X

ഇടതുപക്ഷത്തിന് ഒരു സീറ്റും കിട്ടരുത്-ചിദാനന്ദപുരി

വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ചെറുത്തുനില്‍ക്കുമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല

ഇടതുപക്ഷത്തിന് ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കണമെന്ന് ശബരിമല കര്‍മ്മസമിതി മുഖ്യ രക്ഷാധികാരി ചിദാനന്ദപുരി. വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ശബരിമല കര്‍മ്മ സമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ചെറുത്തുനില്‍ക്കുമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല പറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടി ഇനിയും കവലകളില്‍ പ്രസംഗിക്കും എന്നു പരിപാടിയില്‍ സംസാരിച്ചുകൊണ്ട് മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പ്രത്യക്ഷ പിന്തുണയുമായി എത്തിയിരിക്കുകയാണ് ശബരിമല കര്‍മ സമിതി. ‘മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്’ എന്നാണ് ബിജെപിക്ക് വേണ്ടി അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ കര്‍മ സമിതി ഇത്തരം മുദ്രാവാക്യങ്ങളുയര്‍ത്തി ബോര്‍ഡുകളും നാമജപങ്ങളും ആരംഭിച്ചു കഴിഞ്ഞു. ‘ഒളിപ്പിച്ചുകടത്തിയതും ഓടിച്ചിട്ടടിച്ചതും ഓര്‍മയിലുണ്ടാവും ‘നെഞ്ചിലെന്നും കനലായെരിയും ഈ കിരാതവാഴ്ച’ എന്ന വാക്യങ്ങളുമായി കേരളത്തിന്റെ വിവിധയിടങ്ങളില്‍ കൂറ്റന്‍ ഫ്‌ളക്‌സുകള്‍ വെച്ചിട്ടുണ്ട്. ശബരിമല വിഷയമുന്നയിക്കുന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്നാണ് കര്‍മസമിതി നേതാവ് ചിദാനന്ദപുരി ഇന്നലെ പറഞ്ഞത്.

അതേസമയം തെക്കേ ഇന്ത്യയില്‍ ശബരിമല മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നു എന്ന സൂചന നല്‍കുന്നതായിരുന്നു ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രണ്ടു പ്രസംഗങ്ങളും. ശബരിമല വിഷയത്തില്‍ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും മുസ്ലിം ലീഗും അപകടകമായ കളി കളിക്കുന്നുവെന്നാണ് തമിഴ്നാട് മോദി രാമനാഥ പുരത്ത് പ്രസംഗിച്ചത്. ശബരിമലയുടെ പേരില്‍ സമരം നടത്തിയവരെ കേരളത്തില്‍ ജയിലില്‍ അടയ്ക്കുകയാണ് എന്നാണ് മംഗളൂരുവില്‍ മോദി പറഞ്ഞത്.