X

വേണം ഇനി പന്തിപഠനവും; ജാതി വെറിയുടെ കേരളം

അബ്ബാസ് അലി

ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ധാരാളമുള്ള വയനാട് ജില്ലയിലെ ഒരു ഗ്രാമപ്രദേശത്തെ യു.പി.സ്‌കൂള്‍. ഔദ്യോഗിക ജോലിയുടെ ഭാഗമായി വിദ്യാലയം സന്ദര്‍ശിച്ചതാണ് ഞാന്‍. എല്ലാ ക്ലാസും മൂന്നും നാലും ഡിവിഷനുകള്‍. ഓരോ ഡിവിഷന്‍ വീതം മാത്രമേ മലയാളം മീഡിയം ഉള്ളു. മറ്റെല്ലാം ഇംഗ്ലീഷ് മീഡിയം. കുട്ടികളുടെ സാമൂഹ്യസാഹചര്യം വച്ചുനോക്കിയാല്‍ ഇംഗ്ലീഷ് മീഡിയം പഠനരീതി പിന്തുടരാനുള്ള കുടുംബപിന്തുണ ലഭിക്കാനിടയില്ല. പ്രധാനാധ്യാപികയോട് ഇക്കാര്യത്തിലുള്ള സംശയം ഉന്നയിച്ചു. ”ഈ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇംഗ്ലീഷ് മീഡിയം പഠനം പ്രയാസകരമാവില്ലേ? എന്തുകൊണ്ടാണിവര്‍ ഇംഗ്ലീഷ് മീഡിയം തിരഞ്ഞെടുത്തത്?” ഒന്നും ഒളിപ്പിച്ചുവയ്ക്കാത്ത പ്രധാന അധ്യാപിക അതിന്റെ ഗുട്ടന്‍സ് വെളിപ്പെടുത്തി. ”ഇംഗ്ലീഷ് വിദ്യാഭ്യാസമായാല്‍ മറ്റേ കുട്ടികളുടെ കൂടെ ഇരിക്കണ്ടല്ലോ. അതുകൊണ്ടാ രക്ഷിതാക്കള്‍ ഇംഗ്ലീഷ് മീഡിയം തിരഞ്ഞെടുത്തത്.” ‘മറ്റേ കുട്ടികള്‍’ എന്നാല്‍ ആദിവാസി കുട്ടികള്‍ തന്നെ. സ്വന്തം കുട്ടികള്‍ ‘മറ്റേ കുട്ടികളോടൊപ്പം’ ഇരിക്കുകയും പഠിക്കുകയും ചെയ്യുന്നത് സഹിക്കാനാവാത്ത രക്ഷിതാക്കള്‍ കണ്ടെത്തിയ ഒരു കുറുക്കുവിദ്യയാണ് സാധാരണ സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍. 

ചിന്തിച്ചുനോക്കിയാല്‍ പല തരത്തില്‍ ഇതു തന്നെയല്ലേ എല്ലാ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെയും ചരിത്രപരമായ അടിത്തറ? മൂക്കൊലിക്കുന്നവരും, കീറിയ നിക്കറും നാറിയ കുപ്പായവുമിട്ട് വരുന്നവരും, ചൊറിയുള്ളവരുമായ സാധാരണ കുട്ടികളോടൊപ്പം തന്റെ ‘വൃത്തിയുള്ള മക്കള്‍’ ഇരിക്കുന്നതിലെ അസഹ്യത തന്നെയല്ലേ രക്ഷിതാക്കളുടെ ഇംഗ്ലീഷ് മീഡിയം ഇഷ്ടത്തിന്റെ പിന്നിലെ വൈകാരിക കാരണം? ‘മറ്റേ കുട്ടികളെ’പ്പോലെ തന്നെ ‘കണ്ടവന്റെയൊക്കെ മക്കള്‍’ പഠിക്കുന്നിടത്ത് തന്റെ മക്കളും പഠിക്കുന്നത് എന്നതൊരു കുറച്ചിലല്ലേ. മക്കള്‍ സാധാരണ കുട്ടികളോടൊപ്പം പഠിച്ചാല്‍ തന്റെ നിലയും വിലയും ഉയര്‍ത്തിക്കാട്ടാനാവില്ലല്ലോ. അങ്ങനെ ‘നിലയ്ക്കും വിലയ്ക്കും’ ചേരുന്ന ഭംഗിയുള്ള സ്‌കൂള്‍ കെട്ടിടവും യൂണിഫോമും സ്‌കൂള്‍ ബസും അതിനൊപ്പം ഇംഗ്ലീഷ് മീഡിയവും വന്നു. 

വിറ്റും കടം വാങ്ങിയും പണയം വെച്ചും സാധാരണക്കാരനും ഇംഗ്ലീഷ് മീഡിയത്തില്‍ തിക്കിത്തിരക്കാന്‍ തുടങ്ങിയപ്പോള്‍ നിലയും വിലയും വീണ്ടും ഉയര്‍ത്താതെ വയ്യെന്നായി. പബ്ലിക്ക് സ്‌കൂള്‍, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, വേള്‍ഡ് സ്‌കൂള്‍ എന്നിങ്ങനെ അതിസമ്പന്നരുടെ വിദ്യാലയങ്ങള്‍ക്ക് പല പേരുകളായി, പത്രാസുകളായി.

ആഡംബര ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും അവിടെ താമസിക്കുന്നവരുടെ മക്കള്‍ക്ക് മാത്രമായി വിദ്യാലയങ്ങളൊരുക്കി തുടങ്ങിയിരിക്കുന്നു. ആരെയും ‘കൂട്ടിത്തൊട്ട് ശുദ്ധം മാറാന്‍’ ഇടവരുന്നില്ല. സ്വന്തം ലോകം. അവിടെ മാളുകളും ബ്യൂട്ടി ക്ലീനിക്കുകളും സ്വിമ്മിംഗ്പൂളുകളും ഹെലിപ്പാടും ഒപ്പം സ്വന്തമായി സ്‌കൂളും! ഇപ്പോഴാണ് ശരിക്കും ആശ്വാസമായത്. ഇങ്ങോട്ടിനിയാരും കടന്നുവരില്ലല്ലോ!

‘മറ്റേ കുട്ടികളില്‍’ മറ്റു ജാതി-മത വിഭാഗത്തില്‍പ്പെട്ടവരുണ്ട്. അന്യമതക്കാരോടൊപ്പം ഇരിക്കാന്‍ ഇടയുള്ള ഒരു സ്ഥലം സ്‌കൂളാണല്ലോ. മറ്റു മതവിഭാഗത്തില്‍പ്പെട്ടവരോട് സൗഹൃദം വളരുകയും അവരും മനുഷ്യരാണെന്ന് തിരിച്ചറിയുകയും ചെയ്താല്‍ സ്വന്തം മതത്തോടുള്ള കൂറ് കുറഞ്ഞുപോയാലോ. അതിനാല്‍ ഓരോ മതസ്ഥാപനങ്ങളും സ്വന്തമായി സ്‌കൂള്‍ പണിയാന്‍ തുടങ്ങി. മതത്തിനകത്തെ പലവിധ കലഹം മുറുകിയപ്പോള്‍ ഓരോ ഉപവിഭാഗവും ആദ്യം നഴ്‌സറിക്ക് വിത്തുപാകി, അതില്‍ പലതും സ്‌കൂളായി, കോളേജായി വളര്‍ന്നു പന്തലിച്ച് ‘വിജ്ഞാനനഗരങ്ങ’ളായിക്കൊണ്ടിരിക്കുന്നു. പണവും മതവും കൈകോര്‍ത്തപ്പോള്‍ ‘മറ്റേ കുട്ടികള്‍’ പുറത്തായി. അവര്‍ പഠിക്കുന്ന സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞു. സ്‌കൂള്‍ ആദായമുണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗമാണെന്ന് എല്ലാവരും വിശ്വസിച്ചതിനാല്‍ കുറേ ഗവണ്‍മെന്റ് സ്‌കൂളുകള്‍ ‘ആദായമില്ലാത്ത’തായി. റോഡ് സൈഡിലെ സ്ഥലം വിറ്റാല്‍ മാഷ്മ്മാരെ നിയമിക്കുന്നതിനാല്‍ മാനേജര്‍ക്ക് ആദായം കിട്ടുമെന്നതിനാല്‍ പല സ്‌കൂള്‍ ഗ്രൗണ്ടും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണിപ്പോള്‍. 

ഉച്ചനീചത്വങ്ങളുടെ ഒരു ചരിത്രപാരമ്പര്യം നമുക്കുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇടകലര്‍ന്നു ജീവിക്കാനും വഴി നടക്കാനും സ്വാതന്ത്ര്യമില്ലായിരുന്നു. ഒരുമിച്ചിരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും വിവാഹം കഴിക്കുന്നതും നിഷിദ്ധമായിരുന്നു. അതുകൊണ്ടാണ് പന്തിഭോജനവും മിശ്രവിവാഹവും സാമൂഹ്യവിപ്ലവങ്ങളും സമരമാര്‍ഗ്ഗങ്ങളുമായത്. ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ ‘പന്തിപഠനവും’ ഒരു സമരമാര്‍ഗ്ഗമായി മാറിയേക്കാം.

(വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

This post was last modified on June 4, 2015 12:59 pm