണെന്ന് പോലും അറിയില്ല. അവരോടാരും പറയുകയുമില്ല. ഇതുകൊണ്ട് രണ്ട് പ്രയോജനങ്ങളാണുള്ളത്. ഏജന്‍റുമാരുടെ ലൈംഗിക ആക്രമണങ്ങളെ മറച്ച് വക്കാനും തൊഴിലാളികള്‍ ഗർഭിണിയാവില്ലെന്ന് ഉറപ്പുവരുത്താനും കഴിയും. വിദേശത്ത് ജോലി ലഭിക്കണമെങ്കില്‍ ഏജന്‍റുമാര്‍ക്ക് ശാരീരികമായി വഴങ്ങികൊടുക്കണം എന്നുവരെ വിശ്വസിക്കുന്ന സ്ത്രീകളുമുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് അതിജീവനത്തിനായി നെട്ടോട്ടമോടുന്ന ഒരുജനത കടുത്ത ശാരീരിക-മാനസിക പീഡനങ്ങള്‍ക്കാണ് വിധേയമാകുന്നതെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ശ്രീലങ്കയില്‍ നിന്നും പുറത്തുവരുന്നത്.

This post was last modified on April 8, 2018 9:09 pm