X

ഭൂതകാലാരാധനയും വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കലുമല്ല വിദ്യാഭ്യാസം

എഡിറ്റോറിയല്‍/ടീം അഴിമുഖം

ഭൂതകാലം പല വികാരങ്ങളും ഉണര്‍ത്തുന്നു. അത് ഗൃഹാതുരമാണ്. ഇന്നലെകളില്‍ കാര്യങ്ങള്‍ എത്ര മഹത്തരമായിരുന്നു എന്നു അത് നിങ്ങളെ തോന്നിപ്പിച്ചേക്കാം. പക്ഷേ ഭൂതകാലം ഒരു കെണി കൂടിയാകാം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ വിദ്യാഭ്യാസ വകുപ്പ്(മാനവ വിഭവ വികസന മന്ത്രാലയം) മറ്റെന്തിനെക്കാളുമേറെ ഭൂതകാലത്തെ കീര്‍ത്തികളില്‍ അഭിരമിക്കാനാണ് ഇഷ്ടപ്പെടുന്നത്.

ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ ആഗോള സര്‍വ്വകലാശാല പട്ടികയില്‍ ആദ്യത്തെ 400-ല്‍ ഇന്ത്യക്ക് 4 സ്ഥാനങ്ങളാണുള്ളത്. രണ്ടെണ്ണം 275-300നുമിടക്കും മറ്റ് രണ്ടെണ്ണം 350-400നുമിടയ്ക്കും. ഈ ശ്രേണീ ഗണനയൊക്കെ തീര്‍ത്തും വസ്തുതാപരം എന്നു പറയുന്നില്ല. പക്ഷേ ആദ്യത്തെ 200-ല്‍ ഒരു ഇന്ത്യന്‍ സര്‍വ്വകലാശാല പോലും ഇടം പിടിക്കാത്തതിന് ഇതൊന്നും ഒരു ന്യായീകരണമാകുന്നില്ല. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുകയും, ഗവേഷണ സമിതികളും വിദ്യാഭ്യാസ ആസൂത്രണ നടത്തിപ്പ് സ്ഥാപനങ്ങളും ഭൂതകാല കീര്‍ത്തിയുടെ പെരുമ്പറ കൊട്ടുന്നവരെക്കൊണ്ട് കുത്തിനിറക്കുകയും ചെയ്യുന്ന മന്ത്രാലയം എന്തായാലും ശരിയായ വഴിക്കല്ല നീങ്ങുന്നത്.

സര്‍വ്വകലാശാലകള്‍ ആധുനിക വിവര സമ്പദ് വ്യവസ്ഥയുടെ കേന്ദ്രങ്ങളാണ്. പുത്തന്‍ അറിവുകള്‍ സൃഷ്ടിക്കുക, നിലവിലെ അറിവുകള്‍ക്ക് പുത്തന്‍ ഉപയോഗങ്ങള്‍ കണ്ടെത്തുക, ഇത്തരം സംവിധാനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ആളുകളെ ഏറ്റവും നൂതനമായ രീതിയില്‍ പരിശീലിപ്പിക്കുക, മനുഷ്യ പ്രയത്നത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക എന്നിവയൊക്കെയാണ് സര്‍വ്വകലാശാലകള്‍ ചെയ്യേണ്ടത്. ഇന്ത്യയില്‍, പ്രവേശനത്തിരക്കും, കൂടുതല്‍ കാശ് കിട്ടുന്ന ഉദ്യോഗം ലഭിക്കുന്നതും, അലങ്കോലമായ കൈകാര്യവും, വിദ്യാഭ്യാസ നിലവാരത്തിലെ തകര്‍ച്ചയുമൊക്കെയാണ് സര്‍വ്വകലാശാലകളുമായി ബന്ധിപ്പിക്കാവുന്നത്. അപൂര്‍വമായി മാത്രമാണ്  ഗവേഷണങ്ങളില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുന്നതും, അദ്ധ്യാപകരോ, മുന്‍ വിദ്യാര്‍ത്ഥികളോ ആദരിക്കപ്പെടുന്നതും മറ്റും. വിദേശ സര്‍വകലാശാലകളെ കൊണ്ടുവന്നതുകൊണ്ടു ഈ പ്രശ്നം തീരാന്‍ പോകുന്നില്ല. ചര്‍ച്ചയും, നിരന്തര ശ്രമവും, ക്ഷമയും, അടിച്ചേല്‍പ്പിക്കല്‍ ഒഴിവാക്കലും ഒക്കെയാണ് ഇതിനാവശ്യം.

മാത്രവുമല്ല, കെട്ടുറപ്പില്ലാത്ത സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അടിത്തറയില്‍ ഒരു നല്ല സര്‍വകലാശാല സംവിധാനം കെട്ടിപ്പടുക്കാന്‍ സാധ്യമല്ല. നല്ല സ്കൂളുകള്‍ എന്നാല്‍ ധാരാളം പണം ഒഴുക്കുന്നത് കൊണ്ടുമാത്രം സാധ്യമാകുന്നതല്ല. സ്കൂളുകളിലെ നിയമനങ്ങളിലും കൈകാര്യത്തിലും പ്രാദേശിക സമൂഹങ്ങള്‍ക്ക് ഇടപെടാനുള്ള അധികാരമുണ്ടാകണം. അദ്ധ്യാപകര്‍ക്ക് പരിശീലനവും അധ്യാപനത്തില്‍ സ്വാതന്ത്ര്യവും ഉണ്ടാകണം. മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിക്കണം. നിലവാരം പരിശോധിക്കപ്പെടണം. കാണാപ്പാഠം പഠിക്കല്‍ മാറ്റി വിശകലന ശേഷിയും മികവും വളര്‍ത്തിയെടുക്കണം. എന്നാല്‍ മന്ത്രാലയത്തിന്റെ നടപടികള്‍ ഇത്തരമൊരു വെല്ലുവിളിയെ തിരിച്ചറിഞ്ഞിട്ടുള്ളതായി തോന്നിപ്പിക്കുന്നില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on June 16, 2015 12:39 am