X

രാഹുലിന്റെ റോഡ് ഷോയില്‍ പാക് പതാക വീശിയെന്ന പ്രചരണം: തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി

ബിജെപി പ്രവര്‍ത്തകയായ അഡ്വ. പ്രേരണകുമാരി രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പാകിസ്ഥാന്‍ പതാക വീശിയെന്ന് ട്വീറ്റ് ചെയ്തിരുന്നു

രാഹുല്‍ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയില്‍ പാക് പതാക വീശിയെന്ന പ്രചരണത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ ടികാറാം മീണ വിശദീകരണം തേടി. വയനാട്ടിലെ വരണാധികാരിയായ കളക്ടറോടും സംസ്ഥാന പോലീസ് മേധാവിയോടുമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

കണ്ണൂര്‍ വളപട്ടണം സ്വദേശി കെ എ ഷാജ് പ്രശാന്ത് നല്‍കിയ പരാതിയിലാണ് നടപടി. ബിജെപി പ്രവര്‍ത്തകയായ അഡ്വ. പ്രേരണകുമാരി രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പാകിസ്ഥാന്‍ പതാക വീശിയെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഈ വാര്‍ത്ത സത്യമാണെങ്കില്‍ പാകിസ്ഥാന്‍ പതാക ഉപയോഗിച്ചതിന് കേസെടുക്കണമെന്നും അല്ലങ്കില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച പ്രേരണകുമാരിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ എസ്.പി, വളപട്ടണം എസ്‌ഐ, ഡിജിപി, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. വര്‍ഗീയ ചേരിതിവ് നടത്തുകയെന്ന ലക്ഷ്യത്തോടെ കലാപം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചരണങ്ങളുടെ ലക്ഷ്യം. ഇത് ആത്യന്തികമായി ബിജെപിയെ സഹായിക്കുമെന്നും പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന വൈമനസ്യം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പരാതിക്കാരന്‍ പറയുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി പോയിട്ടുണ്ട്.

This post was last modified on April 11, 2019 10:03 am