X

കണക്കല്ല ജനഹിതം എന്ന് നിരന്തരം തെളിയിച്ച മണ്ഡലമാണ് കോഴിക്കോട്; കോഴ വിവാദം രാഘവനെ വീഴ്ത്തുമോ?

2004ല്‍ കേരളം തൂത്തുവാരിയ തിരഞ്ഞെടുപ്പില്‍ ഒഴികെ ഇടതുമുന്നണിക്ക് സമീപകാല തിരഞ്ഞെടുപ്പുകളില്‍ വെന്നിക്കൊടി പാറിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചരിത്രം ഇടതുമുന്നണിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്

ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളേക്കാള്‍ മുന്‍പേ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ഒരൊറ്റ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയേയുള്ളൂ. അത് എം കെ രാഘവനാണ്. അത്രയേറെ ആത്മവിശ്വാസം ഉണ്ടായിരുന്നു എം കെ രാഘവന്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്ക് പാര ഉണ്ടാകില്ലെന്നും മണ്ഡലത്തിലെ ജനങ്ങള്‍ കൈവിടില്ലെന്നും. കോഴിക്കോട് നോര്‍ത്ത് എം എല്‍ എ എ പ്രദീപ് കുമാറിനെ മണ്ഡലം പിടിച്ചെടുക്കാനുള്ള ദൌത്യം ഏല്‍പ്പിച്ച് സി പി എം രംഗത്തിറക്കിയപ്പോഴും രാഘവന്‍ കുലുങ്ങിയില്ല.

എന്നാല്‍ ഏപ്രില്‍ മാസം രാഘവനെ എതിരേറ്റത് ക്രൂരമായിട്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനര്‍ത്ഥിത്വം ഉണ്ടാക്കുന്ന തരംഗവും കൂടിയാകുമ്പോള്‍ വന്‍ വിജയം പ്രതീക്ഷിച്ച രാഘവന് ഇരുട്ടടിപോലെയായി ടി വി 9 ഭാരത് വര്‍ഷയുടെ ഒളിക്യാമറ ഓപ്പറേഷന്‍. കോഴിക്കോട് നഗരത്തില്‍ 15 ഏക്കര്‍ ഭൂമി വാങ്ങിക്കുന്നതിന് ഇടനിലക്കാരനാകാന്‍ എം കെ രാഘവന്‍ തയ്യാറാകുന്നതും കമ്മീഷനായി 5 കോടി തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വാഗ്ദാനം ചെയ്യുന്നതുമായിരുന്നു ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍. എന്നാല്‍ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് വാദിച്ച രാഘവന്‍ പത്രസമ്മേളനത്തില്‍ വെച്ചു പൊട്ടിക്കരയുകയും ചെയ്തു.

എന്തായാലും എ പ്രദീപ് കുമാറിന്റെ ജനപ്രിയതയ്ക്ക് മുന്‍പിലും പിടിച്ചുനില്‍ക്കുമെന്ന് കരുതിയിരുന്ന എം കെ രാഘവന്‍ പ്രചാരണ രംഗത്ത് പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രസംഗ വേദികളില്‍ കോഴ ആരോപണത്തെ പ്രതിരോധിക്കാന്‍ ഐക്യ ജനാധിപത്യ മുന്നണി ഏറെ ബുദ്ധിമുട്ടി. സിപിഎമ്മാണ് ഇതിന്റെ പിന്നിലെന്ന രാഘവന്റെ ആരോപണമൊന്നും ഏശിയില്ല. പോലീസ് കേസ് കൂടി ആയതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി.

തെരഞ്ഞെടുപ്പില്‍ കോഴിക്കോടിന്റെ വിധി നിര്‍ണ്ണയിക്കുക കോഴ ആരോപണം തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അത് മാത്രം മതിയോ എ പ്രദീപ് കുമാറിന് വിജയിക്കാന്‍ എന്ന ചോദ്യം ഇപ്പൊഴും അവശേഷിക്കുന്നു. ഒപ്പം പ്രചാരണത്തിന്റെ ബഹുഭൂരിപക്ഷം ദിവസവും ജയിലില്‍ ആയിരുന്ന ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു ഉയര്‍ത്തുന്ന വെല്ലുവിളിയും പ്രധാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പരിപാടി കോഴിക്കോട് ആയിരുന്നു എന്നതും അതിലെ പ്രവര്‍ത്തകരുടെ പങ്കാളിത്തവും ശക്തമായ മത്സരം കാഴ്ചവെക്കാന്‍ തന്നെയാണ് തങ്ങളുടെ ഉദ്ദേശം എന്നു ബിജെപി തെളിച്ചുപറയുന്നതിന് തുല്യമായി. കോഴിക്കോടും ശബരിമല തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം.

കണക്കും ചരിത്രവും

2009ല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും കോഴിക്കോട് മത്സരിക്കനെത്തിയ എം കെ രാഘവന്‍ ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസിനോട് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എന്നാല്‍ 2014ല്‍ 16883 വോട്ടിന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനെ പരാജയപ്പെടുത്തി മികച്ച വിജയം നേടാന്‍ രാഘവന് കഴിഞ്ഞത് ഏവരെയും അമ്പരപ്പിച്ചു.

അതേസമയം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് നല്‍കുന്ന ചിത്രം പക്ഷേ എം കെ രാഘവന് പ്രതീക്ഷ പകരുന്നതല്ല. ബേപ്പൂര്‍, കുന്നമംഗലം, എലത്തൂര്‍, ബാലുശേരി, കൊടുവള്ളി, കോഴിക്കോട് നോര്‍ത്ത് എന്നീ മണ്ഡലങ്ങള്‍ ഇടതുമുന്നണിയുടെ കയ്യിലാണ് നിലവില്‍. കോഴിക്കോട് സൌത്ത് മാത്രമാണ് യു ഡി എഫ് വിജയിച്ചത്. അതും 6327 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ആറ് മണ്ഡലങ്ങളിലും കൂടി 98,535 വോട്ട് ഇടതു മുന്നണിക്കുണ്ട് എന്നതാണ് അവര്‍ക്കുള്ള ആത്മവിശ്വാസത്തിന്റെ കാതല്‍.

എന്നാല്‍ കണക്കല്ല ജനഹിതം എന്ന് നിരന്തരം തെളിയിച്ച് കൊണ്ടിരിക്കുന്ന മണ്ഡലമാണ് കോഴിക്കോട് എന്നതാണ് അതിന്റെ മുന്‍കാല ചരിത്രം. 2004ല്‍ കേരളം തൂത്തുവാരിയ തിരഞ്ഞെടുപ്പില്‍ ഒഴികെ ഇടതുമുന്നണിക്ക് സമീപകാല തിരഞ്ഞെടുപ്പുകളില്‍ വെന്നിക്കൊടി പാറിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചരിത്രം ഇടതുമുന്നണിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്.

This post was last modified on April 19, 2019 6:54 am