X

“അയ്യന്റെ പേര് പറഞ്ഞ് തന്നെ വോട്ട് പിടിക്കും”, ജയിലില്‍ പോകാനും തയ്യാറെന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍; പ്രചരണത്തിന്റെ അവസാന ലാപ്പില്‍ ശബരിമല അജണ്ടയാകുന്നോ?

ശബരിമല സജീവ ചര്‍ച്ചയാക്കാനായി തന്നെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ നാമജപമെന്ന് ചിദാനന്ദപുരി

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിര്‍ദ്ദേശം മറികടക്കാനൊരുങ്ങുകയാണ് ബിജെപി. സുവര്‍ണാവസരം ഉപയോഗിക്കുമെന്ന് തന്നെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി എസ് ശ്രീധരന്‍ പിള്ള ഇന്നലെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിലാണ് പിള്ള ഇക്കാര്യം അറിയിച്ചത്. ശബരിമല വിഷയത്തില്‍ സമരവുമായി രംഗത്തെത്തിയ ആദ്യത്തെ രാഷ്ട്രീയ സംഘടന ബിജെപിയാണെന്നും പിള്ള പറഞ്ഞു. ശബരിമല പ്രചാരണ വിഷയമാക്കാന്‍ ആരെയും ഭയക്കേണ്ടതില്ലെന്നും പിള്ള വ്യക്തമാക്കി. നേരത്തെ ശബരിമല പ്രചരണ ആയുധമാക്കില്ലെന്ന് പിള്ള പറഞ്ഞിരുന്നു. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി വോട്ട് തേടുമെന്ന് പറഞ്ഞ പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ തള്ളിപ്പറയുകയായിരുന്നു. താനാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെന്നും അന്ന് പിള്ള പറഞ്ഞു. ശബരിമല വിഷയം ഉന്നയിച്ച് വോട്ട് തേടാന്‍ ആരംഭിച്ചിരുന്ന സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ ആര്‍എസ്എസിന്റെ ഇടപെടലാണ് ആര്‍എസ്എസിന്റെ നിലപാട് മാറ്റത്തിന് പിന്നിലെന്ന് വ്യക്തം. നേരത്തെ പ്രചരണത്തിനിടെ ശബരിമലയെ ഉപയോഗിച്ചതിന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

ഇന്നലത്തെ നരേന്ദ്ര മോദിയുടെ പ്രസംഗവും ശബരിമലയെന്ന് പറയാതെ തന്നെ ശബരിമലയാണ് വോട്ടെടുപ്പിനെ സ്വാധീനിക്കേണ്ടതെന്ന് ഹിന്ദുമത വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നതായിരുന്നു. വിശ്വാസം സംരക്ഷിക്കാന്‍ ബിജെപി മാത്രമാണ് ഉള്ളതെന്നായിരുന്നു മോദിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം. അതേസമയം ശബരിമലയെന്ന് പറയാന്‍ പോലും പ്രധാനമന്ത്രിക്ക് ധൈര്യമില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. അയ്യപ്പനെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി വോട്ടുപിടിക്കുന്നുവെന്നാണ് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജെപിയുടേത് അവസരവാദ രാഷ്ട്രീയമാണെന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എടുത്തിട്ട് ബിജെപി അപഹാസ്യരാകുകയാണെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതികരിക്കുന്നു.

ശബരിമല പ്രചരണ ആയുധമാക്കുമെന്നാണ് ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശബരിമലയെന്ന് പറയാനാകില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍. എന്നാല്‍ താന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ശബരിമലയുടെ പേരും അയ്യന്റെ പേരും പറയുമെന്നും അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാമെങ്കില്‍ ചെയ്‌തോളാനുമാണ് ശോഭയുടെ വെല്ലുവിളി. ഇതിനിടെ ആ വിഷയം മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട് എന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്ന് ശബരിമലയെന്ന് പരാമര്‍ശിക്കാതെ സുരേഷ് ഗോപി ഇപ്പോള്‍ പറയുന്നു.

ഇതിനിടെ ബിജെപിയ്ക്ക് സര്‍വപിന്തുണയും നല്‍കുകയാണ് ശബരിമല കര്‍മ സമിതി. സെക്രട്ടേറിറ്റിന് മുന്നില്‍ നാമജപം നടത്തിയാണ് ശബരിമല കര്‍മ സമിതി ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കുന്നത്. ശബരിമല സമരത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന് പറയുന്ന അവര്‍ ബിജെപിയുടെ പേര് പറയാതെ വോട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. ‘മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്’ എന്നാണ് ബിജെപിക്ക് വേണ്ടി അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം.

കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ കര്‍മ സമിതി ഇത്തരം മുദ്രാവാക്യങ്ങളുയര്‍ത്തി ബോര്‍ഡുകളും നാമജപങ്ങളും ആരംഭിച്ചുകഴിഞ്ഞു. ‘ഒളിപ്പിച്ചുകടത്തിയതും ഓടിച്ചിട്ടടിച്ചതും ഓര്‍മയിലുണ്ടാവും ‘നെഞ്ചിലെന്നും കനലായെരിയും ഈ കിരാതവാഴ്ച’ എന്ന വാക്യങ്ങളുമായി കേരളത്തിന്റെ വിവിധയിടങ്ങളില്‍ കൂറ്റന്‍ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു കഴിഞ്ഞു. അതേസമയം ശബരിമല വിഷയമുന്നയിക്കുന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്നാണ് കര്‍മസമിതി നേതാവ് ചിദാനന്ദപുരിയുടെ വെല്ലുവിളി. തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം ജനങ്ങളെ ഓര്‍മ്മപ്പെടുത്തുമെന്നും കര്‍മ സമിതിയ്ക്ക് പെരുമാറ്റച്ചട്ടം ബാധകമല്ലെന്നും ചിദാനന്ദപുരി പറയുന്നു. ശബരിമല സജീവ ചര്‍ച്ചയാക്കാനായി തന്നെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ നാമജപമെന്നും ഇദ്ദേഹം പറയുന്നു. അതേസമയം കര്‍മസമിതിക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും തെരഞ്ഞെടു്പ്പ് കമ്മിളന് പരാതി നല്‍കുമെന്നും എല്‍ഡിഎഫ് പറഞ്ഞു. അയ്യപ്പന്റെ പേരും ചിത്രവും വച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിലെ നാമജപം.

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് നേരത്തെ പറഞ്ഞ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. ശബരിമലയുടെ പേര് ഉപയോഗിക്കുന്നതിനെയാണ് തടയുന്നതെന്നും ‘ശബരിമലയുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങള്‍ ഉന്നയിക്കാം, മതം പറഞ്ഞ് വോട്ട് തേടരുത്’ എന്നുമാണ് മീണ പറഞ്ഞത്. മാത്രമല്ല, കോഴിക്കോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം മാതൃകാപരമായിരുന്നെന്നും മീണ പറയുന്നു. അതേസമയം ശബരിമലയുടെ പേരില്‍ വോട്ട് തേടരുതെന്ന് പറയുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെ മറികടക്കാന്‍ വിവിധ പദ്ധതികളാണ് ആര്‍എസ്എസ് നടപ്പാക്കുന്നത്. അതിലൊന്ന് വീടുകള്‍ കയറിയുള്ള പ്രചരണം. ഗ്രാമങ്ങളില്‍ പ്രത്യേകിച്ചും വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ബിജെപിയുമായി നേരിട്ട് ബന്ധമില്ലാത്ത പ്രവര്‍ത്തകര്‍ ശബരിമല വിഷയം ഹിന്ദുക്കളുടെ വിഷയമാണെന്നും ആചാരസംരക്ഷണത്തിനായി ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്നും ബോധ്യപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. ഇത്തരം സംസാരങ്ങള്‍ സ്വകാര്യ സംഭാഷണമായി മാത്രം കണക്കാക്കുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഒരുകാരണവശാലും നടപടികള്‍ സ്വീകരിക്കാനാകില്ല.

അതേസമയം കേരളത്തിന് പുറത്തും ശബരിമലയെ ഉപയോഗിക്കാനുള്ള ശ്രമങ്ങളും കാണാം. ഇന്നലെ കോഴിക്കോട് സംസാരിച്ചപ്പോള്‍ ശബരിമലയുടെ പേര് പരാമര്‍ശിക്കാത്ത പ്രധാനമന്ത്രി മോദി തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. ഇന്ന് രാമനാഥപുരത്തും മംഗലാപുരത്തും നടത്തിയ റാലികളിലും പ്രധാനമന്ത്രി ഇത് ആവര്‍ത്തിച്ചു. ശബരിമല വിഷയത്തില്‍ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും മുസ്ലിം ലീഗും അപകടകമായ കളി കളിക്കുന്നുവെന്ന് രാമനാഥപുരത്ത് പറഞ്ഞ മോദി, ബിജെപി ഉള്ളിടത്തോളം കാലം ഇത് അനുവദിക്കില്ലെന്നും പറയുന്നു. കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാന്‍ പോലും അനുവാദമില്ലെന്നാണ് മോദി മംഗലാപുരത്ത് പറഞ്ഞത്. കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്നിടത്താണ് ഇതെന്നും മോദി ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഇവിടെ ജയിലില്‍ പോകേണ്ടി വന്നുവെന്നും മോദി പറയുന്നു.

ശബരിമല പറയുന്നിടത്ത് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രചാരണ രംഗത്ത് ഈ വിഷയം വളരെ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പുകളെ ഇനി കാര്യമാക്കേണ്ടതില്ലെന്നും അത് പിന്നീട് നേരിടാമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. അറസ്റ്റ് ചെയ്യപ്പെട്ടാലും ശബരിമല ഉപയോഗിച്ച് കേരളത്തില്‍ ഒരു തരംഗമാണ് അവര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

This post was last modified on April 14, 2019 9:01 am