X

വോട്ടറോട് താമരയില്‍ കുത്താന്‍ പറഞ്ഞ ബിജെപി പോളിംഗ് ഏജന്റിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

നിരക്ഷരയായ സ്ത്രീയെ സഹായിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് ബിജെപി ഏജന്റിന്റെ വിശദീകരണം.

ഹരിയാനയില്‍ ഫരീദാബാദിലുള്ള പോളിംഗ് ബൂത്തില്‍ വോട്ടറോട് താമര ചിഹ്നത്തിന് നേരെ വിരലമര്‍ത്താന്‍ ആവശ്യപ്പെട്ട ബിജെപി പോളിംഗ് ഏജന്റിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. മൂന്ന് സ്ത്രീകളോടാണ് ബിജെപി പോളിംഗ് ഏജന്റ് ഗിരിരാജ് സിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫരീദാബാദിലെ അസോട്ടി ഗ്രാമത്തിലാണ് സംഭവം. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഗിരിരാജ് സിംഗിന് ജാമ്യം ലഭിച്ചു.

നിരക്ഷരയായ സ്ത്രീയെ സഹായിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് ബിജെപി ഏജന്റിന്റെ വിശദീകരണം. അതേസമയം പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേയ് 19ന് ഇവിടെ റീ പോളിംഗ് നടത്താന്‍ തീരുമാനിച്ചു. ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ഗിരിരാജ് സിംഗിനെതിരെ കേസെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ അമിത് അത്രിയെ സസ്‌പെന്‍ഡ് ചെയ്തതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തെറ്റായ രീതിയില്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് മൈക്രോ ഒബ്‌സര്‍വര്‍ സൊണാല്‍ ഗുലാത്തിയെ മൂന്ന് വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ബാര്‍ ചെയ്തു. റിട്ടേണിംഗ് ഓഫീസറ സ്ഥലം മാറ്റി. ബിജെപിക്ക് വോട്ട് ചെയ്യാന്‍ ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടതായി സ്ത്രീകളിലൊരാള്‍ എന്‍ഡിടിവിയോട് പറഞ്ഞു. താമരയ്ക്ക് നേരെയുള്ള ബട്ടനില്‍ അമര്‍ത്താന്‍ അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് ഞാനാണ് എന്ന് ഞാന്‍ പറഞ്ഞു. ഇഷ്ടമുള്ള പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞു – അസോട്ടിയിലെ ശോഭ എന്ന സ്ത്രീ പറഞ്ഞു.

തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

മകള്‍ക്ക് സുഖമില്ലാത്തതില്‍ ആരോടും പരാതി പറയാതെയാണ് പോളിംഗ് ബൂത്ത് വിട്ടത് എന്നാണ് വോട്ടര്‍ പറഞ്ഞത്. അതേസമയം അസോട്ടിയിലെ 88ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നു. ഗിരിരാജ് സിംഗ് വോട്ട് ചെയ്യുന്നയാളുടെ അടുത്ത് പോയി നിര്‍ദ്ദേശം നല്‍കുന്നതായി കാണാം. മറ്റ് രണ്ട് സ്ത്രീ വോട്ടര്‍മാരോടും ഗിരിരാജ് ഇങ്ങനെ പെരുമാറുന്നു. അതേസമയം മറ്റുള്ളവര്‍ വോട്ട് ചെയ്യുമ്പോള്‍ വോട്ടിംഗ് മെഷീന് സമീപത്തേയ്ക്ക് പോകുന്നത് ചട്ടലംഘനമാണ് എന്ന് അറിയില്ലായിരുന്നു എന്ന് ഗിരിരാജ് സിംഗ് പറയുന്നു.

This post was last modified on May 14, 2019 7:14 am