X

എല്‍ഡിഎഫ് 13ലധികം സീറ്റ് നേടുമെന്ന് സിപിഎം സെക്രട്ടേറിയറ്റ്: അഞ്ചിടത്ത് കോ-ലീ-ബി സഖ്യ സാധ്യത

അതേസമയം തിരിച്ചുപിടിക്കുന്ന മണ്ഡലങ്ങളില്‍ തിരുവനന്തപുരവും എറണാകുളവും ഉള്‍പ്പെടുത്തിയിട്ടില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യവട്ട പ്രചരണം കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന് പ്രതീക്ഷകളെന്ന് സിപിഎം സെക്രട്ടേറിയറ്റ്. സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തലില്‍ 13 സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് പറയുന്നത്. അതേസമയം വടകര ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ കോ-ലീ-ബി(കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സഖ്യമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് വിലയിരുത്തല്‍. 2014ല്‍ ജയിച്ച എട്ട് സീറ്റുകളിലും മറ്റ് അഞ്ച് സീറ്റുകളിലും എല്‍ഡിഎഫ് ജയം ഉറപ്പിച്ചിരിക്കുന്നതായാണ് പറയുന്നത്. നോട്ടക്കുറവും സംഘടനാ പാളിച്ചയും കാരണം കഴിഞ്ഞ തവണ നഷ്ടപ്പെട്ട കൊല്ലം, മാവേലിക്കര, ആലപ്പുഴ, വടകര, കോഴിക്കോട് മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം തിരിച്ചുപിടിക്കുന്ന മണ്ഡലങ്ങളില്‍ തിരുവനന്തപുരവും എറണാകുളവും ഉള്‍പ്പെടുത്തിയിട്ടില്ല.

തൃശൂരിലും ചാലക്കുടിയിലും ഭൂരിപക്ഷം വര്‍ധിക്കുമെന്നും വിലയിരുത്തുന്നുണ്ട്. കൊല്ലം, എറണാകുളം, വടകര, കോഴിക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യത്തിന് സാധ്യതയുണ്ട്. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായി ദുര്‍ബലരായ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും വിലയിരുത്തപ്പെടുന്നു. എറണാകുളത്ത് കെ വി തോമസിനെ മാറ്റിയതോടെ യുഡിഎഫിന് മുന്‍തൂക്കം നഷ്ടപ്പെട്ടതിനാല്‍ ബിജെപിയുടെ സഹായം തേടുകയാണ്.

അഞ്ച് സീറ്റുകളിലെ സഹായത്തിന് പകരമായി കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യമൊരുക്കും. വടകരയില്‍ പി ജയരാജനെ പരാജയപ്പെടുത്താന്‍ ശേഷിയുള്ള സ്ഥാനാര്‍ത്ഥിയാണ് മുരളീധരന്‍ എന്ന് തോന്നിപ്പിക്കുന്ന പ്രചരണമാണ് നടത്തുന്നത്. എന്നാല്‍ ആര്‍എംപി പിന്തുണച്ചാലും അത് യുഡിഎഫിന് സഹായകമാകില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു. സിപിഎമ്മിന് രാഷ്ട്രീയ വോട്ടുകള്‍ക്ക് പുറമെ ആര്‍എംപിയുടെ അവസരവാദ രാഷ്ട്രീയത്തിനെതിരായ വോട്ടുകളും ലഭിക്കുമെന്നാണ് മറ്റൊരു വിലയിരുത്തല്‍.

This post was last modified on March 21, 2019 12:17 pm